KeralaLatest NewsNewsParayathe VayyaWriters' Corner

ചില തെറ്റുകൾ ചിലപ്പോൾ ശരികളെക്കാൾ മഹത്തരമാണ്: ആകാശ് തില്ലങ്കേരിയെക്കുറിച്ച് ഒരു കുറിപ്പ്

ആരൊക്കെ തള്ളി പറഞ്ഞാലും തള്ളി പറയുന്നവർ പ്രസ്ഥാനം വിട്ടാലും ആ കുടുംബം ചെങ്കൊടി നെഞ്ചോട് ചേർത്ത് പിടിക്കുക തന്നെ ചെയ്യും

സ്വർണ്ണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട ആകാശ് തില്ലങ്കേരിയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ വിവാഹത്തിൽ പങ്കെടുത്ത തില്ലങ്കേരി സ്വദേശിയായ മനോഹരൻ ആകാശിനെയും കുടുംബത്തെക്കുറിച്ചും പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. രണ്ടു കേസുകളിൽ പ്രതി ചേർക്കപ്പെട്ടവൻ മാത്രമാണ് ആകാശ് എന്നും സ്വന്തം ജീവിതത്തിനും കുടുംബത്തിനും ശരീരത്തിനും ഒരു പോറൽ പോലും വരാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ കവചമായി നിൽക്കുന്ന ആകാശ് ഓരോ രക്തസാക്ഷി കുടുംബത്തിനും പ്രിയങ്കരനാകുന്നത് അതുകൊണ്ടാണെന്നും കുറിപ്പിൽ പറയുന്നു.

read also: അമ്മയെ തേടി മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെത്തിയത് പള്ളിയിൽ: കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

കുറിപ്പ് പൂർണ്ണ രൂപം,

ആകാശിന്റെ കല്യാണം കഴിഞ്ഞു . വളരെ സന്തോഷത്തോടെയാണ് പങ്കെടുത്തത് . അതിന് ഏറെ കാരണങ്ങളുണ്ട് . ആദ്യം ആകാശിന്റെ അച്ഛൻ രവിയേട്ടനെ കുറിച്ച് പറയാം .

കുഞ്ഞുന്നാളിൽ ചുവന്ന കൊടിയും മുദ്രാവാക്യങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയ കാലത്ത് ഇ എം എസ് , എ കെ ജി, കൃഷ്ണ പിളള എന്നീ പേരുകൾക്കൊപ്പം മറ്റൊരു പേരു കൂടി ഞങ്ങൾ ഹൃദയത്തോട് ചേർത്തു വച്ചിരുന്നു . വഞ്ഞേരി രവി ,
അന്ന് അതാരാണെന്നൊന്നും അറിയില്ലായിരുന്നു . വീട്ടിൽ അമ്മയുടെയും അച്ഛന്റെയുമൊക്കെ സംസാരത്തിനിടയിൽ പാർട്ടിയേ പറ്റി പറയുമ്പോൾ കയറി വരാറുള്ള പേര് .

ഒരിക്കൽ അമ്മയോട് ചോദിച്ചു . ആ പേരിനേ പറ്റി . അന്ന് അമ്മ പറഞ്ഞു തന്നതിൽ നിന്നാണ് അമ്മയുടെ അമ്മാവന്റെ മകനാണെന്നറിഞ്ഞത് . പിന്നീട് ആ പേര് എവിടെ കേട്ടാലും വലിയ അഭിമാനമായിരുന്നു .

അടിയന്തിരാവസ്ഥയുടെ കാലത്ത് പോലീസ് തിരഞ്ഞ് വീട്ടിലെത്തിയതും , തിരഞ്ഞ് കിട്ടാതായപ്പോൾ സ്വന്തം അമ്മയുടെ മുഖത്ത് നോക്കി “കുഴി വെട്ടി വെച്ചോളൂ ശവമടക്കാൻ ” എന്ന് ആക്രോശിച്ചു പോയതും വീടിലെ സംസാരത്തിനിടയിൽ കേട്ട ഓർമ്മയുണ്ട് .

അന്ന് ഞങ്ങൾക്ക് , പാർട്ടിയെന്നാൽ രവിയേട്ടനായിരുന്നു . ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡൻറ്സ് ഫെഡറേഷനിലും പിന്നീട് കെ എസ് വൈ എഫിലും പാർട്ടിയിലുമായി പ്രവർത്തിക്കുമ്പോഴും ഉയർന്ന സ്ഥാനങ്ങളോട് പിന്തിരിഞ്ഞു നിന്ന ഒരാൾ .

ഒരു പ്രദേശം മുഴുവൻ അടക്കിവാണ കമ്മാരൻ നായരുടെ കൊച്ചു മോൻ . സമ്പത്തിന്റെ സുഖ സുഷുപ്തിയിൽ കഴിയാമായിരുന്നിട്ടും പാവപ്പെട്ടവർക്ക് വേണ്ടി , പ്രസ്ഥാനത്തിന് വേണ്ടി ഓടി നടന്ന് പ്രവർത്തിച്ച ഒരാൾ . എത്ര വലിയ ഉന്നതനോടായാലും മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം, അപാരമായ ധൈര്യം അതാണ് രവിയേട്ടൻ :

അടിയന്തിരാവസ്ഥയൊക്കെ മാറി വീട്ടിൽ കഴിഞ്ഞുരുന്ന കാലം . തില്ലങ്കേരി ക്കാർക്ക് എന്തിനും ആശ്രയിക്കാൻ പറ്റാവുന്ന ഒരത്താണി .
നേരം വെളുക്കുമ്പോ അഞ്ചും ആറും പേരുണ്ടാവും വീട്ടിൽ പല ആവശ്യവുമായി .
ഏത് കാര്യവും ഏൽക്കും,

മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുളള ഏത് ആശുപത്രിയിൽ പോകാനും രവിയേട്ടൻ വേണം.
പോലീസ് സ്റ്റേഷൻ , മറ്റ് ഓഫീസ് കാര്യങ്ങൾ . ദാരിദ്ര്യത്തിൽ കഴിയുന്ന നിരക്ഷരരായ ഒരു ജനതയുടെ ദൈവം .
സ്വന്തം പോക്കറ്റിൽ നിന്നാണ് ചിലവ് മുഴുവൻ . എന്തിനും അന്ത്യമുണ്ടാവുമല്ലോ . കൈയ്യിലുള്ളതും കിട്ടാനുള്ളതുമൊക്കെ വാങ്ങി ചിലവാക്കി . പാരമ്പര്യമായി കിട്ടിയതു വരെ തീർന്നു തുടങ്ങി .

വൈകി വിവാഹം :
കുട്ടികൾ രണ്ടു പേർ .

നാളുകൾ കഴിയവേ ചിലവിന് പോലും പ്രയാസം . രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആകെ തുക ദാരിദ്ര്യം മാത്രം .
മണിമാളികയിൽ കഴിയാൻ മാത്രം സമ്പത്തുണ്ടായിരുന്ന ഒരാൾ കയറി കിടക്കാൻ സൗകര്യമുളള ഒരു വീടുപോലുമില്ലാതെ !
ആരും ചോദിച്ചില്ല അവിടെ അരി വേവുന്നുണ്ടോ എന്ന് , ആരും ചോദിച്ചില്ല ആ കുടുംബം എങ്ങനെ കഴിയുന്നുവെന്ന് . ആരോടും ഒന്നും പരാതി പറഞ്ഞില്ല . പാർട്ടിയെ ഹൃദയത്തോട് ചേർത്ത് വച്ച് പട്ടിണി കിടന്ന ഒരു കുടുംബം .
അവിടെ പട്ടിണി കിടന്ന് വളർന്ന മക്കൾ . എന്നിട്ട് ഇപ്പോൾ ചോദിക്കുന്നു ആകാശ് എങ്ങനെ വലിയ വീടെടുത്തു ? എങ്ങനെ പണമുണ്ടാക്കി ?
പട്ടിണി കിടക്കുമ്പോൾ ഒന്നന്വേഷിക്കാത്തവന്റെ ഈ ചോദ്യത്തിന് എന്ത് അർഹത ?

എന്നു മുതലാണ് നമ്മൾ മീഡിയയെ ഭയന്നു തുടങ്ങിയത്?
ആകാശിന് രണ്ട് കേസുകളുണ്ട് . രണ്ടും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്തതാണ് . അതും പ്രതി മാത്രമാണ് . കോടതി വിധിക്കും വരെ കുറ്റവാളിയല്ല , മറ്റുളവ എയറിലുളള ആരോപണങ്ങൾ മാത്രം .എന്നിട്ടും ചാനലുകാരെ ഭയന്ന് നാം പലതും അവഗണിക്കുന്നു . അതിനിടയിൽ മറന്നു പോവുന്ന ചിലതുണ്ട് .
ഒരു ജീവിതം മുഴുവൻ ,

ഉള്ള സമ്പത്ത് മുഴുവൻ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച് ദരിദ്രനായി പോയിട്ടും ഊണിലും ഉറക്കത്തിലും പാർട്ടിയെ ഹൃദയത്തോട് ചേർത്തു വച്ച് ജീവിക്കുന്ന രവിയെട്ടനെ , ആ മനസിനെ .

സ്വന്തം ജീവിതത്തിനും കുടുംബത്തിനും ശരീരത്തിനും ഒരു പോറൽ പോലും വരാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ കവചമായി നിൽക്കാൻ സ്വന്തം ജീവൻ നോക്കാതെ ചിലരുണ്ട് എന്ന ഓർമ്മ നല്ലതാണ് . പ്രതിരോധം വേണ്ടിടത്ത് അത് കൂടിയേ തീരൂ . ആകാശിനും പാർട്ടിയാണെല്ലാം . അതുകൊണ്ടാണ് ഓരോ രക്തസാക്ഷി കുടുംബത്തിനും ആകാശ് പ്രിയങ്കരനാവുന്നത് . അവരുടെ വീടുകളിൽ ആകാശെത്തുന്നത് . സുഖമന്വേഷിക്കുന്നത് .

ചില വ്യക്തികളോടുളള പ്രതികരണങ്ങൾ അസ്ഥാനത്തായെന്നത് കാണാതിരിക്കുന്നില്ല .
പാർട്ടി പ്രവർത്തനം മൂലം തകർന്നു പോയ ഒരു കുടുംബത്തെ , അച്ഛനെ അമ്മയേ വഴിയാധാരമാക്കാതിരിക്കാൻ ആകാശ് എന്തു ചെയ്തു എന്നത് തൽക്കാലം നമുക്ക് ആകാശിന് വിടാം .
ചില തെറ്റുകൾ ചിലപ്പോൾ ശരികളെക്കാൾ മഹത്തരമാണ് ,
ഒരു കാര്യം ഉറപ്പാണ് .
ആരൊക്കെ തള്ളി പറഞ്ഞാലും തള്ളി പറയുന്നവർ പ്രസ്ഥാനം വിട്ടാലും ആ കുടുംബം ചെങ്കൊടി നെഞ്ചോട് ചേർത്ത് പിടിക്കുക തന്നെ ചെയ്യും എന്നത് .
പാർട്ടിയേ പോലെ ഓരോ നിമിഷവും കുടുംബത്തോട് ചേർന്ന് നിൽക്കാൻ കഴിയട്ടെ എന്ന ആശംസയോടെ
മനോഹരൻ തില്ലങ്കേരി .
(ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം )

shortlink

Related Articles

Post Your Comments


Back to top button