KeralaLatest NewsIndia

‘ദ്രാവിഡ ഈഗോയും ഹിന്ദി വിരോധവും കൊണ്ട് ഡിഎംകെയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല, തമിഴ്‌നാട് ബിജെപിക്ക് ബാലികേറാമല അല്ല’

ചെന്നൈ നഗരത്തിൽ ഇന്ന് ഹിന്ദി മിക്കവർക്കും അറിയാം. ഹിന്ദി അറിയില്ലെങ്കിൽ ഒന്നും നടക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

എറണാകുളം: ഇളയരാജ മോദിയെ അനുകൂലിച്ചു പ്രസ്താവന ഇറക്കിയതിൽ ചർച്ചകൾ നടക്കുകയാണ്. ഇതിൽ ഇളയരാജയ്ക്ക് തമിഴ്‌നാട്ടിൽ പിന്തുണയേറുന്നതിനെ കുറിച്ച് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ കെപി സുകുമാരൻ. എന്നും ദ്രാവിഡീയൻ ഈഗോ വെച്ച് ഡിഎംകെയ്ക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും പച്ചതമിഴനായ അണ്ണാമല ബിജെപിയെ നയിക്കുമ്പോൾ ബിജെപിക്ക് തമിഴ്നാട് ബാലികേറാമല അല്ലെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഇളയരാജയുടെ മോദി അനുകൂല പ്രസംഗം തമിഴ്‌നാട്ടിൽ വൻപിച്ച ചലനം ആണ് ഉണ്ടാക്കിയിരിക്കുന്നത്. അംബേദ്‌കറെ പോലെ തന്നെ മോദിയും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നാണ് ഇളയരാജ പറഞ്ഞത്. നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാകുന്ന സത്യം ആണ് ഇളയരാജ ദ്രാവിഡ തലസ്ഥാനത്ത് നിന്നുകൊണ്ട് നിർഭയം വെട്ടിത്തുറന്നു പറഞ്ഞത്.

ഡി.എം.കെ. അണികൾക്ക് കലി കയറാൻ താമസം ഉണ്ടായില്ല. എന്നാൽ ഇളയരാജ പറഞ്ഞതിൽ ഉറച്ചു നിന്നു. ഇപ്പോൾ സംവിധായക നടൻ ഭാഗ്യരാജും ഇളയരാജയ്ക്ക് വേണ്ടി മുന്നോട്ട് വന്നിരിക്കുന്നു. ഇതെല്ലാം കൂടി തമിഴ്‌നാട്ടിൽ ഇപ്പോൾ ഒരു ബി.ജെ.പി. തരംഗം ഉരുണ്ട് കൂടുന്നുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

എന്നും ദ്രാവിഡീയൻ ഈഗോയും ഹിന്ദി വിരോധവും കൊണ്ട് ഡി.എം.കെ.യ്ക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. സംസ്ഥാനങ്ങൾ തമ്മിൽ ആശയ വിനിമയത്തിനു ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നേ അമിത് ഷാ പറഞ്ഞിട്ടുള്ളൂ. അതിനെയാണ് ഹിന്ദി അടിച്ചേല്പിക്കൽ എന്ന് വ്യാഖ്യാനിക്കുന്നത്. ചെന്നൈ നഗരത്തിൽ ഇന്ന് ഹിന്ദി മിക്കവർക്കും അറിയാം. ഹിന്ദി അറിയില്ലെങ്കിൽ ഒന്നും നടക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

കാരണം, ദക്ഷിണേന്ത്യയിൽ എന്ത് സാധാരണ ജോലി നടക്കണമെങ്കിലും വടക്കേ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ വേണം. അങ്ങനെ ഇപ്പോൾ തന്നെ ഇന്ത്യ മുഴുവൻ ഹിന്ദി ഭാഷ സ്വാഭാവികമായി പ്രചരിച്ചിട്ടുണ്ട്. എനിക്ക് ആകെയുള്ള ഒരു ഖേദം ഹിന്ദി സംസാരിക്കാൻ പഠിച്ചില്ലല്ലോ എന്നാണ്.

ഈയ്യിടെ ഒരു ഊബർ ഓട്ടോയിൽ കയറി. റൂട്ട് തെറ്റിയപ്പോൾ അവന് കന്നഡയും ഹിന്ദിയും അറിയാം. എനിക്ക് രണ്ടും അറിയില്ല. അവൻ മുറി ഇംഗ്ലീഷിൽ പറഞ്ഞു, യൂ മസ്റ്റ് ലേൺ ഹിന്ദി. ഞാൻ ചമ്മിപ്പോയി.
പറഞ്ഞു വന്നത് തമിഴ്‌നാട് സംസ്ഥാനം ബി.ജെ.പി.ക്ക് എന്നും ബാലികേറാമല ആയിരിക്കില്ല എന്നാണ്.

നിലവിലെ, അവിടത്തെ ബി.ജെ.പി. പ്രസിഡണ്ട് അണ്ണാമലൈ ഒരു പച്ച ദ്രാവിഡനാണ്, പച്ചത്തമിഴനും. അടിത്തട്ടിലെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന അണ്ണാമലൈയിൽ ഒരു കാമരാജിനെയാണ് ഞാൻ കാണുന്നത്. അതുക്കൊണ്ട് തന്നെ അണ്ണാമലൈ ഒരിക്കൽ തമിഴ്‌നാട് മുഖ്യമന്ത്രിയാകും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button