KeralaLatest News

മൊബൈൽ ഫ്ലാഷ് ലൈറ്റിൽ എഴുതിയതിനെത്തുടർന്നു റദ്ദാക്കിയ പരീക്ഷ ഇത്തവണ എഴുതിയത് മെഴുകുതിരി വെട്ടത്തിൽ

എന്നാൽ, പരീക്ഷയ്ക്കിടെ വൈദ്യുതി നിലച്ചതു മൂലം നഷ്ടമായ സമയം വിദ്യാർത്ഥികൾക്ക് അധികമായി അനുവദിച്ചില്ല.

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മൊബൈൽ ഫ്‌ളാഷ് ലൈറ്റിൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് വിവാദമാകുകയും തുടർന്ന് ആ പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിവാദത്തിനു പിന്നാലെ, ഇന്നലെ റദ്ദാക്കിയ അതേ പരീക്ഷ ഇതേ വിദ്യാർത്ഥികൾ വീണ്ടും എഴുതിയത് മെഴുകുതിരി വെട്ടത്തിൽ. ഇന്നലെയും നേരത്തെ പോലെ തന്നെ, പരീക്ഷ തുടങ്ങിയതിന് തൊട്ടുപിന്നാലെ കറണ്ട് പോവുകയായിരുന്നു. ഇരുട്ടത്തെ പരീക്ഷകൾ മഹാരാജാസിൽ തുടർക്കഥയാകുമ്പോൾ വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്.

10നു പരീക്ഷയാരംഭിച്ച് 20 മിനിറ്റിനുള്ളിൽ മഴയെത്തി. പിന്നാലെ വൈദ്യുതി നിലച്ചു. ഇതോടെ പരീക്ഷാ ഹാളുകളെല്ലാം ഇരുട്ടിലായി. 20 മിനിറ്റോളം വിദ്യാർത്ഥികൾ ഇരുട്ടത്തു വെറുതെയിരുന്നു. ഇതോടെ, അധികൃതർ ഹാളിൽ മെഴുകുതിരികൾ കൊളുത്തിവച്ചു. ഇതിന്റെ വെളിച്ചത്തിലാണു വിദ്യാർത്ഥികൾ തുടർന്നു പരീക്ഷയെഴുതിയത്. എന്നാൽ, പരീക്ഷയ്ക്കിടെ വൈദ്യുതി നിലച്ചതു മൂലം നഷ്ടമായ സമയം വിദ്യാർത്ഥികൾക്ക് അധികമായി അനുവദിച്ചില്ല. മെഴുകുതിരി വെട്ടത്തിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഏപ്രിൽ പതിനൊന്നിനാണ് പവർകട്ട് സമയത്തു മഹാരാജാസിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ മൊബൈൽ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയത്. ഇത് വൻ വിവാദമാകുകയും തുടർന്ന്, അധികൃതർ പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നാലെ, പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചു. ഇന്നലെ വീണ്ടും പരീക്ഷ നടത്തിയതും കഴിഞ്ഞ തവണ ഇരുട്ടിലമർന്ന ഇംഗ്ലീഷ് വിഭാഗത്തിലെ ക്ലാസ് മുറികളിൽ തന്നെയാണെന്നതും വൈരുദ്ധ്യം.

പരീക്ഷ നടത്തിപ്പും അധ്യയനവും സുഗമമാക്കാൻ ദേശീയ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ റൂസയുടെ ഫണ്ടിൽനിന്ന് 54 ലക്ഷം ചെലവിട്ടു കോളജിലേക്ക് എച്ച്ടി ലൈൻ വലിച്ചിട്ടും പവർകട്ട് ഒഴിയാത്തതിൽ അധ്യാപകരുൾപ്പെടെ പ്രതിഷേധത്തിലാണ്. പരീക്ഷാ വേളകളിൽ പവർകട്ട് ഉണ്ടായാലും കോളജിലേക്കുള്ള വൈദ്യുതി മുടങ്ങില്ലെന്ന അവകാശവാദത്തോടെയാണു വൻതുക മുടക്കി ലൈൻ എച്ച്ടി ആക്കിയത്.

എന്നാൽ, മാനത്തു മഴക്കാർ കണ്ടാലുടൻ കറന്റ് പോകുകയും പരീക്ഷാഹാളുകൾ ഇരുട്ടിലാവുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നു. കണക്ഷൻ മാറ്റത്തിനു ചെലവിട്ട തുക പാഴായെന്നും ഇതേപ്പറ്റി അന്വേഷണം വേണമെന്നും വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും അധികൃതർ മൗനം തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button