KeralaLatest News

കശുമാങ്ങ വാറ്റിയ മദ്യം നിർമ്മിക്കാൻ അന്തിമാനുമതി നൽകി : ബിവറേജസിൽ നിന്നും ഒരു ലിറ്ററിന് 500 രൂപ മാത്രം

കണ്ണൂർ: കേരളത്തിൽ കശുമാങ്ങ വാറ്റിയ മദ്യം (ഫെനി) ഉടനെത്തും. കശുമാങ്ങാനീര് വാറ്റിയ മദ്യം ഉത്പാദിക്കുന്നതിന് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂൺ 30-നാണ് ഉത്തരവ് ലഭിച്ചത്. ഒരു ലിറ്റർ ഫെനി ഉണ്ടാക്കാൻ 200 രൂപ ചെലവ് വരും. അത് ബിവറേജസ് കോർപ്പറേഷന് വിൽക്കും. കോർപ്പറേഷന് ഇത് 500 രൂപയ്ക്ക് വിൽക്കാമെന്നാണ് നിർദ്ദേശം. കശുമാങ്ങയിൽനിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്.

ഫെനി ഉത്പാദിപ്പിക്കാൻ ലൈസൻസ് നൽകണമെന്ന് കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ഫെനി ഉത്പാദിപ്പിച്ചാൽ സർക്കാരിനും കർഷകർക്കും നല്ല വരുമാനമാകുമെന്നാണ് പയ്യാവൂർ സഹകരണ ബാങ്ക് സർക്കാരിന് സമർപ്പിച്ച പദ്ധതി റിപ്പോർട്ടിൽ പറയുന്നത്. കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും വില കിട്ടുന്നത് കൃഷിക്കാർക്ക് വലിയ നേട്ടമാകുമെന്ന് പയ്യാവൂർ സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു. 1991-ൽ പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കേ ഈ ആവശ്യമുന്നയിച്ച് സർക്കാരിന് നിവേദനം നൽകിയിരുന്നു.

2016-ൽ പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനുമതി ലഭിച്ചത്. അടുത്ത ഡിസംബറോടെ ഉത്പാദനം തുടങ്ങും. പയ്യാവൂർ ടൗണിന് സമീപം രണ്ടേക്കർ സ്ഥലം കശുമാങ്ങ സംസ്‌കരിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പഴങ്ങൾ ഉപയോഗിച്ച് മൂല്യവർധിത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞ സംസ്ഥാന ബജറ്റിലുമുണ്ടായിരുന്നു. ഫെനി ഉത്പാദിപ്പിക്കുന്നതിന് ഡിസ്റ്റിലറി ആരംഭിക്കാൻ ബാങ്കിന് സർക്കാരിൽനിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങൾ ആവിഷ്‌കരിക്കാൻ വൈകിയതിനാൽ കഴിഞ്ഞ സീസണിൽ ഉത്പാദനം നടത്താനായില്ല. കശുമാങ്ങയുപയോഗിച്ച് ഫെനിയുത്പാദിപ്പിക്കുന്ന സംസ്ഥാനം ഗോവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button