KeralaLatest NewsArticleNewsWriters' Corner

രക്ഷകനായ ഇ.പി ‘ശകുനപ്പിഴ’ ആകുമോ? – ഇ.പി ജയരാജനെ രക്ഷപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴാകുമ്പോൾ

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന്, കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ കേരളം ചൂട് പിടിക്കുകയായിരുന്നു. വാദ പ്രതിവാദങ്ങളും ആരോപണങ്ങളുമായി രാഷ്ട്രീയ നേതാക്കൾ കളം നിറഞ്ഞു. സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ കോൺഗ്രസ് മുഖ്യനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയർത്തി.

മുഖ്യമന്ത്രിക്ക് നേരെ പലയിടങ്ങളിലായി കരിങ്കൊടി കാണിച്ചു. ബി.ജെ.പിയും കോൺഗ്രസും രംഗം കൊഴുപ്പിച്ചു. രണ്ടാം പിണറായി സർക്കാരിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. നിലവിലെ സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് ഒരു വിമാന യാത്രയാണ്. യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടിയില്‍ നിന്നും രക്ഷപ്പെടാനായി ജൂണ്‍ 13 ന് മുഖ്യമന്ത്രി വിമാന യാത്ര നടത്തി. മുഖ്യമന്ത്രിക്കൊപ്പം ഇ.പി ജയരാജനും ഉണ്ടായിരുന്നു. പിന്നാലെ കയറിയ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയെ തിരുവനന്തപുരം വിമാനത്തില്‍ വച്ച് കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചു. ഈ സമയം ഇ.പി ജയരാജന്‍ പ്രതിഷേധക്കാരെ  തള്ളിമാറ്റി മുഖ്യമന്ത്രിയുടെ ജീവന്‍ ‘രക്ഷിച്ചു’.

പിന്നീട് സി.പി.എം നേതാക്കളും സൈബർ സഖാക്കളും മുഖ്യന്റെ ജീവന് ഭീഷണി, മുഖ്യന്ത്രിയെ വധിക്കാൻ ശ്രമം എന്ന തരത്തിൽ വിഷയത്തെ വ്യാപകമായി പ്രചരിപ്പിച്ചു. പൊതുസമൂഹത്തിൽ സി.പി.എമ്മും നേതാക്കളും പരിഹാസ പാത്രമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രതിഷേധക്കാർക്കെതിരെ വധശ്രമത്തിന്റെ പേരിൽ കേസെടുത്തു. ഈ കേസില്‍ ഇന്‍ഡിഗോ സ്വതന്ത്ര അന്വേഷണം നടത്തുകയും, ഒടുവില്‍ പ്രതിഷേധക്കാര്‍ക്ക് രണ്ട് ആഴ്ചത്തെ യാത്രാ വിലക്കും ഇ.പി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രാ വിലക്കും ഏര്‍പ്പെടുത്തി.

ഇപ്പോൾ, ഇ.പിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് വരുമ്പോൾ തിരിച്ചടി ഈ സർക്കാരിനും മുഖ്യമന്ത്രിക്കും ആണെന്ന് വേണം ഉറപ്പിക്കാൻ. ഇ.പി ജയരാജനെതിരെ വധശ്രമത്തിനും ഗൂഡാലോചനയ്ക്കും കേസെടുക്കാനാണ് കോടതി ഉത്തരവ്. ഇനി എന്ത് പറഞ്ഞ് ഇതിനെ ന്യായീകരിക്കുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

‘ഇ.പി എന്റെ രക്ഷകൻ’

കോൺഗ്രസിന്റെ കൈവിട്ട പ്രതിഷേധത്തെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന തരത്തിലായിരുന്നു സൈബർ സഖാക്കൾ നോട്ടീസ് അടിച്ചത്. ഏറ്റവും ഒടുവിൽ ഇന്നലെ നിയമസഭയിൽ പോലീസിനെയും ഇ.പി ജയരാജനെയും പിന്തുണച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പോലും സംസാരിച്ചത്. ഇ.പി തന്റെ രക്ഷകൻ ആണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, ആ പ്രശംസയ്ക്ക് 24 മണിക്കൂറിന്റെ ആയുസ് പോലും ഇല്ലെന്ന് വേണം കരുതാൻ. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് നല്‍കിയ ശിക്ഷയേക്കാള്‍ വലിയ ശിക്ഷയാണ് ഇന്‍ഡിഗോ, ഇ.പി ജയരാജന് നല്‍കിയതെന്നായിരുന്നു മുഖ്യൻ പറഞ്ഞത്. പക്ഷെ, അതിലും വലിയ ശിക്ഷ ഇപ്പോൾ കോടതിയാണ് നൽകിയതെന്ന് തിരുത്തി പറയേണ്ടി വരും.

പ്രതികാര നടപടി ?

ഇൻഡിഗോയുടെ നിലപാടിനെതിരെ ഇ.പി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ഇൻഡിഗോയ്ക്ക് ഞാൻ ആരാണെന്ന് അറിയില്ലെന്ന് തോന്നുന്നു. വൃത്തികെട്ട കമ്പനി. എല്ലാവരും ഇൻഡിഗോ ബഹിഷ്കരിക്കണം’. ആ പറഞ്ഞത് എന്തർത്ഥത്തിൽ ആയിരുന്നു എന്നതിന് മണിക്കൂറുകൾക്കുള്ളിൽ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചു. ഇൻഡിഗോയുടെ ബസ് ആർ.ടി.ഒ പിടിച്ചെടുത്തു. നികുതി കുടിശ്ശിക അടച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇ.പിയുടെ പ്രതികാരമോ? ശാപമോ? എന്ന് ട്രോളർമാർ സംശയം പ്രകടിപ്പിച്ചു.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്

തനിക്കെതിരെ ട്രോളുകൾ വന്നതോടെ, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നത് പോലെ, ഇ.പി ട്രോളർമാർക്ക് നേരെയും തിരിഞ്ഞു. കുപിതനായ ഇ.പി ട്രോളന്മാര്‍ക്കെതിരെ ശബ്ദമുയർത്തി. ട്രോളർമാരെ ഇ.പി ഭ്രാന്തന്മാർ ആക്കി. പിന്നത്തെ പുകില് പറയണോ? അവരും പണി തുടങ്ങി. ട്രോളന്മാര്‍ ഇ.പിയെ അക്ഷരാര്‍ത്ഥത്തില്‍ എയറിലാക്കി. ‘എന്നെ വിലക്കുന്നതിന് പകരം പുരസ്കാരം നൽകുകയാണ് ഇന്‍ഡിഗോ ചെയ്യേണ്ടിയിരുന്നത്’ എന്ന വാചകം ഫേസ്‌ബുക്കിൽ വൈറലായി.

ഇതിനിടെ തങ്ങളുടെ നേതാവിനെ അപമാനിച്ച ഇൻഡിഗോ വിമാന കമ്പനിയുടെ ഫേസ്ബുക്ക് പേജ് സൈബര്‍ സഖാക്കളുടെ കമന്‍റുകളാൽ നിറഞ്ഞു കിവിഞ്ഞു. ഇ.പിയെ ട്രോളർമാർ എയറിലാക്കിയപ്പോൾ, ഇൻഡിഗോയുടെ ഫേസ്‌ബുക്ക് പേജിൽ സൈബർ സഖാക്കൾ പൊങ്കാലയർപ്പിക്കുന്ന തിരക്കിലായിരുന്നു.

ഏതായാലും ഇ.പിയുടെ അതി സാഹസികതയും നാടകീയ വെളിപ്പെടുത്തലുകളുമൊക്കെ വെള്ളത്തിൽ വരച്ച വര പോലെ ആകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. കോടതിയുടെ ഉത്തരവ് വന്നതോടെ, ഇനി വാക് പോരുകളും വാദ പ്രതിവാദങ്ങളും ഒന്നുകൂടി കൊഴുക്കുമെന്ന് സാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button