Independence DayLatest NewsNewsIndia

സുഷമ സ്വരാജ് മുതൽ സോണിയ ഗാന്ധി വരെ: ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി മാറിയ ഇന്ത്യയിലെ ശക്തരായ വനിതകൾ

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന ഇന്ത്യ, ഇന്ന് കണ്ട ഇന്ത്യയായി മാറാൻ അക്ഷീണം പ്രവർത്തിച്ച നിരവധി പേരിൽ ഒരിക്കലും മറന്നുകൂടാത്ത ചില ശക്തരായ വനിതാ രാഷ്ട്രീയ നേതാക്കളുണ്ട്. ഇന്ത്യയിലെ ശ്രദ്ധേയരായ വനിതാ രാഷ്ട്രീയക്കാർ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്. ഇന്ത്യയിലെ രാഷ്ട്രീയ മണ്ഡലം പ്രധാനമായും പുരുഷന്മാരാണ് ആധിപത്യം പുലർത്തുന്നതെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, പല ഇന്ത്യൻ വനിതാ രാഷ്ട്രീയ നേതാക്കളും തങ്ങളുടെ ശക്തമായ അഭിപ്രായങ്ങളിലൂടെയും രാജ്യത്തിന് വേണ്ടിയുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെയും അവരുടേതായ ഇടം സൃഷ്ടിച്ചവരാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വനിതാ രാഷ്ട്രീയ നേതാക്കളിൽ പല രാഷ്ട്രീയ നിരയിൽ നിന്നുമുള്ളവരുണ്ട്. ഇന്ദിരാ ഗാന്ധി മുതൽ നിർമ്മല സീതാരാമൻ വരെയുള്ള ശക്തരായ രാഷ്ട്രീയ നേതാക്കൾ ആരൊക്കെയെന്ന് നോക്കാം.

ഇന്ദിരാ ഗാന്ധി

ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളാണ് ഇന്ദിരാ ഗാന്ധി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ മകളായിരുന്ന ഇന്ദിരാ ഗാന്ധി ഇന്നും കോൺഗ്രസ് നേതൃത്വങ്ങൾക്കും, രാഷ്ട്രീയ മേഖലയിലും ശക്തയായ മുഖം തന്നെയാണ്. 1959 ൽ കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പ്രഭാവം ഇന്ത്യ അറിഞ്ഞുതുടങ്ങിയത്. 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായി ഇവർ സ്ഥാനമേറ്റെടുത്തു.

അധികാര കേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും പ്രതീകമായിരുന്നു ഇന്ദിര. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. 1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് ഇവർ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.

ജയലളിത

ജയലളിത എക്കാലത്തെയും മികച്ച ഇന്ത്യൻ രാഷ്ട്രീയക്കാരിൽ ഒരാളാണ്. സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയ ജീവിതത്തിലേക്ക് ചുവടുമാറ്റിയ ജയലളിത ഇന്നും തമിഴ്മക്കളുടെ കൺകണ്ട ദൈവം തന്നെയാണ്. 1991 നും 2016 നും ഇടയിലായി 6 തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ആളാണ് ജയലളിത. തമിഴ്‌നാടിന്റെ ‘അമ്മ’യായി അവർ ഇന്നും അറിയപ്പെടുന്നു.

സോണിയ ഗാന്ധി

രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ ഇടക്കാല അധ്യക്ഷയാണ് സോണിയ ഗാന്ധി. കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന സോണിയ ഗാന്ധി, ഇന്ത്യയിലെ പൗരന്മാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും കോൺഗ്രസുകാർക്കിടയിൽ.

സുഷമ സ്വരാജ്

ഇന്ത്യൻ രാഷ്ട്രീയത്തിൽ നീണ്ട ഭരണകാലത്ത് ഒന്നിലധികം വകുപ്പുകൾ വഹിച്ച സുഷമ സ്വരാജ്, ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്നു. മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒന്നിലധികം ഇന്ത്യക്കാരെ സഹായിച്ച സുഹസ്മ സ്വരാജ് മാതൃത്വത്തിന്റെ മറ്റൊരു മുഖമായിരുന്നു. രാഷ്ട്രീയഭേദമന്യേ ഇവർ ജനഹൃദയത്തിൽ ചേക്കേറി. മോദി സർക്കാരിന്റെ പ്രധാന മുഖങ്ങളിലൊന്നായി സുഷമ സ്വരാജ് മാറി. എക്കാലത്തെയും മികച്ച ബി.ജെ.പി നേതാക്കളിൽ ഒരാളാണ് സുഷമ സ്വരാജ്.

മമത ബാനർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 34 വർഷത്തെ ഭരണത്തെ താഴെയിറക്കി സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ചരിത്രമായിരുന്നു അത്. 1997-ൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി ആരംഭിച്ച ഇവർ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന കളിക്കാരിലൊരാളായി. വിവാദങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും തന്റേതായ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് മമത ഇപ്പോഴും നിൽക്കുന്നത്.

നിർമ്മല സീതാരാമൻ

ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും 100 കരുത്തരായ വനിതകളുടെ പട്ടികയിൽ നിർമ്മലയ്ക്ക് 34-ാം സ്ഥാനമാണ്. 2014 മേയ് 26ന് മോദി മന്ത്രിസഭയിൽ അംഗമായി. വാണിജ്യവും വ്യവസായവും വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് ചുമതലയേറ്റത്. ഒപ്പം ധനകാര്യം‌, കോർപ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമത്ത ഏറ്റെടുത്ത ഇവർ തന്റെ കടമ കൃത്യമായും കുറ്റമറ്റതുമായ രീതിയിൽ നിർവഹിക്കുന്നു. എറ്റെടുത്ത വകുപ്പുകളിൽ എല്ലാം കഴിവ് തെളിയിച്ചതിനാൽ ഭാവിയിൽ ഇന്ത്യയുടെ വനിതാ പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള ആളാണ് നിർമ്മല എന്നാണ് സംസാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button