Latest NewsKeralaNattuvarthaNewsSex & RelationshipsDevotionalSpiritualityTravel

ആർക്കും ആരോടും എപ്പോഴും തോന്നിയേക്കാവുന്ന ദൈവികമായ ഒരു പ്രാർഥനയാണ് പ്രണയം

പ്രണയത്തിനപ്പുറം മറ്റെന്താണ് ഭൂമിയിൽ ഇത്രയും മനോഹരമായിട്ടുള്ളത്

പ്രണയമുള്ളതു കൊണ്ട് മാത്രമാണ് ഈ ഭൂമി ഇന്നും നിലനിൽക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഒരുപക്ഷേ തമാശയായി തോന്നിയേക്കാം. പക്ഷേ, ആ തമാശയിലും വലിയൊരു സത്യം നിലനിൽക്കുന്നുണ്ട്. വേരു മുതൽക്ക് വെളിച്ചം വരെ തമ്മിൽ ഒട്ടി പിടിക്കാൻ തുടങ്ങിയതു മുതലാണ് ഭൂമിയിൽ ജീവന്റെ കണികകൾ രൂപപ്പെട്ടത്. പലരിലും വ്യത്യസ്ത തരത്തിലാണ് പ്രണയം രൂപപ്പെടുന്നത്. മനുഷ്യൻ മുതൽക്ക് മണ്ണു വരെയ്ക്ക് പ്രണയത്തിൽ സൃഷ്ടിക്കപ്പെട്ടതാണ്. ഒന്നു മറ്റൊന്നിനോടു ചേർന്നു കൊണ്ട് മാത്രമാണ് ഇവിടെ നിലനിൽപ്പിന്റെ കവിതകൾ എഴുതുന്നത്.

Also Read:സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ ഇടിവ്

പ്രണയമുള്ളതു കൊണ്ട് മാത്രമാണ് ഭൂമിയിൽ സംഗീതവും, കവിതയും, കഥകളും, സിനിമകളും, എന്തിന് യാത്രകൾ പോലും ഉണ്ടായത്. ആർക്കും ആരോടും എപ്പോഴും തോന്നിയേക്കാവുന്ന ദൈവികമായ ഒരു പ്രാർഥനയാണ് പ്രണയം. അതിന് മതിൽക്കെട്ടുകൾ ഇല്ല, അതിന് പരാതികളോ അതിരുകളോ ഇല്ല, പ്രണയം എപ്പോഴും സ്വതന്ത്രമാണ്, കൂട്ടിലടയ്ക്കപ്പെടാത്ത പക്ഷികളെപ്പോലെ, സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെ, കാടിനകത്തെ വന്യതയിലെ മരങ്ങളെ പോലെ.

മാനുഷികവൽക്കരിക്കുമ്പോൾ മാത്രമാണ് പ്രണയത്തിന് പരിമിതികൾ ഉണ്ടാകുന്നത്. സ്വന്തമാക്കുക എന്ന ലേബലിലേക്ക് പ്രണയം ചെന്നെത്തുന്നതും അവിടെയാണ്. ഖലീൽ ജിബ്രാൻ പറഞ്ഞതുപോലെ സൗന്ദര്യമുള്ള എന്തിനെയും മനുഷ്യൻ നശിപ്പിച്ചു കളയും. പ്രണയത്തിലും അതുതന്നെയാണ് സംഭവിച്ചത്. ഇക്കാണുന്നതൊന്നും പ്രണയം അല്ല എന്ന് പറയാൻ തക്കവണ്ണം മറ്റൊരാളെ കീഴ്പ്പെടുത്തുന്ന, അടിമയാക്കുന്ന ഒരു ചട്ടക്കൂടിലേക്ക് മനുഷ്യൻ പ്രണയത്തെ മാറ്റി എഴുതിക്കഴിഞ്ഞു. അതിന് നിർവ്വചനങ്ങൾ ഉണ്ടായി. വിവാഹത്തിലേക്കും, ലിംഗത്തിലേക്കും, എന്തിന് ജാതിയിലേക്ക് മതത്തിലേക്കും വരെ പ്രണയത്തിന്റെ വികൃത രൂപങ്ങളെ മനുഷ്യൻ തള്ളിക്കയറ്റി.

‘മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ’,
എന്ന് കവി റഫീഖ് അഹമ്മദ് എഴുതുമ്പോൾ, അതിന് വൈകാരികമായ, അത്രമേൽ അടുപ്പമുള്ള ഒരു രൂപം കൈവരുന്നുണ്ട്. ‘വരിക സഖീ അരികത്ത് ചേർന്ന് നില്ക്കു പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നിൽക്കാം’, എന്ന് കക്കാടിന്റെ വരികളിലും പ്രണയത്തിലെ കൊടുക്കൽ വാങ്ങലുകളുടെ അനിർവചനീയമായ നിഷ്കളങ്കത നിലനിൽക്കുന്നുണ്ട്. ഇത്രത്തോളം കവിതകളും, ലൈലാ മജ്നുവിന്റെ പ്രണയ കാവ്യങ്ങളും, റൂമിയുടെയും, ഖലീൽ ജിബ്രാന്റെയും ജീവിതകഥകൾ ഉണ്ടായിട്ടും പ്രണയം എങ്ങനെയാണ് മനുഷ്യനെ കൊല്ലുന്ന തരത്തിലേക്ക് മൊഴി മാറ്റപ്പെട്ടത്. നിരസിക്കപ്പെടുമ്പോൾ കൊന്നു കളയേണ്ടത് ഒന്നാണ് സ്നേഹം എന്ന തോന്നലിലേക്ക് എങ്ങനെയാണ് മനുഷ്യൻ എത്തപ്പെട്ടത്.

പ്രണയത്തിന്റെ സൗന്ദര്യം ഒരിക്കലും സ്വന്തമാക്കലുകളിൽ മാത്രമായി ഒതുങ്ങി പോകുന്നില്ല. അതിനു പ്രായമോ നിറമോ ലിംഗമൊ ഒന്നുമില്ല. പ്രണയത്തിൽ ഉള്ളത് പ്രണയം മാത്രമാണ്. കാണാതാകുമ്പോൾ ഉള്ളിൽ നിന്ന് കൊളുത്തി വലിക്കുന്ന സ്നേഹത്തിന്റെ സൂചികൾ, കണ്ടു കഴിയുമ്പോൾ കണ്ണുകളിൽ മിന്നിമറയുന്ന നിലാവെട്ടങ്ങൾ, സ്വന്തമല്ലാതിരുന്നിട്ടും സ്വന്തമെന്ന് കരുതി നെയ്തെടുക്കുന്ന സ്വപ്നങ്ങൾ പ്രണയം അങ്ങനെയാണ്. അതിൽ അരുതുകൾ ഇല്ല, അതിരുകളും ഇല്ല.

പ്രണയം എപ്പോഴും നിഷ്കളങ്കമാണ്, കാണുന്നതിനോട് എല്ലാം അനുകമ്പയുണ്ടാകലാണ്, പ്രണയം എപ്പോഴും പ്രപഞ്ചത്തെ പോലും തോൽപ്പിക്കാൻ തക്ക ശക്തിയുള്ളതാണ്. ഭൂമിയുടെ നിലനിൽപ്പിന് നല്ല പ്രണയങ്ങൾ ഇനിയും ഉണ്ടാവണം. മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും സഹജീവികളും തമ്മിലും, മനുഷ്യനും കാടും തമ്മിലും, മനുഷ്യനും സമുദ്രവും തമ്മിലും പ്രണയങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം. പ്രണയത്തിനപ്പുറം മറ്റെന്താണ് ഭൂമിയിൽ ഇത്രയും മനോഹരമായിട്ടുള്ളത്.

-സാൻ
കടപ്പാട്: മുഖം മാസിക

shortlink

Related Articles

Post Your Comments

Related Articles


Back to top button