Latest NewsKeralaNews

സ്‌കൂൾ ഉച്ചഭക്ഷണം: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭക്ഷണ സാധനങ്ങൾ, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ മൂന്നു വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ ചികിത്സ തേടേണ്ടി വന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

Read Also: പത്തനാപുരം ബാങ്കേഴ്സിൽ പൂജ നടത്തിയ ശേഷം ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ

സ്‌കൂളുകളിൽ നിന്നുള്ള ഭക്ഷണ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം അറിയാനാവുമെന്നും ഇതിനു ശേഷം മാത്രമേ കാരണം വ്യക്തമാകൂയെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വെള്ളം പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം ആറു മാസത്തിലൊരിക്കൽ വെള്ളം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശങ്ങൾ സ്‌കൂൾ തുറക്കുന്നതിന് മുമ്പുതന്നെ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. പാചകപ്പുര, പാത്രങ്ങൾ എന്നിവയുടെ വിശദ റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകാൻ നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണ വേളയിൽ കുട്ടികൾക്കൊപ്പം പങ്കുചേരാൻ അഭ്യർത്ഥിക്കും. കോഴിക്കോട് ജില്ലയിലെ സ്‌കൂളിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയും തിരുവനന്തപുരത്തെ സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രിയും തിങ്കളാഴ്ച പങ്കെടുക്കും. പാചകത്തൊഴിലാളികൾക്ക് പരിശീലനം നൽകും. വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിൽ ഡ്രൈഡേ ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലാബ് റിപ്പോർട്ട് ലഭിച്ച ശേഷം അരി വിതരണത്തിൽ വീഴ്ചയുള്ളതായി കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ. അനിൽ വ്യക്തമാക്കി. സംസ്ഥാനത്തെ 12302 സ്‌കൂളുകളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ഓരോ ദിവസവും കുട്ടികൾക്ക് നൽകേണ്ട ആഹാരം സംബന്ധിച്ച് സ്‌കൂളുകൾക്ക് സാമ്പിൾ മെനു നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Read Also: ‘ബി.ജെ.പിക്ക് കശ്മീർ കൈകാര്യം ചെയ്യാൻ കഴിയില്ല’: പണ്ഡിറ്റുകൾക്ക് നേരെയുള്ള കൊലപാതകത്തിൽ അരവിന്ദ് കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button