Latest NewsIndiaEntertainment

ജോലിയും പണവുമില്ല, തെരുവിൽ സോപ്പ് വിൽക്കുന്നു’: സ്വത്തെല്ലാം നഷ്ടപ്പെട്ട നടി ഐശ്വര്യയുടെ ജീവിതം ഇപ്പോഴിങ്ങനെ

ചെന്നൈ: ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ നായികയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. പ്രശസ്ത തെന്നിന്ത്യൻ നടിയായ ലക്ഷ്മിയുടെ മകൾ കൂടിയാണ് നടി ഐശ്വര്യ ഭാസ്‌കരൻ. ടെലിവിഷൻ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. എന്നാൽ കുറച്ചുനാളുകളായി നടി വെള്ളിത്തിരയിൽ സജീവമല്ല.

ഇപ്പോഴിതാ തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവുകൾതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നുമുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഐശ്വര്യ. ഇത് കൂടാതെ സ്വന്തമായി ഒരു യുട്യൂബ് ചാനലും ഐശ്വര്യയ്ക്ക് ഉണ്ട്. ഇതിലൂടെ ചില പാചക വീഡിയോകളും നടി പ്രചരിപ്പിക്കുന്നുണ്ട്.

ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ,

‘ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’- എന്നാണ് നടി ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്നു. 1994ലാണ് തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. എന്നാൽ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ‘വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു.

‘മദ്യപാനത്തിലോ അല്ലെങ്കിൽ എനിക്കു വേണ്ടിയോ ചെലവഴിട്ടില്ല എന്റെ കാശ് പോയത്. ഞാൻ എന്റെ കുടുംബത്തിനു വേണ്ടിയാണ് പണം ചെലവഴിച്ചത്. എന്റെ കരിയർ ഗ്രാഫ് മൂന്നു വർഷമാണ്, ഞാൻ തുടങ്ങി മൂന്നുവർഷത്തിനകത്ത് എന്റെ കല്യാണം കഴിഞ്ഞു. അതോടെ ഞാൻ സിനിമ വിട്ടുപോയി. രണ്ടാം ചാൻസിൽ വന്ന് ഹിറോയിൻ ആവാൻ എല്ലാവർക്കും നയൻതാരയുടെ ഗ്രാഫ് വരില്ലല്ലോ’. ഐശ്വര്യ പറഞ്ഞു.

അമ്മ ലക്ഷ്മിയുമായി എന്താണ് പ്രശ്നമെന്ന ചോദ്യത്തിനും ഐശ്വര്യ മറുപടി നൽകി. “ഞങ്ങൾക്കിടയിൽ അത്ര വലിയ പ്രശ്നമൊന്നുമില്ല. ഞാൻ ചെറുപ്പത്തിൽ തന്നെ വളരെ ഇൻഡിപെൻഡന്റ് ആണ്. പാട്ടി എന്നോട് പറഞ്ഞിട്ടുണ്ട്, എന്റെ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് എല്ലാം. ഒന്നും പൂർവ്വികമായി കിട്ടിയ സ്വത്തല്ല, ജീവിതത്തിൽ നേടിയതൊക്കെ അവർ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടാണ്. എന്റെ അമ്മയൊരു സിംഗിൾ ഇൻഡിപെൻഡന്റ് മദറാണ്. അവരെന്നെ പഠിപ്പിച്ചു, ഒരു കരിയർ ഉണ്ടാക്കി തന്നു, അതിൽ കൂടുതൽ എന്താണ് ഒരു അമ്മയിൽ നിന്നും ഞാൻ ചോദിക്കേണ്ടത്.’ എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button