Latest NewsNewsIndia

‘പണത്തിന് വേണ്ടി അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി, ആരോരുമില്ലാതെ അമ്മ തെരുവിൽ കിടന്ന് മരിച്ചു’: സിദ്ദുവിനെതിരെ സഹോദരി

ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് പത്രിക സമർപ്പിക്കാനൊരുങ്ങവേ, സിദ്ദുവിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി സുമന്‍ രംഗത്ത്. അച്ഛന്‍റെ മരണശേഷം സിദ്ദു അമ്മയെ ഉപേക്ഷിച്ചുവെന്നും റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ആരോരുമില്ലാതെയാണ് അമ്മ മരിച്ചതെന്നും സുമൻ ആരോപിച്ചു. സുമന്റെ വെളിപ്പെടുത്തൽ സിദ്ദുവിന് ഗുണം ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

1986-ൽ ആണ് സിദ്ദുവിന്റെ പിതാവ് മരണപ്പെട്ടത്. പിതാവിന്റെ മരണശേഷം അമ്മയെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് സിദ്ദു ആണ് എന്നാണ് സഹോദരി വെളിപ്പെടുത്തുന്നത്. കുടുംബ സ്വത്ത് തട്ടിയെടുക്കാനായിരുന്നു സിദ്ദു അമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയതെന്നും സഹോദരി സുമൻ പറയുന്നു. അമ്മയ്‌ക്കൊപ്പം തന്നെയും സഹോദരൻ പുറത്താക്കുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. ചണ്ഡീഗഢിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ആരോരും തുണയില്ലാതെ അമ്മ റെയിൽവേ സ്റ്റേഷനിൽ വെച്ച് മരണപ്പെടുകയായിരുന്നുവെന്നും സുമൻ കണ്ണീരോടെ പറയുന്നു.

Also Read:മദ്യപിച്ച് ആംബുലൻസിലേക്ക് കാറിടിച്ച് കയറ്റി പോലീസുകാരൻ, കേസ് ആംബുലൻസ് ഡ്രൈവർക്കെതിരെ

‘ഞങ്ങൾ കഠിനമായ സാഹചര്യങ്ങൾ സഹിച്ചു. നാല് മാസത്തോളം അമ്മ ആശുപത്രിയിലായിരുന്നു. ഞാൻ പറയുന്നത് ആരോപണങ്ങൾ അല്ല എന്ന് തെളിയിക്കുന്ന ഡോക്യുമെന്ററി തെളിവുകൾ എന്റെ പക്കൽ ഉണ്ട്. മൂത്ത സഹോദരിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അപകട മരണത്തിൽ അനുശോചനം അറിയിക്കാൻ പോലും സിദ്ദു വന്നില്ല. മരവിച്ച മനസുള്ളവനാണ് അയാൾ. 1986-ൽ തന്റെ പിതാവ് ഭഗവന്ത് സിദ്ദുവിന്റെ മരണത്തിന് ശേഷമാണ് ഞങ്ങളുടെ കഷ്ടകാലം ആരംഭിച്ചത്. സിദ്ദു ഞങ്ങൾക്ക് ഒരു പേടി സ്വപ്നമായി മാറി. നവജ്യോത് സിംഗ് സിദ്ധു പണത്തിന് വേണ്ടി ഞങ്ങളുടെ അമ്മയെ ഉപേക്ഷിച്ചു. സിദ്ദുവിൽ നിന്ന് ഞങ്ങൾക്ക് പണമൊന്നും ആവശ്യമില്ല’, സുമൻ പറഞ്ഞു.

സ്വന്തം അമ്മയെയും സഹോദരിയെയും സംരക്ഷിക്കാതെ പെരുവഴിയിലേക്ക് ഇറക്കിവിട്ടയാൾ, കുടുംബസ്വത്തിന് വേണ്ടി ബന്ധുക്കളെ ചതിച്ചയാൾ എങ്ങനെയാണ് നാട് നന്നാക്കുക എന്നും ഇവർ ചോദിക്കുമ്പോൾ സമാന സംശയമാണ് പ്രതിപക്ഷവും ഉന്നയിക്കുന്നത്.

അതേസമയം, സഹോദരിയുടെ വെളിപ്പെടുത്തലിനു പുല്ലുവില നൽകിയാണ് സിദ്ദു മുന്നോട്ട് പോകുന്നത്. അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയ ആണ് അമൃത്സർ ഈസ്റ്റ് മണ്ഡലത്തില്‍ സിദ്ദുവിന്‍റെ എതിരാളി. നിലവില്‍ അധികാരം കൈയാളുന്ന കോണ്‍ഗ്രസ് കടുത്ത മത്സരമാണ് പഞ്ചാബില്‍ നേരിടുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, നവ്‌ജോത് സിദ്ദു എന്നിവരോടൊപ്പം രാഹുല്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. സിദ്ദുവിനെതിരെയുള്ള സഹോദരിയുടെ ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് എന്താണ് പറയാനുള്ളതെന്നും ചോദ്യമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button