Latest NewsIndiaInternational

ഇന്ത്യ കയറ്റുമതി നിർത്തിയതോടെ ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു

ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കൻ വിപണിയിൽ ഗോതമ്പ് വില അഞ്ചു ശതമാനം ഉയർന്നു.

ന്യൂഡൽഹി: ലോകത്ത് ഗോതമ്പ് വില കുതിക്കുന്നതിന് പിന്നിൽ ഇന്ത്യയാണോ..? ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയരുന്ന ചോദ്യമാണ് ഇത്. വികസിത രാജ്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ പറയുന്നത് ഇന്ത്യയുടെ ഒരു തീരുമാനമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ്. ലോകം ഗോതമ്പ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ലോകത്തെ വികസിത രാജ്യങ്ങൾതന്നെ ഉയർത്തുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഈ സമയത്താണ് ഇന്ത്യ കഴിഞ്ഞ ദിവസം ഗോതമ്പ് കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത്.

ഇതാണ് ഇപ്പോൾ ആശങ്ക കൂട്ടിയിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്പ്. യുക്രൈൻ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനം വരെ കുതിച്ചുയർന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ, ആഗോള മാർക്കറ്റിൽ വീണ്ടും വില കുതിക്കുകയാണ്. ഉഷ്‌ണതരംഗം രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി തടഞ്ഞത്.

ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയർന്നു നിൽക്കുമ്പോഴുള്ള നിരോധനത്തിൻറെ ആഘാതം ലോക വിപണിയിൽ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കൻ വിപണിയിൽ ഗോതമ്പ് വില അഞ്ചു ശതമാനം ഉയർന്നു. ഗോതമ്പ് കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ കയറ്റുമതി പുനരാരംഭിക്കും എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ ലോകസാഹചര്യത്തിൽ പ്രധാന ഉത്പാദക രാജ്യങ്ങൾ ധാന്യങ്ങൾക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയാൽ അത് ലോകത്തെ ദോഷകരമായി ബാധിക്കും എന്നാണ് ജി 7 രാജ്യങ്ങളുടെ വാദം.

കാനഡ, ജർമനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ ഏഴു വികസിത രാജ്യങ്ങളാണ് ഇന്ത്യയുടെ തീരുമാനത്തെ വിമർശിക്കുന്നത്. ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് വിളയിക്കുന്നത് റഷ്യയാണ്. അമേരിക്ക, ഫ്രാൻസ്, കാനഡ തുടങ്ങി ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇത്തവണ ഉൽപ്പാദനം കുറയുകയും ചെയ്തു. കോടിക്കണക്കിന് ദരിദ്രർ പട്ടിണിയിലാവുന്ന സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ അതീവ ഗുരുതര സാഹചര്യത്തിൽ ഇന്ത്യ കയറ്റുമതി നിർത്തരുതായിരുന്നുവെന്ന് പല രാജ്യങ്ങളും വാദിക്കുന്നു. എന്നാൽ, ഇന്ത്യയിൽ ഗോതമ്പ് വില റെക്കോഡിലേക്ക് കുതിക്കുമ്പോൾ ഇതല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു വഴികൾ ഇല്ല.സ്വന്തം രാജ്യത്തെ നോക്കാതെ കയറ്റുമതി ചെയ്താൽ രാജ്യത്തിന് തിരിച്ചടി നേരിടുമെന്ന് സർക്കാരിന് വ്യക്തമായ നിശ്ചയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button