Latest NewsNewsIndia

ഹിജാബ്: വിട്ടുവീഴ്ച്ച ചെയ്യാൻ തയ്യാറല്ല, മൂന്ന് മാസമായി ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് 19 വിദ്യാര്‍ത്ഥിനികള്‍

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ഒഴിവാക്കണമെന്ന കർണാടക ഹൈക്കോടതി വിധി വന്ന് മൂന്ന് മാസമായിട്ടും ഹിജാബിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് പറഞ്ഞ് ക്ലാസിൽ കയറാതിരിക്കുന്നത് 19 വിദ്യാർത്ഥിനികളാണ്. ഹൈക്കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇവർ ഇപ്പോഴും നടത്തുന്നത്. മംഗളൂരുവിലെ ഹലേയങ്ങാടിയിലുള്ള സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ 19 വിദ്യാർത്ഥിനികളാണ് ഇപ്പോഴും സമരമുഖത്തുള്ളത്.

ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇവർ, കഴിഞ്ഞ മൂന്ന് മാസമായി പരീക്ഷ എഴുതുകയോ ക്ലാസിൽ കയറുകയോ ചെയ്തിട്ടില്ല. മംഗലാപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്, ഉപ്പിനങ്ങാടിയിലെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജ് എന്നിവിടങ്ങളിലെ സമാന പ്രശ്‌നങ്ങൾ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും ചർച്ച ചെയ്ത് പരിഹരിച്ചിരുന്നു. സമാന രീതിയിൽ ഈ 19 കുട്ടികളുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിയമവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അധികൃതർ വ്യക്തമാക്കിയെങ്കിലും ശിരോവസ്ത്രം ധരിച്ച് ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്.

Also Read:ജനങ്ങൾ ദയവ് ചെയ്ത് ചായ കുടി കുറയ്ക്കണം, സർക്കാർ സാമ്പത്തികമായ ബുദ്ധിമുട്ടിലെന്ന് പാക് മന്ത്രി

മാർച്ച് 15ലെ ഹൈക്കോടതി വിധി പ്രകാരം കോളജ് അധികൃതർ സ്ഥാപനത്തിനുള്ളിൽ ഹിജാബ് ധരിക്കുന്നത് കർശനമായി നിരോധിച്ചതോടെ ഹാലേയങ്ങാടി കോളജിലെ 19 വിദ്യാർഥികൾക്ക് പഠനം നഷ്ടമാകുകയാണ്. യൂണിവേഴ്‌സിറ്റി കോളേജുകൾ, സിഡിസികൾ പ്രത്യേക ഡ്രസ് കോഡോ യൂണിഫോമോ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും ഈ ഉത്തരവ് പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കോളേജ് അധികൃതർ തങ്ങളുടെ തീരുമാനം മാറ്റുമെന്ന് വിദൂര പ്രതീക്ഷയുണ്ടെങ്കിലും ചില വിദ്യാർത്ഥികൾ പഠനം നിർത്താൻ തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനികളായ 19 പെൺകുട്ടികൾ പരീക്ഷയെഴുതിയില്ലെന്നും പുതിയ സെമസ്റ്റർ ക്ലാസുകൾ ഒഴിവാക്കിയെന്നും കോളേജ് പ്രിൻസിപ്പൽ കെ. ശ്രീധർ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് നിർബന്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷമായി കോളേജിൽ പഠിച്ച പെൺകുട്ടികൾ പെട്ടെന്ന് പഠനം നിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button