KeralaLatest NewsNews

അഞ്ചു വര്‍ഷത്തിനകം 63 ലക്ഷം ചതുരശ്ര അടി ഐ.ടി സ്പേസ്, 67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

 

തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐ.ടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാലയളവില്‍ 63 ലക്ഷം ചതുരശ്ര അടി ഐ.ടി സ്പേസുകളും 67,000 തൊഴിലവസരങ്ങളുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐ.ടി സ്പേസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 

1,61,000 ചതുരശ്ര അടി ഐ.ടി സ്പേസാണ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മൂന്നു നിലകളിലായുള്ള കൊഗ്‌നിസന്റ് ടെക്നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐ.ടി സ്പേസ്, ജ്യോതിര്‍മയ ബ്ലോക്കില്‍ 35,000 ചതുരശ്ര അടി, തൃശ്ശൂർ ഇന്‍ഫോപാര്‍ക്കില്‍ 25,000 ചതുരശ്ര അടി എന്നിങ്ങനെയാണ് ഐ.ടി സ്പേസ് ആരംഭിക്കുന്നത്. മൂന്നു സ്പേസുകളിലുമായി 18 കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നിലവിലെ ഐ.ടി പാര്‍ക്കുകള്‍ക്കു പുറമേ കൊല്ലത്തും കണ്ണൂരും ഐ.ടി പാര്‍ക്കുകള്‍ ആരംഭിക്കും. വൈജ്ഞാനിക, നൂതനത്വ സമൂഹമായി നാടിനെ മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി കൃത്യമായ ദിശാബോധത്തോടെ മുന്നേറുകയാണു സര്‍ക്കാര്‍. പരമ്പരാഗത ചിന്തകളെ ‘തിങ്ക് ബിഗ്’ ചിന്തകള്‍ കൊണ്ട് പകരംവയ്ക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ചടങ്ങില്‍ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പി.വി ശ്രീനിജിന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, വാര്‍ഡ് അംഗം ടി.എസ് നവാസ്, കേരള ഐ.ടി പാര്‍ക്ക് സിഇഒ ജോണ്‍ എം. തോമസ്, കോഗ്നിസന്റ് ഡിജിറ്റല്‍ ബിസിനസ് ആന്‍ഡ് ടെക്നോളജി ഇന്ത്യ ഹെഡ് ആന്‍ഡ് പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍, സെസ് ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ ബോണി പ്രസാദ റാവു തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button