KeralaLatest NewsNewsIndia

എൽഐസിയെ വിൽക്കാൻ സമ്മതിക്കില്ല, ബിജെപിക്കാർ തെറിയും ട്രോളും അവസാനിപ്പിക്കണം: തോമസ് ഐസക്

തിരുവനന്തപുരം: എൽഐസിയെ സ്വകാര്യവൽക്കരിക്കാൻ സമ്മതിക്കില്ലെന്ന നിലപാടുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ബിജെപിക്കാർ എന്റെ പോസ്റ്റിന് താഴെയുള്ള തെറിയും ട്രോളും അവസാനിപ്പിക്കണമെന്നും കാര്യങ്ങൾ മനസ്സിലാക്കണമെന്നും തോമസ് ഐസക് പറയുന്നു.

‘Also Read:‘കൃഷ്ണ പ്രസാദ് എം.എല്‍.എയുടെ കുടുംബത്തിന്റെ കൈവശവും റവന്യൂ ഭൂമി’: 12 വര്‍ഷത്തിന് ശേഷം ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി

എന്റെ പോസ്റ്റിനു കീഴിൽ ബിജെപിക്കാരും യുഡിഎഫുകാരും ഒരുമിച്ച് അണിനിരക്കുന്നതു കാണാൻ കൗതുകമുണ്ട്. പക്ഷെ മഹാഭൂരിപക്ഷംപേർക്കും വാദമൊന്നും ഇല്ല. എൽഐസി സ്വകാര്യവൽക്കരണത്തിന് എതിരായ പോസ്റ്റിനു കീഴിൽ മുഖ്യമായും ബിജെപിക്കാരാണ് വന്നിരിക്കുന്നത്. സ്വകാര്യവൽക്കരണത്തിനെ എന്തിന് എതിർക്കണം? ഇപ്പോൾതന്നെ ഇൻഷ്വറൻസിൽ സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടല്ലോ? ഉണ്ട്. എതിർപ്പ് എൽഐസി സ്വകാര്യവൽക്കരിക്കുന്നതിനോടാണ്. മൂന്നുണ്ട് കാരണങ്ങൾ’, തോമസ് ഐസക് ഫേസ്ബുക് കുറിപ്പിൽ വ്യക്തമാകുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

എന്റെ പോസ്റ്റിനു കീഴിൽ ബിജെപിക്കാരും യുഡിഎഫുകാരും ഒരുമിച്ച് അണിനിരക്കുന്നതു കാണാൻ കൗതുകമുണ്ട്. പക്ഷെ മഹാഭൂരിപക്ഷംപേർക്കും വാദമൊന്നും ഇല്ല. ട്രോളാണെങ്കിൽ പിന്നെയും രസിക്കാമായിരുന്നു. തെറിയോടാണ് ആഭിമുഖ്യം. എന്നതുകൊണ്ട് ഞാൻ എഴുത്ത് നിർത്തുമെന്നോ നിലപാട് മാറ്റുമെന്നോ എന്നൊന്നും വിചാരിക്കരുതേ.

എൽഐസി സ്വകാര്യവൽക്കരണത്തിന് എതിരായ പോസ്റ്റിനു കീഴിൽ മുഖ്യമായും ബിജെപിക്കാരാണ് വന്നിരിക്കുന്നത്. സ്വകാര്യവൽക്കരണത്തിനെ എന്തിന് എതിർക്കണം? ഇപ്പോൾതന്നെ ഇൻഷ്വറൻസിൽ സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടല്ലോ? ഉണ്ട്. എതിർപ്പ് എൽഐസി സ്വകാര്യവൽക്കരിക്കുന്നതിനോടാണ്. മൂന്നുണ്ട് കാരണങ്ങൾ.

ഒന്ന്) എൽഐസി ഇന്നും സ്വകാര്യ കമ്പനികളേക്കാൾ കാര്യക്ഷമമായിട്ടാണു പ്രവർത്തിക്കുന്നത്. എൽഐസി രൂപീകരിക്കുമ്പോൾ ലൈഫ് ഫണ്ട് ജിഡിപിയുടെ 1 ശതമാനത്തിൽ താഴെയായിരുന്നു. 2001-ൽ ഇത് 8.9 ശതമാനമായി ഉയർന്നു. ഇന്നിപ്പോൾ 12 ശതമാനമെങ്കിലും ഉണ്ടാവും. എൽഐസിയുടെ ഓപ്പറേറ്റിംഗ് ചെലവ് പ്രീമിയത്തിന്റെ 8.68 ശതമാനമേ വരൂ. സ്വകാര്യകമ്പനികളുടേത് 11.72 ശതമാനമാണ്. ഇന്നും ഇൻഷ്വറൻസ് ബിസിനസിന്റെ 65 ശതമാനം എൽഐസിയുടേതാണ്. ലോകത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനിയാണ്. അതുകൊണ്ട് കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് സ്വകാര്യവൽക്കരണം എന്നതിന് അർത്ഥമില്ല. ഒരു കണക്കും വസ്തുതയുടെയും പിൻബലമില്ലാതെ എൽഐസി ജീവനക്കാരെ ആക്ഷേപിക്കുന്നതാണ് ഒട്ടേറെ പ്രതികരണങ്ങൾ.

രണ്ട്) ഇതുവരെ നടന്ന സ്വകാര്യവൽക്കരണം പൊതുസ്വത്തിന്റെ കൊള്ളയാണ്. നാട്ടിൽനിന്നും നികുതിപിരിച്ച് ഉണ്ടാക്കിയ സ്ഥാപനങ്ങളാണ്. ന്യായമായ വിലപോലും ലഭ്യമാക്കാതെ ശിങ്കിടി മുതലാളിമാർക്ക് എഴുതി നൽകുകയാണ്. ഏതാനും ദിവസം മുമ്പ് സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് എഴുതിയിരുന്നു (https://www.facebook.com/thomasisaaq/posts/5439060809443349). ആ പോസ്റ്റ് ഒന്നുകൂടി വായിച്ചിട്ട് എഴുതുക. എങ്ങനെ ബിജെപിക്കാർക്ക് ആ വിൽപ്പനയെ ന്യായീകരിക്കാൻ കഴിയും? അതുകൊണ്ട് എൽഐസിയുടെ വാല്യുവേഷൻ നടപടികൾ നാട്ടിൽ പരസ്യമായി ചർച്ച ചെയ്യട്ടെ.

എന്നാൽ വന്നൊരു വിമർശനം സ്വകാര്യവൽക്കരണമില്ലല്ലോ, 10 ശതമാനം ഷെയറല്ലേ വിൽക്കുന്നുള്ളൂ. ബാക്കി 90 ശതമാനം ഷെയറും സർക്കാരിന്റെ പക്കൽതന്നെയല്ലേ. ഇപ്പോൾ 10 ശതമാനം. 5 വർഷത്തിനുള്ളിൽ 25 ശതമാനം. പിന്നെ 49 ശതമാനം ഷെയർ വിൽക്കും. ഇത്രയും സർക്കാർ ഉത്തരവിൽ ഉണ്ട്. അതുകഴിഞ്ഞുള്ള കഥ – 49 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിനു മുകളിൽ ഷെയറുകൾ വിൽക്കുന്നതിനു ഭരണഘടനാ ഭേദഗതിയൊന്നും വേണ്ടല്ലോ. അതുകൊണ്ടാണ് 10 ശതമാനം വിൽപ്പനയെ സ്വകാര്യവൽക്കരണത്തിനു തുടക്കമെന്നു പറയുന്നത്.

മൂന്ന്) സ്വകാര്യവൽക്കരണം നാടിന്റെയും പോളിസി ഉടമസ്ഥരുടെയും താൽപ്പര്യങ്ങൾക്കു വിരുദ്ധമാണ്. നാടിനെ എങ്ങനെ ബാധിക്കുമെന്നുള്ളത് പിന്നീട് എഴുതാം. പോളിസി ഉടമസ്ഥരെ 5 തരത്തിൽ പ്രതികൂലമായി ബാധിക്കുമെന്നാണ് കഴിഞ്ഞ പോസ്റ്റിൽ ഞാൻ വിശദീകരിച്ചത്. ഇതിനെതിരായിട്ടാണ് വെല്ലുവിളികൾ. ആദ്യം സ്വകാര്യവൽക്കരണം പോളിസി ഉടമകൾക്കു ലഭിക്കുന്ന ബോണസ് ഇല്ലാതാക്കുമെന്ന വിമർശനത്തിനോടുള്ള പ്രതികരണങ്ങൾ പരിശോധിക്കാം.

ആദ്യം വ്യക്തമാക്കേണ്ടത് പാശ്ചാത്യരാജ്യങ്ങളിലെ ഇൻഷ്വറൻസ് കമ്പനികൾക്ക് ഇന്ത്യയിലെപോലെ ബോണസ് കൊടുക്കുന്ന ഏർപ്പാട് ഇല്ല. അവിടെ ഇൻഷ്വറൻസ് കേവലം റിസ്ക് കുറയ്ക്കാനുള്ള ഇൻസ്ട്രമെന്റ് മാത്രമാണ്. എന്നാൽ ഇന്ത്യയിൽ 1956-ൽ എൽഐസി രൂപീകരിച്ചപ്പോൾ നാം വ്യത്യസ്തമായ ഒരു മോഡലാണ് സ്വീകരിച്ചത്. താഴ്ന്ന വരുമാനക്കാരുടെ രാജ്യത്ത് റിസ്ക് കുറയ്ക്കുന്നതിനുവേണ്ടി മാത്രമല്ല, അതോടൊപ്പം സാധാരണക്കാരുടെ സമ്പാദ്യം സ്വരൂപിക്കാനുള്ള സംവിധാനമായിക്കൂടി ഇൻഷ്വറൻസ് ഉപയോഗപ്പെടണം എന്നായിരുന്നു കാഴ്ച്ചപ്പാട്. അതുകൊണ്ട് എൽഐസി പോളിസി ഉടമകൾക്കു വേണ്ടിയുള്ള ഒരു ട്രസ്റ്റെന്ന പോലെയാണ് നാളിതുവരെ പ്രവർത്തിച്ചുവന്നത്. വർഷംതോറും ഉണ്ടാകുന്ന ലാഭത്തിൽ 5 ശതമാനം ഉടമസ്ഥനായ സർക്കാരിനും ബാക്കി തുക പോളിസി ഉടമകൾക്കിടയിൽ വിതരണം ചെയ്യുന്ന രീതിയാണ് അവലംബിച്ചത്. ഇതുവഴി ആർജ്ജിച്ച വിശ്വാസമാണ് കേവലം 5 കോടി രൂപ മാത്രം മുതൽമുടക്ക് ഉണ്ടായിരുന്ന ഈ സ്ഥാപനത്തെ 36 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഒന്നായി വളർത്തിയത്. ഇതു ലോകത്തെങ്ങുമില്ലാത്ത ഒരു അനുഭവമാണ്.

കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോകവെയാണ് 1999-ൽ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (IRDA) ആക്ട് ഭേദഗതി ചെയ്ത് സ്വകാര്യ കമ്പനികൾക്ക് ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കാൻ അനുവാദം നൽകിയത്. സ്വകാര്യ കമ്പനികളുടെ ലക്ഷ്യം പരമാവധി ലാഭം ഓഹരി ഉടമസ്ഥർക്കു കൊടുക്കുകയാണ്. 5 ശതമാനം ലാഭം ഓഹരി ഉടമകൾക്കു കൊടുത്താൽ പോരാ. അങ്ങനെയാണ് IRDA-യിൽ 10 ശതമാനം ലാഭം ഓഹരി ഉടമകൾക്കു കൊടുക്കണമെന്നു വ്യവസ്ഥ ചെയ്തത്. എന്നുവച്ചാൽ ബോണസ് 95 ശതമാനത്തിൽ നിന്നും 90 ശതമാനമാക്കി.

പാർലമെന്റിലെ പ്രത്യേക നിയമ പ്രകാരമാണ് എൽഐസി രൂപീകരിച്ചിട്ടുള്ളത് എന്നു പറഞ്ഞ് എൽഐസി ഇതിനു വഴങ്ങിയില്ല. അതുകൊണ്ട് 2011-ലെ എൽഐസി നിയമ ഭേദഗതി വരുത്തിയപ്പോൾ എൽഐസിയുടെ ബോണസ് അനുപാതവും 90:10 ആയി വ്യവസ്ഥ ചെയ്തു. എന്നാൽ ഓരോ തടസ്സങ്ങൾ പറഞ്ഞ് ഇത് നടപ്പാക്കാതിരിക്കുകയായിരുന്നു. 2021-ലെ ധനകാര്യ ബില്ലിനോടൊപ്പം എൽഐസി ആക്ട് ഭേദഗതിയിൽ വ്യക്തതവരുത്തിക്കൊണ്ട് എൽഐസിയുടെ മേലും പുതിയ അനുപാതം നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചു. എൽഐസി സ്വകാര്യവൽക്കരിക്കപ്പെടുകയും പരമാവധി ലാഭം ലക്ഷ്യമാവുകയും ചെയ്യുമ്പോൾ ഈ അനുപാതത്തിന് എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഒരു സുഹൃത്ത് എച്ച്.ഡി.എഫ്.സി ഇൻഷ്വറൻസ് കമ്പനിയുടെ ബോണസ് പ്രഖ്യാപനത്തിന്റെ വാർത്ത ചിത്രമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാൻ നുണ പറഞ്ഞൂവെന്നാണ് ആക്ഷേപം. ഇന്ത്യയിൽ ഇന്ന് രണ്ടുതരത്തിലുള്ള ലൈഫ് ഇൻഷ്വറൻസ് പോളിസികളാണുള്ളത്. പാർട്ടിസിപ്പേറ്റിംഗ് പോളിസിയും നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസിയും. അല്ലെങ്കിൽ സമ്പാദ്യവുമായി ബന്ധപ്പെടുത്തിയുള്ള റിസ്ക് ഇൻഷ്വറൻസ് പോളിസിയും അത്തരം ബന്ധമില്ലാത്ത ഇൻഷ്വറൻസ് പോളിസിയും. ആദ്യത്തേതിന്റെ പ്രീമിയത്തിൽ മൂന്നു ഘടകങ്ങളാണുള്ളത്: റിസ്കിനുള്ള പ്രീമിയം + നടത്തിപ്പ് ചെലവ് + സമ്പാദ്യ അടവ്. രണ്ടാമത്തേതിൽ സമ്പാദ്യം ഉണ്ടാവില്ല. ബോണസ് ലഭിക്കുന്നത് പാർട്ടിസിപ്പേറ്റിംഗ് പോളിസി ഉടമകൾക്കാണ്.

ഇതിനു പുറമേ ഇപ്പോൾ യുലീപ് പോളിസികൾ കൂടുതൽ പ്രചാരംസിദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ അടയ്ക്കുന്ന പ്രീമിയത്തിന്റെ സമ്പാദ്യഘടകം സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിച്ച് ഉടമസ്ഥന് ഇൻഷ്വറൻസിനു പുറമേ ഡിവിഡന്റുകൂടി നൽകുന്ന പദ്ധതിയാണ്. പിന്നെ, പെൻഷനുമായി ബന്ധിപ്പിച്ച ഇൻഷ്വറൻസുമുണ്ട്.

ഇനിയാണ് എന്റെ വിമർശകർ തന്ത്രപൂർവ്വം മറച്ചുവച്ച വസ്തുത: എൽഐസിയുടെ 80 ശതമാനം പോളിസികളും പാർട്ടിസിപ്പേറ്റിംഗ് പോളിസികളാണ്. ഈ പോളിസി ഉടമകൾക്ക് നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസികൾകൊണ്ട് ഉണ്ടാകുന്ന ലാഭത്തിന്റെ 90 ശതമാനവും വിതരണം ചെയ്യും. അതേസമയം, സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ 65-70 ശതമാനം പോളിസികളും നോൺ പാർട്ടിസിപ്പേറ്റിംഗ് അല്ലെങ്കിൽ യുലീപ് പോളിസികളാണ്. ഇവയ്ക്ക് ബോണസ് ഇല്ല. ഇവിടെയുണ്ടാകുന്ന ലാഭത്തിൽ നിന്നും പാർട്ടിസിപ്പേറ്റിംഗ് പോളിസി ഉടമസ്ഥർക്കു ബോണസും നൽകേണ്ടതില്ല. തങ്ങളെപ്പോലെയേ എൽഐസിയും പ്രവർത്തിക്കാവൂവെന്ന വാദവുമായിട്ടാണ് ഇപ്പോൾ അവർ നടക്കുന്നത്.

ഈയൊരു സാഹചര്യത്തിൽ എൽഐസി സ്വകാര്യവൽക്കരിക്കപ്പെട്ടാൽ എൽഐസിയുടെ 40 കോടിയോളം വരുന്ന പോളിസി ഉടമകളുടെ ഡിവിഡന്റ് ബോണസിന് എന്തു സംഭവിക്കുമെന്ന് നിങ്ങൾ തന്നെ ചിന്തിക്കുക. എൽഐസി സ്വകാര്യവൽക്കരണത്തിനെതിരെ പോളിസി ഉടമകൾ സംഘടിക്കേണ്ടതുണ്ട്.
ബിജെപിക്കാരോട്: തെറിയും ട്രോളും അവസാനിപ്പിച്ച് എന്തെങ്കിലും മറുവാദം ഉണ്ടെങ്കിൽ വന്നാട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button