KeralaLatest NewsNews

‘എന്റെ നിക്കാഹിന് എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’?: മഹല്ല്‌ കമ്മിറ്റിയോട്‌ ബഹിജ ദലീല

കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിക്കുള്ളില്‍ വെച്ച് നടന്ന നിക്കാഹ് ചടങ്ങില്‍ വധു പങ്കെടുത്തത് വിവാദമായ സാഹചര്യത്തിൽ മാപ്പ് പറഞ്ഞ മഹല്ല് കമ്മിറ്റിക്ക് മറുപടിയുമായി വധു. പിതാവിനും വരനുമൊപ്പം ചടങ്ങിൽ പങ്കെടുത്ത വധു ബഹിജ ദലീലയാണ് തന്റെ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹില്‍ പങ്കെടുത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നും,
തന്റെ ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ തന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നും ബഹിജ ദലീല ചോദിച്ചു.

പള്ളിയില്‍ വെച്ച് നടന്ന നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ച മഹല്ല് കമ്മിറ്റി സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഉത്തരവിറക്കിയ മഹല്ല് കമ്മിറ്റിയോടായിരുന്നു യുവതിയുടെ ചോദ്യം. പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ദലീല.

‘നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്തമില്ല’, ദലീലയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് കുറ്റ്യാടിയിലെ പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയില്‍ ദലീലയും വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമും തമ്മിലുള്ള നിക്കാഹ് കഴിഞ്ഞത്. ചടങ്ങിൽ പങ്കെടുക്കാൻ ദലീലയും പള്ളിയിൽ എത്തിയിരുന്നു. ഇത് വാർത്തയായതോടെ മഹല്ല് സെക്രട്ടറി ഖേദപ്രകടനം നടത്തണമെന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കുകയായിരുന്നു. സംഭവിച്ചത് വലിയ തെറ്റാണെന്നും ഇത് ആവര്‍ത്തിക്കരുതെന്ന് കമ്മിറ്റി താക്കീത് ചെയ്യുകയും ചെയ്തു. ഇതോടെയാണ് യുവതി തന്നെ തന്റെ ‘നിക്കാഹ് വിവാദ’ത്തിൽ പ്രതികരണമറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button