Latest NewsKeralaIndia

സ്വപ്‌നയുടെ മൊഴിയിൽ ഉള്ളത് ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള തെളിവുകൾ: നിർണ്ണായക നീക്കവുമായി ഇഡി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ കയ്യിൽ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ രാജ്യദ്രോഹം തെളിയിക്കാന്‍ പോന്ന തെളിവുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഹൈക്കോടതിയില്‍ സ്വപ്‌ന നല്‍കുന്ന തെളിവ് എന്തെന്ന് മനസ്സിലാക്കി മുമ്പോട്ട് പോകാനാണ് ഇഡിയുടെ നീക്കം.

കെടി ജലീലിനെതിരായ തെളിവിനെ കുറിച്ച്‌ ഇഡിയോടും സ്വപ്ന മൊഴി എടുക്കുമ്പോള്‍ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ അധികാര പരിധിക്ക് അപ്പുറത്തേക്കുള്ള സ്വഭാവം അതിനുള്ളതിനാൽ കൂടുതൽ അന്വേഷണത്തിന് പോയിരുന്നില്ല. സാമ്പത്തിക കുറ്റകൃത്യം മാത്രമാണ് ഇഡി അന്വേഷിക്കുന്നത്. അതുകൊണ്ടാണ് ആ തെളിവുകളിലേക്ക് കൂടുതല്‍ വിശദീകരണം സ്വപ്‌നയില്‍ നിന്ന് തേടാതിരുന്നത്. ഈ വസ്തുതയാണ് ഹൈക്കോടതിക്ക് മുമ്പില്‍ സ്വപ്‌ന സമര്‍പ്പിക്കുകയെന്നതാണ് അവരുടെ വിലയിരുത്തല്‍.

read also: മൊഴി ഗൗരവകരം, ഇഡി സുപ്രീംകോടതിയിലേക്ക്: കേസ് കേരളത്തിൽ നിന്ന് മാറ്റുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകളോടെ

ഖുറാന്‍ കടത്തിലും സ്വര്‍ണ്ണ കടത്തിലും ഡോളര്‍ കടത്തിലും ജലീലിന്റെ പേര് ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കോടതിമാറ്റത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമം നടത്തുന്നത്. ഇതിനായി ഇഡി പ്രധാനമായും ഉന്നയിക്കുക എതിര്‍ക്കേസുകളും കേസിലെ ഉന്നതരുടെ പങ്കാളിത്തവുമാണ്. കേരളത്തിലെ കോടതികളില്‍ വിചാരണ നടത്തുന്നത് കേസിന്റെ നീതിപൂര്‍വമായ നടത്തിപ്പിനെ ബാധിക്കാനിടയുണ്ടെന്ന് ഇതിനൊപ്പം കേന്ദ്രസര്‍ക്കാരും വാദിച്ചേക്കും. വിചാരണക്കോടതി മാറ്റുമെങ്കിലും അന്വേഷണം കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സ്വര്‍ണക്കടത്തുകേസ് കേരളത്തിന്റെ പുറത്തേക്ക് മാറ്റാനുള്ള ഇഡി നീക്കത്തില്‍ വിശ്വാസമുണ്ടെന്ന് സ്വപ്നാ സുരേഷ് പ്രതികരിച്ചിട്ടുണ്ട്. കേരളത്തില്‍ അന്വേഷണം നടന്നാല്‍ സത്യം തെളിയില്ല എന്ന വിഷമത്തിലായിരുന്നു. മുഖ്യമന്ത്രിയും സംഘവും അന്വേഷണത്തിലിടപെടുന്നു. എന്നെ പിന്തുണയ്ക്കുന്നവരെ ഉപദ്രവിക്കുകയാണ്. മന്ത്രി കെ.ടി. ജലീല്‍ചെയ്ത ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ അഭിഭാഷകന് നല്‍കിയിട്ടുണ്ട്. ഇത് നാളെ കോടതിയില്‍ ഫയല്‍ ചെയ്യും -സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്നാ സുരേഷ് നല്‍കിയ പുതിയ രഹസ്യമൊഴിയായിരിക്കും ഇഡിയുടെ പ്രധാന ആയുധം. ഈ രഹസ്യമൊഴി ഇഡിക്കല്ലാതെ മറ്റൊരു ഏജന്‍സിക്കും ലഭിച്ചിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണാ വിജയന്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ച്‌ രഹസ്യമൊഴിക്കുമുന്നേ സത്യവാങ്മൂലം നല്‍കിയതായി സ്വപ്ന തന്നെ പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഉന്നതവ്യക്തികള്‍ ഉള്‍പ്പെട്ട കേസാണെന്ന് ഇഡിക്ക് ഇക്കാരണത്താല്‍ സമര്‍ത്ഥിക്കാനും എളുപ്പമാണ്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചതും ഇഡി ചൂണ്ടിക്കാട്ടും. ചില മുൻ മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസാണിതെന്ന വാദവും ഉന്നയിക്കപ്പെടും. ഇതിനുപുറമേ അന്വേഷണ ഏജന്‍സിക്കെതിരേ സംസ്ഥാനത്ത് എടുത്ത കേസും ചൂണ്ടിക്കാട്ടിയേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സ്വപ്നാ സുരേഷിനെ നിര്‍ബന്ധിച്ചു എന്നതിലായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്.

തന്നെക്കൊണ്ട് ജയിലില്‍വെച്ച്‌ നിര്‍ബന്ധിച്ചു പറയിപ്പിച്ചതാണ് ഈ ഫോണ്‍ സംഭാഷണമെന്ന് സ്വപ്ന തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.  സുപ്രീംകോടതിയില്‍ സംസ്ഥാനം ഇതിനെ എതിര്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കേസിനുപിന്നിലെ രാഷ്ട്രീയമായിരിക്കും ചൂണ്ടിക്കാട്ടുക. കേരളത്തിലെ സിപിഎമ്മിനെ തകര്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിക്കുന്നു എന്ന തുടക്കംമുതലുള്ള കേരള സര്‍ക്കാരിന്റെ ആരോപണം കോടതിയിലും ചൂണ്ടിക്കാട്ടപ്പെടും.

 

shortlink

Related Articles

Post Your Comments


Back to top button