KeralaLatest NewsNewsParayathe VayyaWriters' Corner

‘നോക്കുമ്പോള്‍ അയാള്‍ അവളെ ബലമായി പിടിച്ചടുപ്പിച്ച്‌ ഉമ്മ വയ്ക്കാന്‍ ശ്രമിക്കുന്നു’: കുറിപ്പ്

അയാള്‍ക്ക് സ്ത്രീകള്‍ തന്നെ വലിയ പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത് പറയുന്നതാണ് ശരി

എഴുത്തുകാരനും പത്രാധിപരുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച് ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ യുവതി രംഗത്ത് എത്തിയതിനു പിന്നാലെ സിവിക് ചന്ദ്രനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവയ്ക്കുന്നുണ്ട്.

സിവിക് ചന്ദ്രന് അനുകൂല പോസ്റ്റുമായി ഫെമിനിസ്റ്റ് ജെ ദേവിക രംഗത്ത് എത്തി. ഇപ്പോഴിതാ, സിവിക് ചന്ദ്രനെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ചിത്തിര കുസുമന്‍. ആരോപണ വിധേയനു സ്ത്രീകള്‍ തന്നെ പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്‌റ്റെന്നും ചിത്തിര പറയുന്നു

read also:  ഉംനൈറ്റ്, ഉമ്മോണിങ് മെസേജുകള്‍; രണ്ടു പുസ്തകം പ്രകാശനം ചെയ്തതിന്റെ പ്രത്യുപകാരമായി ശരീരം കൊടുക്കണോ’: അതിജീവിത

കുറിപ്പിന്റെ പൂര്‍ണരൂപം

ഇത് ഞാന്‍ പറയേണ്ട കാര്യമല്ല എന്ന ധാരണയിലാണ് സിവിക് ചന്ദ്രനെ പേരെടുത്തു പറഞ്ഞ് ഇതുവരെ ഒരു പോസ്റ്റ് ഇടാതിരുന്നത്. അയാള്‍ക്ക് സ്ത്രീകള്‍ തന്നെ വലിയ പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത് പറയുന്നതാണ് ശരി. ഞാന്‍ ആദ്യമായും അവസാനമായും സിവിക് ചന്ദ്രനെ കണ്ടത് ഒരു കൂട്ടായ്മയിലാണ്. അവിടെ ഉണ്ടായിരുന്ന ആരെയും പേരെടുത്തു പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

സിവിക്കിനെ വലിയ രാഷ്ട്രീയജീവിതമുള്ള ഒരാളായിട്ട് മാത്രമായിരുന്നു എനിക്ക് കേട്ടു പരിചയം, അതുകൊണ്ടുതന്നെ ആ ബഹുമാനത്തിലാണ് കൂടിയിരുന്നു സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ പ്രായത്തില്‍ ഇളയ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്ന കൂട്ടായ്മയില്‍ കൂടിയിരുന്നു സംസാരിച്ച സമയത്തിന്റെ പകുതിയും തന്നെ ചെറിയ പ്രായത്തിലെ പെണ്‍കുട്ടികള്‍ ആരാധനയോടെ പ്രേമിക്കുന്നു എന്ന, പൊങ്ങച്ചമാണെന്ന് അയാള്‍ക്കും വൃത്തികേടാണെന്ന് എനിക്കും തോന്നുന്ന വര്‍ത്തമാനമാണ് അയാള്‍ പറഞ്ഞതത്രയും. അതോടെ ഈ മനുഷ്യനെ സൂക്ഷിക്കണം എന്ന് തോന്നിയിരുന്നു,

ഒന്നോ രണ്ടോ സംവാദങ്ങള്‍ നേരില്‍ കഴിഞ്ഞപ്പോഴേക്ക് നമ്മളൊക്കെ മുതിര്‍ന്ന ആളുകളല്ലേ എന്നൊരു ലൈനായി പിന്നെ. എന്നോട് അധികസംസാരത്തിന് അയാള്‍ നിന്നില്ല. ആകെ രണ്ടു ദിവസമാണ് ഒരുമിച്ചുണ്ടായത്, പിരിയുന്നതിന്റെ തലേ ദിവസം രാത്രി ആണും പെണ്ണും എല്ലാവരും കൂടെ മദ്യപിച്ചു. ഞാന്‍ മദ്യപിക്കാത്ത ആളായതുകൊണ്ട് അവരെ വിട്ടിട്ട് മാറിയിരിക്കുകയാണുണ്ടായത്.
അതിനു ശേഷം രാത്രി പുറത്തിറങ്ങിയിരുന്നു സംസാരിക്കുമ്ബോള്‍ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി അല്പം തളര്‍ന്ന് പിറകില്‍ തനിയെ മാറിയിരുന്നിരുന്നു. എന്റെ അമ്മച്ചി / ചേച്ചി സ്വഭാവം കൊണ്ട് അവള്‍ ഓക്കേ അല്ലേ എന്ന് ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഒരുവട്ടം നോക്കുമ്ബോള്‍ സിവിക് അവളുടെ അടുത്ത് വന്നിരിക്കുന്നുണ്ട്, ഞാന്‍ ആ കുട്ടിയോട് എന്റെയടുത്തേക്ക് പോരാന്‍ പറഞ്ഞെങ്കിലും അവള്‍ക്ക് എഴുന്നേറ്റു ഞാനിരിക്കുന്ന ഇടം വരെ എത്താന്‍ പറ്റുമായിരുന്നില്ല.കൂടെയുള്ള ആണ്‍കുട്ടികളോട് അവളെ നോക്കണേ എന്ന് പറഞ്ഞു, പിന്നീട് നോക്കുമ്ബോള്‍ അയാള്‍ അവളെ ബലമായി പിടിച്ചടുപ്പിച്ച്‌ ഉമ്മ വെക്കാന്‍ ശ്രമിക്കുകയാണ്. ഞാന്‍ എഴുന്നേറ്റ് അവിടെ എത്തുമ്ബോഴേക്ക് അയാള്‍ എണീറ്റുപോയി.

ആ കുട്ടി സങ്കടത്തിലും അപമാനത്തിലുമായിരുന്നു. ഞാന്‍ ചോദിച്ചു അയാളോട് ഞാന്‍ സംസാരിക്കണോ, പിടിച്ച്‌ ഒരെണ്ണം കൊടുക്കട്ടെ എന്നൊക്കെ. അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളില്‍ നിന്ന് ഉണ്ടായ ആ അപ്രതീക്ഷിതപെരുമാറ്റം കൊണ്ടാണോ അതോ ഇതിനും മുന്‍പ് നേരിട്ടിട്ടുണ്ടാകാവുന്ന എന്തോ ട്രോമ കൊണ്ടാണോ എന്നറിയില്ല, വേണ്ട ചേച്ചീ എന്നു പറഞ്ഞ് സുരക്ഷിതത്വം ഉറപ്പിക്കാന്‍ എന്നവണ്ണം എന്നോട് ചേര്‍ന്നിരിക്കുകയാണ് ആ കുട്ടി ചെയ്തത്. അയാളെ എന്നപോലെ അവളെയും ഞാന്‍ ആദ്യമായി കാണുകയായിരുന്നു അന്ന്. അതുകൊണ്ടുതന്നെ ഒരാള്‍ വേണ്ട എന്ന് പറയുന്നിടത്തുകയറി ഇടപെടുന്നത് ശരിയല്ല എന്ന ബോധ്യത്തില്‍ അത് ചെയ്യാതിരിക്കുകയും അവിടെ നിന്ന് പോകുന്ന സമയം വരെ അവള്‍ സേഫ് ആണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

അതിനുശേഷം അയാളോട് ഒരുവിധത്തിലുള്ള കൊണ്ടാക്റ്റും സൂക്ഷിച്ചിട്ടില്ല, പാഠഭേദത്തില്‍ കവിത ചോദിച്ചിട്ട് കൊടുത്തതുമില്ല. പെണ്‍കുട്ടികളും സ്ത്രീകളും കൂടെ സ്വാതന്ത്ര്യത്തോടെ നടക്കുന്നത് നിങ്ങളെ ആരെയും കണ്ടുമോഹിച്ചിട്ടല്ല. നിങ്ങള്‍ ഇല്ലെങ്കിലും അവര്‍ അതേ നടപ്പ് നടക്കും. കൂടെയിരുന്നു മദ്യപിച്ചാല്‍ അതിന്റെ അര്‍ത്ഥം കൂടെ കിടക്കാന്‍ തയ്യാറാണെന്നല്ല, നിങ്ങളെ അവര്‍ തുല്യരായി കാണുന്നു എന്നുമാത്രമാണ്. അത്ര പോലും മനസിലാക്കാത്ത പുരുഷന്മാരോടും, സിവിക്കിനെ പോലുള്ള ആളെ ഒരു പെണ്‍കുട്ടിയുടെ ആരോപണം പോലും വകവെക്കാതെ താങ്ങുന്ന സ്ത്രീകളോടും കഷ്ടം എന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് എന്നെങ്കിലും നേരം വെളുക്കുമായിരിക്കും, എല്ലാ ആശംസകളും.
അതിജീവിതക്കൊപ്പം മാത്രം.

shortlink

Related Articles

Post Your Comments


Back to top button