Latest NewsIndiaInternational

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്‌പെൻഡ് ചെയ്തു: വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

ഇന്ത്യ ഉൾപ്പെടെ 57 രാജ്യങ്ങൾ വിട്ടുനിന്നു.

ന്യൂയോർക്ക്: യു.എന്‍ മനുഷ്യവകാശ സമിതിയില്‍ നിന്ന് റഷ്യയെ സസ്പെ‍ന്‍ഡ് ചെയ്തു. യുക്രെയ്നില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും പേരിലാണ് നടപടി. യുക്രെയ്‌നിലെ ബുച്ചയിൽ റഷ്യൻ ആക്രമണത്തിൽ ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെട്ടതിനെ അപലപിക്കുന്ന പ്രമേയം, ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. വീടുകൾക്ക് സമീപവും കൂട്ടക്കുഴിമാടങ്ങളിലും നിരവധി പേരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പ്രമേയത്തിൽ പറയുന്നു.

ബുച്ചയിൽ റഷ്യ നടത്തിയത് കൂട്ടക്കൊലയാണെന്നാണ് യുക്രെയ്‌ന്റെ ആരോപണം. എന്നാൽ, യുക്രെയ്‌നിന്റെ പ്രൊപ്പഗാൻഡയുടെ ഭാഗമാണ് ആരോപണമെന്നാണ് റഷ്യയുടെ മറുപടി. ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ, മൂന്നിൽ രണ്ട് അംഗങ്ങളാണ് ഇത് സംബന്ധിച്ച പ്രമേയത്തെ പിന്തുണച്ചത്. അതേസമയം, പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎസ് ആണ് പ്രമേയം അവതരിപ്പിച്ചത്.

197 അംഗ അസംബ്ലിയിൽ 93 രാജ്യങ്ങൾ റഷ്യയെ സസ്‌പെൻഡ് ചെയ്യുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. 24 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 57 രാജ്യങ്ങൾ വിട്ടുനിന്നു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ തുടക്കം മുതൽ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി പറഞ്ഞു. ഈ വിഷയത്തിൽ, ഇന്ത്യ ആരുടെയെങ്കിലും പക്ഷം ചേരുകയാണെങ്കിൽ, അത് സമാധാനത്തിന്റെയും സംഘർഷം അവസാനിപ്പിക്കുന്നതിന്റെയും പക്ഷത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button