Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഫുട്ബോൾ ആരവം: പന്തുരുളാൻ ഇനി രണ്ട് ദിവസം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്താനുളള ഒരുക്കത്തിലാണ്. സമ്മർ സീസണിൽ മികച്ച താരങ്ങളെ തട്ടകത്തിലെത്തിച്ച സിറ്റിയ്ക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നവും ബാക്കിയുണ്ട്.

ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ കടുത്ത വെല്ലുവിളികൾ സിറ്റി പുതിയ സീസണിൽ നേരിടേണ്ടി വരും. കഴിഞ്ഞ സീസണില്‍ ഒറ്റപ്പോയിന്റിനാണ് സിറ്റി, ലിവര്‍പൂളിനെ മറികടന്ന് ഒന്നാമതെത്തിയത്. ഒരുപിടി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ച ആത്മവിശ്വാസത്തിലാണ് ചെൽസി, ലിവർപൂൾ ഉൾപ്പെടെയുള്ള വമ്പന്മാർ. ഇത്തവണയും അതിശക്തമായ പോരാട്ടമുണ്ടാവുമെന്ന് കമ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ തന്നെയാണ് ഇക്കുറിയും സിറ്റിയുടെ കരുത്ത്. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ സെര്‍ജിയോ അഗ്യൂറോ ടീം വിട്ടുപോയിട്ടും കഴിഞ്ഞ സീസണില്‍ സിറ്റി 99 തവണയാണ് എതിരാളികളുടെ വല കുലുക്കിയത്. ഗബ്രിയേല്‍ ജെസ്യൂസിനെ ആഴ്‌സണലിനും റഹിം സ്റ്റെര്‍ലിംഗിനെ ചെല്‍സിക്കും ഫെര്‍ണാണ്ടീഞ്ഞോയെ അത്‌ലറ്റിക്കോ പരാനെന്‍സിനും കൊടുത്ത സിറ്റി പകരം ടീമിലെത്തിച്ചത് എര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ അല്‍വാരസ്, കാല്‍വിന്‍ ഫിലിപ്‌സ് എന്നിവരെയാണ്.

Read Also:- വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 പരമ്പര: വീസ പ്രശ്‌നം പരിഹരിച്ചു, അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ

ഗോളടി മികവുകൊണ്ട് ഇതിനോടകം പേരെടുത്ത ഹാലന്‍ഡും അല്‍വാരസും സിറ്റിക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്. കെവിന്‍ ഡിബ്രൂയിന്‍, കെയ്ല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, ഫില്‍ ഫോഡന്‍, ഇല്‍കായ് ഗുണ്‍ഡോഗന്‍, ബര്‍നാര്‍ഡോ സില്‍വ, റോഡ്രി, റിയാദ് മെഹറസ്, ജാക് ഗ്രീലിഷ്, എഡേഴ്‌സണ്‍ എന്നിവര്‍കൂടി ചേരുമ്പോൾ ഈ സീസണിലും സിറ്റി അതിശക്തരാണ്. ഞായറാഴ്ച രാത്രി ഒമ്പതിന് വെസ്റ്റ് ഹാമിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ആദ്യ മത്സരം. ചെല്‍സി, ലിവര്‍പൂള്‍, ടോട്ടന്‍ഹാം എന്നിവര്‍ക്കും ശനിയാഴ്ച്ച മത്സരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button