Latest NewsKeralaNews

‘കൗൺസിലിംഗ്‌ വഴി ലെസ്‌ബിയൻ/ഗേ വിഭാഗത്തിൽ പെട്ടവരെ നോർമൽ ആക്കാൻ പറ്റുമോ?’: ചോദ്യങ്ങൾക്ക് മറുപടിയുമായി ഷിംന അസീസ്

'മൃഗരതി, ശവഭോഗം എന്നൊക്കെ കുത്തിക്കേറ്റി എല്ലാം ഒരൊറ്റക്കെട്ടാക്കി കാണിക്കാൻ ശ്രമിക്കുന്നവർ, എന്താണ് കൺസെന്റ് എന്ന് വായിച്ച് പഠിക്കുക': ഷിംന അസീസ്

കോഴിക്കോട്: ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് തോന്നുന്ന ആകര്‍ഷണവും നോര്‍മലായ ഒന്നാണെന്ന് ഡോ. ഷിംന അസീസ്. സെക്ഷ്വല്‍ ഓറിയന്റേഷന്‍ ജനിതകം, ഹോര്‍മോണ്‍ സംബന്ധം എന്നിങ്ങനെ പല ഘടകങ്ങള്‍ കൊണ്ട് രൂപപ്പെടുന്നതാണെന്നും കൗണ്‍സിലിംഗ് കൊണ്ട് അതിനെ മാറ്റിയെടുക്കാന്‍ സാധിക്കില്ലെന്നും തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ഷിംന വ്യക്തമാക്കി. ‘മാറ്റാന്‍’ വേണ്ടി അസാധാരണമായി ഒന്നും ഇതിലില്ലെന്നും, പങ്കാളിയെ തെരഞ്ഞെടുക്കുന്നത് ബന്ധപ്പെടാനും കുട്ടികളെ ഉണ്ടാക്കാനും വേണ്ടി മാത്രമല്ലെന്നും ഷിംന പറഞ്ഞു.

ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കൗൺസിലിംഗ്‌ വഴി ലെസ്‌ബിയൻ/ഗേ വിഭാഗത്തിൽ പെട്ടവരെ നോർമൽ ആക്കാൻ പറ്റുമോ?” കഴിഞ്ഞ ദിവസം ഈ വിഷയം വാർത്തയായതിനു ശേഷം ചുറ്റോട് ചുറ്റ്‌ നിന്നും ഈ ചോദ്യമാണ്‌. നോക്കൂ, ഈ ചോദ്യം തന്നെ അടിസ്ഥാനപരമായി തെറ്റാണ്. നോർമൽ എന്ന് ഭൂരിപക്ഷവും കരുതുന്ന ഹെറ്ററോസെക്ഷ്വാലിറ്റി അഥവാ മറ്റൊരു ജെൻഡറിൽ പെട്ട വ്യക്തിയോട് തോന്നുന്ന ആകർഷണം പോലെ തന്നെ നോർമലായ മറ്റൊന്നാണ് ഹോമോസെക്ഷ്വാലിറ്റി അഥവാ ഒരേ ജെൻഡറിലുള്ള വ്യക്തിയോട് തോന്നുന്ന ആകർഷണവും. നിങ്ങൾ ഒരു ഹെറ്ററോസെക്‌ഷ്വൽ ആണെങ്കിൽ നിങ്ങളെ കൗൺസിൽ ചെയ്ത്‌ ഗേ അല്ലെങ്കിൽ ലെസ്‌ബിയൻ ആക്കാൻ സാധിക്കില്ല. അതുപോലെ ലെസ്‌ബിയൻ/ഗേ വിഭാഗത്തിൽ പെട്ടവരെ കൗൺസിലിംഗോ അത്തരം ഏതെങ്കിലും മാർഗ്ഗങ്ങളോ വഴി ഹെട്രോസെക്ഷ്വൽ ആക്കാനും പറ്റില്ല. സെക്ഷ്വൽ ഓറിയന്റേഷൻ ഒരു വ്യക്‌തിയുടെ ജനിതകം, ഹോർമോൺ സംബന്ധം എന്നിങ്ങനെ പല ഘടകങ്ങൾ കൊണ്ട്‌ രൂപപ്പെടുന്ന ഒന്നാണ്. ‘മാറ്റാൻ’ വേണ്ടി അസാധാരണമായി ഒന്നും ഇതിലില്ല. പങ്കാളിയെ തിരഞ്ഞെടുക്കുന്നത്‌ ബന്ധപ്പെടാനും കുട്ടികളെ ഉണ്ടാക്കാനും വേണ്ടി മാത്രമല്ല.

ഒരു കല്യാണം കഴിഞ്ഞാൽ ഒക്കെ ശര്യാവും എന്നൊക്കെ ചിന്തിക്കുന്നവരോട് വ്യക്തമായിത്തന്നെ പറയാം, ഇങ്ങനെ സെക്ഷ്വൽ ഓറിയന്റേഷൻ മറച്ച് വച്ചോ മറ്റ് മാർഗ്ഗങ്ങളില്ലാതെയോ മറ്റോ അവരവരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി വിവാഹം ചെയ്യുന്ന സന്ദർഭങ്ങളിൽ അവർ രണ്ട് പേരുടെ ജീവിതവും ഒരുപോലെ കുഴപ്പത്തിലാവാനാണ്‌ സാധ്യത. കല്യാണം/കൗൺസിലിംഗ്/ശാരീരിക-മാനസികപീഡനം തുടങ്ങി ഒന്നും സെക്‌ഷ്വൽ ഓറിയന്റേഷൻ മാറ്റില്ല. ഇനി ഇത്തരം വാർത്തകൾക്ക് താഴെ മൃഗരതി, ശവഭോഗം എന്നൊക്കെ കുത്തിക്കേറ്റി എല്ലാം കൂടെ ഒരൊറ്റക്കെട്ടാക്കിക്കാണിക്കാൻ ശ്രമിക്കുന്നവർ, എന്താണ് കൺസെന്റ് എന്നും, ഏതൊക്കെ സന്ദർഭങ്ങളിലാണ് രണ്ട് പേർക്ക് പൂർണ്ണമായ കൺസെന്റ് നൽകാനാവുക എന്നതുമൊക്കെ ഒന്ന് വായിച്ച് പഠിക്കാവുന്നതാണ്. അതെങ്ങനെയാ, മറ്റുള്ളവർക്ക് “ആവശ്യത്തിന് സ്വാതന്ത്യം അനുവദിച്ച് കൊടുക്കുന്ന” തൊക്കെ അഭിമാനപുരസ്സരം തള്ളുന്ന മാന്യരാണല്ലോ… സമൂഹത്തിൽ ലെസ്‌ബിയൻ/ഗേ കപിൾസ്‌ പുറത്ത്‌ വരുന്നത്‌ കണ്ട്‌ ആരും അത്‌ അനുകരിക്കാനൊന്നും പോണില്ല. അത്‌ സാധ്യവുമല്ല. ‘ഇവരെ കണ്ട്‌ പഠിക്കൂല്ലേ?’ എന്ന പറച്ചിലിൽ കതിരില്ല. സെക്ഷ്വൽ ഓറിയന്റേഷൻ ആരെയെങ്കിലും കണ്ട് അതുപോലെ കാണിക്കുന്ന ഒന്നല്ല. മുൻപ്‌ പറഞ്ഞത്‌ പോലെ അവരെ അവരുടെ പാട്ടിന്‌ വിടാം. അതാണ്‌ അതിന്റെ ശരിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button