KeralaLatest NewsIndia

മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി നേതാവുമായ ഹരി എസ്. കർത്ത ഗവർണറുടെ അഡീഷണൽ പിഎ: നിയമനത്തിന് സർക്കാർ അംഗീകാരം

നിലവിലെ ഗവർണറുടെ കാലാവധി അവസാനിക്കുന്നത് വരെയാണ് നിയമനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ ഹരിഎസ് കർത്തയെ നിയമിച്ചു. നിയമനം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിലെ ഗവർണറുടെ കാലാവധി അവസാനിക്കുന്നത് വരെയാണ് നിയമനം. ഗവർണറുടെ ഓഫീസിലെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.

ജനുവരി അവസാന വാരമാണ് നിയമനവുമായി ബന്ധപ്പെട്ട ഫയൽ സെക്രട്ടറിയേറ്റിലെത്തിയത്. കഴിഞ്ഞ ആഴ്‌ച്ച ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിരുന്നു. അന്ന് തന്നെ ഹരി എസ് കർത്ത ഗവർണറുടെ ഓഫീസിലെത്തി സ്ഥാനം ഏറ്റെടുത്തു.

ജന്മഭൂമി മുൻ പത്രാധിപരായ ഹരി എസ് കർത്ത കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ മാദ്ധ്യമവിഭാഗം മേധാവിയായിരുന്നു. 30 വർഷത്തിലധികമായി ഇദ്ദേഹം മാദ്ധ്യമരംഗത്ത് സജീവമാണ്. ഫിനാൻഷ്യൽ എക്‌സ്പ്രസ്, എക്കണോമിക് ടൈംസ് എന്നീ മാദ്ധ്യമസ്ഥാപനങ്ങളിലെ ബ്യൂറോ ചീഫ് ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി സർക്കാരും രംഗത്തെത്തി. സജീവ രാഷ്ട്രീയത്തിലുള്ള ഒരാളെ രാജ്ഭവനിൽ നിയമിക്കുന്ന കീഴ്‌വഴക്കം സംസ്ഥാനത്ത് ഇല്ല. മാത്രമല്ല, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി നേരിട്ട് ബന്ധം പുലർത്തുകയോ അല്ലെങ്കിൽ അത്തരത്തിൽ സജീവമായി ബന്ധമുള്ളവരേയോ നിയമിക്കുന്ന രീതിയും കേരളത്തിൽ ഇല്ല. അത്തരം ഒരു കീഴ്‌വഴക്കം തുടരുന്നത് തന്നെയാണ് നല്ലത്.

എന്നാൽ ഗവർണർ ഇക്കാര്യത്തിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ഈ നിയമനം അംഗീകരിക്കുന്നു എന്ന് അറിയിച്ചു കൊണ്ടാണ് സംസ്ഥാന പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ കത്ത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button