KeralaLatest NewsNewsIndia

‘മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്നു’; മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുത്. നാല് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാർട്ടികൾക്കെതിരായ ഹർജിയിലാണ് നടപടി.

സയ്യദ് വാസിം റിസ്വി ആണ് ഹർജിക്കാരൻ. ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചത്. ജനപ്രാധിനിത്യ നിയമത്തിലെ 29(എ), 123(3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ പോരോ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടാന്‍ പാടില്ല. എന്നാല്‍, മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാന പാര്‍ട്ടികള്‍ മതത്തിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളില്‍ മതപരമായ ചിഹ്നവുമുണ്ട്. ഇതിനാൽ ഈ പാർട്ടികളെ നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സ്ഥാനാര്‍ത്ഥിക്ക് മാത്രമല്ലെ ബാധകമെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യവസ്ഥ ബാധകമാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. കേരളത്തില്‍ നിന്ന് മുസ്ലീം ലീഗിന് ലോകസഭയിലും രാജ്യസഭയിലും അംഗങ്ങളുണ്ടെന്നും, അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതേസമയം മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button