KeralaLatest NewsIndiaNews

തിരിച്ചെത്തിയവരെ ബഹുമാനത്തോടെ കൈകൂപ്പി സ്വീകരിക്കുന്ന കേന്ദ്രമന്ത്രി: കണ്ട ഭാവം നടിക്കാതെ വിദ്യാർത്ഥികൾ, വിമർശനം

ന്യൂഡൽഹി: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പന്ത്രണ്ടാം ദിവസമെടുക്കുമ്പോൾ, ഏകദേശം പകുതിയിലധികം ഇന്ത്യക്കാരും നാട്ടിലെത്തി. ഇനി അവശേഷിക്കുന്നത് സുമിയിലെ 700 പേരടക്കമുള്ളവരാണ്. ഉക്രൈനിൽ കുടുങ്ങിയ മലയാളികളിൽ ഭൂരിഭാഗം പേരും തിരിച്ച് നാട്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാർഥികൾ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഉക്രൈനിൽ നിന്നെത്തുന്നവരെ കേന്ദ്രമന്ത്രിമാർ ഡൽഹിയിലെ, എയർപോർട്ടിൽ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്. ആദ്യദിവസം സ്‌മൃതി ഇറാനി കുട്ടികളെ സ്വീകരിക്കാനെത്തിയിരുന്നു.

ഉക്രൈനിൽ നിന്നെത്തുന്നവരെ സ്വീകരിക്കാനായി എയർപോർട്ടിന് മുന്നിൽ കാത്തുനിൽക്കുന്ന കേന്ദ്രമന്ത്രി എ.മുരുകന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പുറത്തേക്ക് കടന്നു വരുന്ന വിദ്യാർത്ഥികളെ ഓരോരുത്തരെയും വളരെ ബഹുമാനത്തോടെ, കൈകൂപ്പിയാണ് അദ്ദേഹം സ്വീകരിക്കുന്നത്. എന്നാൽ, മെഡിക്കൽ വിദ്യാർത്ഥികളായ ഇവരിൽ ഭൂരിഭാഗം പേരും തിരിച്ച് യാതൊരു പ്രതികരണവും നൽകാതെയാണ് പുറത്തേക്ക് പോകുന്നത്. ചിലർ മാത്രം അദ്ദേഹത്തെ നോക്കി തലയാട്ടുകയും നമസ്കാരം പറയുകയും ചെയ്യുന്നുണ്ട്. ഒരാൾ ബഹുമാനത്തോടെ സ്വീകരിച്ച് കൈകൂപ്പി നമസ്ക്കാരം പറയുമ്പോൾ തിരിച്ച് നമസ്ക്കാരം പറയുകയോ മുഖത്തേക്ക് നോക്കുകയോ ചെയ്യാതെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് നേരെ രൂക്ഷ വിമർശനമാണുയരുന്നത്.

Also Read:പാക് ക്യാപ്റ്റന്‍ ബിസ്മാ മറോഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ വനിതാ താരങ്ങൾ: ചിത്രം പങ്കുവെച്ച് സച്ചിനും

തിരിച്ചെന്തെങ്കിലും പറയാനുള്ള സാമാന്യ വിവരമോ, സംസ്ക്കാരമോ, മനുഷ്യത്വമോ ഇല്ലാത്ത ഇവരാണോ നാളെ ഡോക്ടറായി മനുഷ്യ ജീവനെ മനുഷ്യത്വത്തേടെ ചികിൽസിക്കാൻ പോകുന്നത് എന്ന് ഒരു നേവി ഉദ്യോഗസ്ഥൻ ചോദിക്കുന്നു. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിനുതാഴെ, വിദ്യാർത്ഥികളെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായം പറയുന്നവരുണ്ട്. സമയം പോകാൻ ആരോ വന്ന് നിൽക്കുന്നതായിട്ടായിരിക്കാം അവർക്ക് തോന്നുന്നതെന്നും, ഇവരിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നും വിമർശിക്കുന്നവരുണ്ട്.

‘രക്ഷിച്ചോ ശിക്ഷിച്ചോ എന്നൊന്നും അല്ല നോക്കേണ്ടത്. ഒരാൾ അഭിവാദ്യം ചെയ്താൽ പ്രത്യഭിവാദ്യം എന്നുള്ളത് ഒരു സംസ്ക്കാരത്തിന്റെ ഭാഗമാണ്. അതൊക്കെ പൈതൃക ഗുണവും ആണ്. ഡോക്ടർ ആകാൻ വിദേശത്തുപോയി പഠിച്ചിട്ട് വരുന്ന വിദ്യാർത്ഥികളുടെ മുന്നിൽ കൈകൂപ്പി നമസ്കാരം പറയുന്ന ആ വലിയ മനുഷ്യനെ ശ്രദ്ധിക്കാതെ പോകുന്ന കുട്ടികൾ വിദ്യാഭ്യാസത്തിനു തന്നെ പോയവരാണോ..? വിദ്യാർത്ഥികൾ ശ്രദ്ധിക്കാതെ പോയിട്ടും വീണ്ടും വീണ്ടും കൈകൂപ്പി നമസ്കാരം പറയുന്ന ആ വലിയ മനുഷ്യന് എന്റെ ബിഗ് സല്യൂട്ട്’, ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ.

എന്നാൽ, ദുരന്ത മുഖത്ത് നിന്നും വളരെ കഷ്ടപ്പെട്ട് എത്തിയ വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ അവസ്ഥ പരിഗണിക്കണമെന്നും അവർ അവധി ആഘോഷിക്കാൻ എത്തിയവരെല്ലെന്ന് മനസിലാക്കണമെന്നും വിദ്യാർത്ഥികളെ അനുകൂലിച്ച് സംസാരിക്കുന്നവരുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button