Latest NewsNewsIndia

ഇ.ഡി എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല: അഗ്നിപഥ് പിൻവലിക്കും വരെ പോരാടുമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്.

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഭയമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ലെന്നും ഇ.ഡി ഒന്നുമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനാകില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ, മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇ.ഡി ഓഫീസിൽ നിന്നും മടങ്ങിയത്.

‘അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തും. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണ്. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കി. സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നു. ഇ.ഡി വിഷയം ചെറുതാണ്. യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയം’- രാഹുൽ ഗാന്ധി പറഞ്ഞു.

Read Also: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി

അതേസമയം, രാഷ്ട്രീയ പ്രേരിതമായാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടർന്ന്, ഇന്ന് രാഹുൽഗാന്ധി എ.ഐ.സി.സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button