Latest NewsIndia

യുപിയിൽ 97% സീറ്റിലും കെട്ടിവച്ച കാശു പോലും കിട്ടിയില്ല : പ്രിയങ്കയുടെ രാജിസന്നദ്ധതയ്ക്ക് കാരണം കനത്ത തോൽവി

ഒരു കാലത്ത് ഒറ്റക്ക് ഭരിച്ച സംസ്ഥാനത്ത് ഇന്ന് 3 ശതമാനം വോട്ട് നേടാൻ പോലും കഴിയുന്നില്ല എന്നത് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നവര്‍ അധികാരത്തിലേറും എന്നാണ് വിശ്വാസം. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമല്ല. ഒരു കാലത്ത്, കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്ന കണക്കുകള്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പൂർണ്ണ തകര്‍ച്ചയെ സൂചിപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശില്‍ ആകെ 399 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍, 97 ശതമാനം സീറ്റിലും കെട്ടിവച്ച കാശ് പോലും തിരിച്ച് പിടിക്കാന്‍ പാര്‍ട്ടിക്ക് ആയിട്ടില്ല.

read also: ‘പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’- സോണിയ, രാഹുല്‍, പ്രിയങ്ക, നെഹ്‌റു കുടുംബത്തിലെ മൂന്നുപേരും രാജിവെക്കും

387 സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടമായത്. രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് ഉത്തവണ ജയിച്ചത്. ചരിത്രത്തിലെ തന്നെ, ഏറ്റവും വലിയ തോല്‍വിയാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഇത്തവണ സംഭവിച്ചത്. 2.4 ശതമാനമാണ് പാർട്ടിയുടെ വോട്ട് വിഹിതം. പ്രിയങ്ക ഗാന്ധി യുപിയിലെ പാർട്ടിയുടെ ചുമതലയേറ്റിട്ടും കോൺഗ്രസിന്റെ വോട്ടുവിഹിതം പകുതിയായി കുറഞ്ഞു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ടായിരുന്നു ആ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനെ നിയന്ത്രിച്ചത്.

സഹോദരന്‍ രാഹുല്‍ ഗാന്ധി, സിറ്റിങ് മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയോട് ദയനീയ പരാജയം ഏറ്റുവാങ്ങുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു പ്രിയങ്കയ്ക്ക്. ഒരു കാലത്ത് ഒറ്റക്ക് ഭരിച്ച സംസ്ഥാനത്ത് ഇന്ന് 3 ശതമാനം വോട്ട് നേടാൻ പോലും കഴിയുന്നില്ല എന്നത് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. പഞ്ചാബിൽ കോൺഗ്രസിന് 2017ൽ 38.5 ശതമാനം വോട്ട് ഉണ്ടായിരുന്നത് ഈ തെര‍ഞ്ഞെടുപ്പിൽ 23.3 ശതമാനമായി കുറഞ്ഞു. എന്നാല്‍, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു പ്രിയങ്കയ്ക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം.

2020 ല്‍ പ്രിയങ്കയെ ഉത്തര്‍ പ്രദേശിന്റെ പരിപൂര്‍ണ്ണ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. അതിന് പിറകെ, ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് വലിയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടേയും കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ അടിമുടി തകര്‍ന്ന് തരിപ്പണമായ കാഴ്ചയാണ് രാജ്യം ഇപ്പോള്‍ കാണുന്നത്. ഇതോടെ, രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ് നെഹ്‌റു കുടുംബം. കോൺഗ്രസിനുള്ളിൽ തന്നെ പടപ്പുറപ്പാട് തുടങ്ങിയതാണ് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button