ന്യൂഡൽഹി: താജ്മഹലിൽ ഹൈന്ദവ വിഗ്രഹങ്ങളുണ്ടെന്ന വാദം അടിസ്ഥാനമില്ലാത്തതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. സ്ഥിരമായി അടച്ചിടുന്ന മുറികൾ താജ്മഹലിൽ ഇല്ലെന്നും എഎസ്ഐ വ്യക്തമാക്കുന്നു. ചില മുറികളുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിശദീകരണം.
താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ലെന്നുമാണ് എഎസ്ഐ വ്യക്തമാക്കുന്നത്. പല തവണ അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നത്. മുറികളിൽ ഹിന്ദു വിഗ്രഹങ്ങളൊന്നുമില്ല. എഎസ്ഐയുടെ വെബ്സൈറ്റിൽ മുറികളുടെ ചിത്രങ്ങളുണ്ടെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എഎസ്ഐ വ്യക്തമാക്കി.
അതേസമയം, താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രംഗത്തെത്തിയിരുന്നു. ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു.
താജ്മഹൽ നിൽക്കുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടു. താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന വാദവുമായി ഒരാൾ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി തള്ളിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാരൻ പറഞ്ഞത്.
Post Your Comments