Independence DayLatest NewsNewsIndia

ഇന്ത്യ@75: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി രൂപപ്പെടുത്തിയ സുപ്രീം കോടതിയുടെ ഏറ്റവും മികച്ച വിധിന്യായങ്ങൾ

ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണ് സുപ്രീം കോടതി. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്. സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന ഹൈക്കോടതികളിലെ വിധികൾക്കെതിരേയുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി രൂപപ്പെടുത്തിയ ഏറ്റവും മികച്ച 7 വിധിന്യായങ്ങൾ നോക്കാം.

1. എ.കെ ഗോപാലൻ V/S മദ്രാസ് സ്റ്റേറ്റ്, 1950:

കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ ഗോപാലൻ 1950-ൽ പ്രിവന്റീവ് ഡിറ്റൻഷൻ നിയമപ്രകാരം മദ്രാസ് ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലാക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായി പരിഗണിക്കപ്പെടുന്നവയിൽ ഒന്നാണ് എ.കെ. ഗോപാലൻ V/S മദ്രാസ് സംസ്ഥാനം എന്ന കേസ്. ഇന്ത്യൻ ഭരണഘടനയുടെ ജീവിക്കാനുള്ള അവകാശമടങ്ങുന്ന അനുച്ഛേദം 21 ന്റെയും മറ്റ് മൌലികാവകാശങ്ങളുടെയും പശ്ചാത്തലത്തിൽ 1950 ലെ കരുതൽ തടങ്കൽ നിയമത്തിന്റെ വ്യവസ്ഥകളുടെ നിയമസാധുത പരിശോധിച്ച കേസാണിത്.

നിയമത്തിലെ 7, 8, 10, 11, 12, 13, 14 വകുപ്പുകൾ ഇന്ത്യൻ ഭരണഘടനയുടെ 13, 19, 21 വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി അദ്ദേഹം വാദിച്ചു. വിചാരണ കൂടാതെയും തന്റെ ഭാഗം കേൾക്കാതെയും നിരന്തരം തടവിൽ പാർപ്പിക്കുന്നത് ഒരു വ്യക്തിക്ക് ഭരണഘടനയുടെ 21 ആം അനുഛേദം നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നും, കൂടാതെ ഭരണകൂടത്തിന്റെ ഈ ശ്രമം അനുഛേദം 19 വിഭാവനം ചെയ്യുന്ന സഞ്ചാര സ്വാതന്ത്ര്യമടക്കമുള്ള അവകാശത്തെയും അനുഛേദം 22 പ്രകാരമുള്ള അന്യായ തടങ്കലിൽ നിന്നുമുള്ള സംരക്ഷണത്തെയും ഹനിക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു.

വിധി:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 22 ഒരു സ്വതന്ത്ര കോഡാണെന്ന് ഇന്ത്യൻ സുപ്രീം കോടതി വാദിച്ചു. ഒരു നിയമ പ്രകാരം ഭരണകൂടം ചെയ്യുന്ന കാര്യങ്ങൾ മുൻപറഞ്ഞ ഭരണകൂട പരിരക്ഷകളുടെ ലംഘനമായി കണക്കാക്കാനാവില്ല എന്നായിരുന്നു സുപ്രീം കോടതി അന്ന് വിധിച്ചത്. ഭാരതത്തിന്റെ ആദ്യ മുഖ്യന്യായാധിപൻ ജസ്റ്റിസ് എം.എച്ച്. കനിയ, സെയ്ദ് ഫസൽ അലി, പതഞ്ജലി ശാസ്ത്രി, മെഹർ ചന്ദ് മഹാജൻ, ബി.കെ മുഖർജി, എസ്. ആർ. ദാസ് എന്നീ ന്യായാധിപന്മാരും അടങ്ങിയ പരമോന്നത കോടതി ബെഞ്ചാണ് ഈ കേസിൽ തീർപ്പ് കൽപ്പിച്ചത്.

2. കേശവാനന്ദ ഭാരതി ശ്രീപാദഗലവരു V/S സ്റ്റേറ്റ് ഓഫ് കേരള,1973:

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും അവിസ്മരണീയമായ കേസുകളിൽ ഒന്നാണിത്. 1970-ലാണ് ഇത് ഫയൽ ചെയ്തത്. കേശവാനന്ദ ഭാരതി എടനീർ മഠത്തിന്റെ തലവനായിരുന്നു. ഭാരതിയുടെ പേരിൽ നിരവധി ഭൂമി ഉള്ള സമയത്ത് കേരള സംസ്ഥാന സർക്കാർ 1969-ലെ ഭൂപരിഷ്‌കരണ ഭേദഗതി നിയമം കൊണ്ടുവന്നു. ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് ഇദ്ദേഹമായിരുന്നു. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ ഉയർന്നു. മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ഹർജിക്കാരൻ വാദിച്ചത്.

വിധി:

സുപ്രീം കോടതിയിലെ 13 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് ആയിരുന്നു വിധി പ്രഖ്യാപിച്ചത്. ഭരണഘടനയുടെ അടിസ്ഥാന ഘടനാ സിദ്ധാന്തത്തെ വിവരിക്കുകയും അതിന് സ്ഥിരത നൽകുകയും ചെയ്യുന്നതായിരുന്നു 7:6 അനുപാതത്തിൽ പുറപ്പെടുവിച്ച വിധി. ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാ ഭേദഗതിയാവാമെന്നും, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്നും വിധി വന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടന റദ്ദാക്കാൻ പാടില്ലെന്നും വിധി ഏറെ ചർച്ചയായി. പൊതു ആവശ്യങ്ങൾക്കുവേണ്ടിയു ഭരണഘടനയുടെ ഭാഗം നാലിൽ പറയുന്ന നിർദ്ദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായി രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വിധിച്ചു.

3. സൈറ ബാനു V/S യൂണിയൻ ഓഫ് ഇന്ത്യ, 2017:

മുസ്ലീംകള്‍ക്കിടയില്‍ നടന്നുവന്നിരുന്ന മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് 2016-ൽ സൈറ ബാനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ഇത് തുടച്ചുനീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. തന്റെ 15 വര്‍ഷത്തെ വിവാഹ ജീവിതം മിനുട്ടുകള്‍കൊണ്ട് മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ഉപേക്ഷിച്ചതോടെയാണ് ഇവര്‍ ഇതിനെതിരെ നിയമപോരാട്ടം ആരംഭിച്ചത്. മുസ്ലീം സമുദായത്തിൽ അനുഷ്ഠിക്കുന്ന തലാഖ്-ഇ-ബിദ്ദത്ത്, ബഹുഭാര്യത്വം, നിക്കാഹ്-ഹലാല എന്നിവ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സൈറ ബാനു ഹർജി ഫയൽ ചെയ്തത്. ഇത്തരം നടപടികൾ ഇന്ത്യൻ ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ബാനു വാദിച്ചു.

വിധി:

യൂണിയൻ ഓഫ് ഇന്ത്യയും ബേബാക്ക് കളക്ടീവ്, ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ (ബിഎംഎംഎ) തുടങ്ങിയ സ്ത്രീ അവകാശ സംഘടനകളും സൈറ ബാനുവിന്റെ ഹർജിയെ പിന്തുണച്ചു. ഹർജി സ്വീകരിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. മുത്തലാഖ് ഏത് രൂപത്തിലായാലും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തൽക്ഷണ മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. 2017 ആഗസ്റ്റ് 22 ന്, ഭർത്താവിന് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മുത്തലാഖ് നിരോധന നിയമം സുപ്രീം കോടതി പ്രഖ്യാപിച്ചു.

4. നവതേജ് സിങ് ജോഹർ V/S യൂണിയൻ ഓഫ് ഇന്ത്യ, 2018:

2016 ജൂണിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിനെ ചോദ്യം ചെയ്തുകൊണ്ട് നവതേജ് സിങ് ജോഹറും മറ്റ് അഞ്ച് എൽ.ജി.ബി.ടി കമ്മ്യൂണിറ്റിയിലെ അംഗങ്ങളും സുപ്രീം കോടതിയിൽ ഒരു റിട്ട് ഹർജി സമർപ്പിച്ചു. 25 വയസ്സ് പ്രായമുള്ള തന്റെ പങ്കാളിയുടെ കൂടെ സുപ്രീം കോടതിയെ സമീപിച്ച നാവതേജ്, സെക്ഷൻ 377 ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് എന്ന് വാദിച്ചു.

വിധി:

എൽ.ജി.ബി.ടി കമ്മ്യൂണിറ്റിയിലെ വ്യക്തികൾക്കിടയിൽ ഉഭയസമ്മതത്തോടെയുള്ള ബന്ധം അനുവദിച്ചുകൊണ്ട്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അഞ്ച് പേർ ഏകകണ്ഠമായി റദ്ദ് ചെയ്തു. കോടതി അനുവദിച്ചു. ഇത് ചരിത്രപരമായ സുപ്രീം കോടതി വിധികളിൽ ഒന്നായി മാറി. ഒരേ ലിംഗത്തിലുള്ളവരുമായി ശാരീരിക ബന്ധത്തിലേർപ്പെടാമെന്നും, എൽജിബിടി വ്യക്തികളുടെ തിരഞ്ഞെടുപ്പ് അവരുടെ തിരഞ്ഞെടുപ്പാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അവരുടെ മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ അവർക്ക് തുല്യ അവകാശമുണ്ടെന്നും കോടതി കണ്ടെത്തി. ഉഭയകക്ഷി സമ്മതത്തോടെ ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയതും സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു.

5. ഇന്ദിര സാഹ്നി V/S യൂണിയൻ ഓഫ് ഇന്ത്യ

രാജ്യത്തെ സംവരണവ്യവസ്ഥയുടെ ചരിത്രത്തിൽ ഏറെ ചർച്ചയായ കേസാണ് ഇന്ദിരാ സാഹ്നിയുടേത്. പി. സിങ് സർക്കാർ 1990 ഓഗസ്റ്റിൽ, മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി, പിന്നാക്ക വിഭാഗങ്ങൾക്ക് പ്രഖ്യാപിച്ച 27% ജോലി സംവരണത്തിനെതിരെയാണ് ഇന്ദിര ആദ്യം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്. അനേകം സംഘടനകൾ കേസിൽ കക്ഷി ചേർന്നു. ജാതി സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം ഉൾപ്പെടുത്തിയതിന്റെ ഭരണഘടനാ സാധുതയെയാണ് ചോദ്യം ചെയ്തത്. വിവിധ സർക്കാർ ജോലികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉയർന്ന ജാതിക്കാർക്ക് 10 ശതമാനം സംവരണം അനുവദിച്ചതിനെതിരെയായിരുന്നു കേസ്.

വിധി:

ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് 50% പരിധി ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ജോലികളിൽ ഒബിസികൾക്ക് പ്രത്യേക സംവരണം സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 16 (4) പ്രകാരമുള്ള നിയമനങ്ങളിലെ സംവരണം സ്ഥാനക്കയറ്റത്തിന് ബാധകമല്ലെന്നും വിധിയിൽ പറയുന്നു. ഒബിസികൾക്ക് 27% കേന്ദ്ര സർക്കാർ സംവരണം നൽകി വിധി നടപ്പാക്കി.

shortlink

Related Articles

Post Your Comments


Back to top button