Latest NewsNewsIndia

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷത്തെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളുമായി ബിജെപി

യുപിഎയ്ക്കൊപ്പമുള്ള ജാർഖണ്ഡ് മുക്തി മോർച്ച ദ്രൗപദി മുർമ്മുവിനെ പിന്തുണക്കുമെന്നാണ് റിപ്പോർട്ട്

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ ദ്രൗപദി മുർമ്മുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഒപ്പം കൂട്ടാൻ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് നേതാക്കളായ മല്ലികാർജൂൻ ഖാർഗെ, അധിർ രജ്ഞൻ ചൗധരി എന്നിവരോടും ഫാറൂഖ് അബ്ദുള്ള, എച്ച് ഡി ദേവഗൗഡ എന്നീ മുതിർന്ന നേതാക്കളോടും രാഷ്ട്രീയം കണക്കിലെടുക്കാതെ ഐക്യകണ്ഠേന ദ്രൗപദി മുർമ്മുവിനെ പിന്തുണയ്ക്കണമെന്നു നദ്ദ ആവശ്യപ്പെട്ടു.

യുപിഎയ്ക്കൊപ്പമുള്ള ജാർഖണ്ഡ് മുക്തി മോർച്ച ദ്രൗപദി മുർമ്മുവിനെ പിന്തുണക്കുമെന്നാണ് റിപ്പോർട്ട്. ആരെ പിന്തുണയ്ക്കണമെന്ന തീരുമാനമെടുക്കാൻ നാളെ ജെഎംഎം യോഗം ചേരും. ജനാതദൾ എസും മുർമ്മുവിനെ പിന്തുണയ്ക്കണം എന്ന നിലപാടിലാണ്.

read also: നൈക്കി: റഷ്യൻ വിപണിയിൽ നിന്ന് പൂർണമായും പിൻവാങ്ങിയേക്കും

എന്നാൽ, പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാ‍‍ര്‍ത്ഥി തൃണമൂൽ കോൺഗ്രസ് നേതാവായ യശ്വന്ത് സിൻഹയാണ്. 17 പ്രതിപക്ഷ പാ‍ര്‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ്, യശ്വന്ത് സിൻഹയുടെ പേര് പ്രഖ്യാപിച്ചത്. രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ചത് എൻസിപി അധ്യക്ഷൻ ശരദ് പവാറായിരുന്നു. എന്നാൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും നിലപാടെടുത്തു. ഈ ഉപാധി അംഗീകരിച്ച്‌ പാർട്ടിയിൽ നിന്നും രാജി വച്ചതിനു പിന്നാലെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷനിരയിൽ അംഗീകരിക്കപ്പെട്ടത്.

എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമ്മു പാ‍ർലമെന്‍റില്‍ എത്തി നാമനിർദേശപത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ ദ്രൗപദി മുർമ്മുവിൻറെ പേര് നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരാണ് ദ്രൗപദി മുർമ്മുവിനെ നിർദ്ദേശിക്കുന്ന പത്രികകളിൽ ഒപ്പുവച്ചത്. ജെഡിയു, ബിജു ജനതാദൾ, വൈഎസ്ആർകോൺഗ്രസ്, അണ്ണാ ഡിഎംകെ തുടങ്ങിയ പാർട്ടികളും ദ്രൗപദി മുർമ്മുവിനെ പിന്തുണച്ചു.

പാർലമെൻറ് വളപ്പിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രിക്കൊപ്പം മുർമ്മു 29ആം നമ്പർ മുറിയിൽ രാജ്യസഭ സെക്രട്ടറി ജനറലിന് പത്രിക നൽകാനെത്തിയത്. സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും പത്രിക നല്കും മുമ്പ് മുർമ്മു വിളിച്ചു.

27 നാകും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ പത്രിക സമർപ്പിക്കുക. തനിക്ക് പിന്തുണ തേടി ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ യശ്വന്ത് സിൻഹ വരുന്ന രണ്ട് ദിവസം സന്ദർശനം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button