Latest NewsKeralaCinemaMollywoodNewsEntertainment

‘അത് യഥാർത്ഥ സ്നേഹം’: നരസിംഹത്തിലെ വിവാദ പ്രൊപ്പോസൽ സീനിൽ സ്ത്രീവിരുദ്ധത ഇല്ലെന്ന് ഷാജി കൈലാസ്

മലയാളത്തിലെ എക്കാലത്തെയും മാസ് സിനിമകളിൽ ഒന്നാണ് നരസിംഹം. മോഹന്‍ലാൽ, ഐശ്വര്യ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിലെ ഒട്ടുമിക്ക ഡയലോഗുകളും ഹിറ്റായിരുന്നു. എന്നാല്‍, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നപ്പോള്‍ നരസിംഹത്തിലെ ഒരു ‘ഹിറ്റ്’ ഡയലോഗ് മോശമാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങി. ഇതോടെ, ‘വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരാക്ക് വീട്ടില്‍ വന്ന് കയറുമ്പോള്‍..’ എന്ന് തുടങ്ങുന്ന ‘പ്രൊപ്പോസൽ’ സീനിനെതീരെ വൻ വിമർശനം ഉയർന്നു.

എന്നാൽ, നരസിംഹത്തിലെ ആ വിവാദ ഡയലോഗിൽ സ്ത്രീവിരുദ്ധത ഇല്ലെന്നും അത് സ്നേഹം കൊണ്ട് പറയുന്നതാണെന്നും സംവിധായകൻ ഷാജി കൈലാസ് പറയുന്നു. ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് നരസിംഹത്തിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെ പറ്റി പറഞ്ഞത്. നരസിംഹത്തില്‍ അത്രയും സ്‌നേഹത്തോടെയാണ് ആ ഡയലോഗ് പറയുന്നതെന്നും, ഒരിക്കലും ഒരു സ്ത്രീവിരുദ്ധത അവിടെ കാണരുത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട കുട്ടിയോടല്ലേ പറയാന്‍ പറ്റുകയുള്ളൂ എന്നും അദ്ദേഹം ചോദിക്കുന്നു.

Also Read:വിദൂര ഗ്രഹത്തിൽ ജലസാന്നിധ്യം: കണ്ടെത്തലുമായി ജെയിംസ് വെബ് ടെലസ്കോപ്പ്

‘2000ത്തില്‍ പുറത്തുവന്ന ചിത്രമാണത്. അന്നൊന്നും ഒരു പൊളിറ്റിക്കല്‍ കറക്റ്റ്‌നെസും ആരും പറഞ്ഞിട്ടില്ല. കാരണം നമുക്ക് ഇഷ്ടമാണത്. ഒരു പെണ്‍കുട്ടിയെ അത്രയും സ്‌നേഹിക്കുമ്പോഴാണ് ആ കുട്ടിയോട് എന്തും പറയുന്നത്. അവിടെ ഒരു മറവില്ല. രണ്ട് മതിലിനപ്പുറം നിന്നാണെങ്കില്‍ ആണും പെണ്ണും സംസാരിക്കരുത്. ഒരു പെണ്‍കുട്ടിയോട് ഓപ്പണായി സംസാരിക്കാന്‍ പറ്റണം. അപ്പോഴേ ആ പെണ്‍കുട്ടി ഒപ്പണാകത്തുള്ളൂ. ഇല്ലെങ്കില്‍ ഒരിക്കലും ഒരു പെണ്‍കുട്ടി ഒപ്പണാവില്ല. പെണ്‍വര്‍ഗമല്ല, ‘പെണ്‍കുട്ടികള്‍’. അവരെ പഠിക്കാനും പറ്റില്ല. അവര്‍ അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്.

നരസിംഹത്തില്‍ അത്രയും സ്‌നേഹത്തോടെയാണ് ആ ഡയലോഗ് പറയുന്നത്. ഒരിക്കലും ഒരു സ്ത്രീവിരുദ്ധത അവിടെ കാണരുത്. ആ സ്‌നേഹമാണ് അവിടെ കൊടുക്കുന്നത്. എനിക്കൊരു പെണ്ണിനെ വേണം എന്ന് പറയുമ്പോള്‍ ഞാന്‍ ഉണ്ടെടാ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന സംഗതിയാണ്. ഇഷ്ടപ്പെട്ട കുട്ടിയോടല്ലേ പറയാന്‍ പറ്റുകയുള്ളൂ. ഒരിക്കലും ഉപദ്രവിക്കാന്‍ പറയുന്നതല്ല. ലൈഫിലോട്ട് കേറുകയാണ്. ഇങ്ങനത്തെ ഒരുത്തനാണ് ജീവിതത്തിലേക്ക് വരാന്‍ പോകുന്നത്. അങ്ങനെ ജോളിയായിട്ടുള്ള ആളാണ് നരസിംഹത്തിലെ നായകന്‍. അത്രത്തോളം സന്തോഷത്തോടെ ജീവിതം കൊണ്ടുപോകാമെന്നാണ് പറയുന്നത്. അല്ലാതെ വേറൊരു ആങ്കിളില്‍ കാണരുത്,’ ഷാജി കൈലാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button