Latest NewsIndia

‘അങ്ങനെ ആ സത്യം ഞാൻ മനസിലാക്കി’: ഖുർആൻ വായിച്ച് മോട്ടിവേഷണൽ സ്പീക്കർ ശബരിമല ഇസ്ലാം മതത്തിലേക്ക്

'വിസ്മയകരമായൊരു ഗ്രന്ഥം നിങ്ങളുടെ കയ്യിലുണ്ട്. എന്തിനാണ് അത് വീട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത്.

ചെന്നൈ: പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ഇസ്ലാംമതം സ്വീകരിച്ചു. ശബരിമല ജയകാന്തൻ എന്ന പേരിന് പകരം ഫാത്തിമ ശബരിമല എന്ന പേരും അവർ സ്വീകരിച്ചു. സൗദി സന്ദർശനത്തിനെത്തിയ അവർ മക്കയിലെ ഹറം പള്ളിയിൽ കഅ്ബയ്ക്ക് മുന്നിൽനിന്നാണ് ഇസ്ലാം ആശ്ലേഷം പ്രഖ്യാപിച്ചത്. ഇതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഫാത്തിമ ശബരിമലയുടെ വാക്കുകൾ ഇങ്ങനെ,

മുസ്ലീമായിരിക്കുന്നത് വലിയൊരു ആദരവും ബഹുമതിയുമാണ്. എന്തുകൊണ്ടാണ്, ലോകത്തെങ്ങും മുസ്ലീങ്ങളോട് ഇത്രയും വിദ്വേഷമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. തുടർന്ന്, നിഷ്പക്ഷ മനസ്സോടെ ഖുർആൻ വായിച്ചുതുടങ്ങുകയും ചെയ്തു അങ്ങനെയാണ്, ആ സത്യം ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ എന്നെക്കാളും ഞാൻ ഇസ്ലാമിനെ സ്‌നേഹിക്കുന്നു’. ഖുർആൻ എല്ലാവർക്കും പരിചയപ്പെടുത്തണമെന്ന് മുസ്ലീങ്ങളോട് അവർ ആവശ്യപ്പെടുകയും ചെയ്തു. ‘വിസ്മയകരമായൊരു ഗ്രന്ഥം നിങ്ങളുടെ കയ്യിലുണ്ട്. എന്തിനാണ് അത് വീട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ലോകം അതു വായിക്കണം..’ ഹറം പള്ളിയിൽനിന്നുള്ള വിഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.

പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ആദരവും സ്‌നേഹവും കാരണമാണ് അദ്ദേഹത്തിന്റെ മകൾ ഫാത്തിമയുടെ പേരുതന്നെ സ്വീകരിക്കാൻ കാരണമെന്നും ശബരിമല വ്യക്തമാക്കി. കഅ്ബയെ പുതപ്പിക്കുന്ന പ്രത്യേക വിരിപ്പായ കിസ്‌വ നിർമാണ കേന്ദ്രത്തിൽ പ്രത്യേക അതിഥിയായി സന്ദർശിക്കാനും അവർക്ക് അവസരം ലഭിച്ചിരുന്നു. കേന്ദ്രം സന്ദർശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്‌തു. 2002 മുതൽ തന്നെ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു ശബരിമല.

 

വിദ്യാഭ്യാസനീതിയും പെൺകുട്ടികളുടെ സുരക്ഷയും സ്ത്രീ അവകാശങ്ങളും മുൻനിർത്തിയായിരുന്നു അവരുടെ പോരാട്ടം. 2017ൽ ‘വിഷൻ 2040’ എന്ന പേരിൽ പുതിയൊരു സംഘടനയ്ക്ക് തുടക്കമിട്ടു. പെൺകുട്ടികളുടെ സുരക്ഷയും ഏക വിദ്യാഭ്യാസ സംവിധാനവും പ്രമേയമാക്കിയായിരുന്നു സംഘടന രൂപീകരിച്ചത്. നീറ്റ് പരീക്ഷയിൽ പ്രതിഷേധിച്ച് 2017ൽ സർക്കാർ ജോലി രാജിവച്ച് ശബരിമല വാർത്തകളിൽ നിറഞ്ഞിരുന്നു ശബരിമല. പ്ലസ്ടു റാങ്കുകാരിയായിരുന്ന എസ്. അനിത എന്ന വിദ്യാർത്ഥിനി മെഡിക്കൽ പ്രവേശം ലഭിക്കാതെ ആത്മഹത്യ ചെയ്തതിനു പിന്നാലെയായിരുന്നു രാജി. കൂഡല്ലൂറിൽ കാട്ടുമന്നാർഗുഡിയിലുള്ള ഗവ. സ്‌കൂളിൽ അധ്യാപികയായിരുന്നു അവർ.

ജോലിയെക്കാളും പ്രധാനം രാജ്യമാണെന്നു പ്രഖ്യാപിച്ച ശബരിമല, ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സാമൂഹിക പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. മോട്ടിവേഷണൽ സ്പീക്കറായി മാറുന്നതും അങ്ങനെയായിരുന്നു. 2020ൽ സ്ത്രീ അവകാശങ്ങൾക്കായി ‘പെൺ വിടുതലൈ കച്ചി’ എന്ന പേരിൽ പുതിയൊരു രാഷ്ട്രീയ പാർട്ടിക്കും തുടക്കമിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button