KeralaLatest NewsNews

മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ മുഖ്യ വരുമാനം: ഗവർണറുടെ വാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ മുഖ്യവരുമാനമെന്ന ഗവർണറുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോട്ടറിയും മദ്യവുമാണ് കേരളത്തിന്റെ മുഖ്യ വരുമാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന ഗവർണർ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സ്വെെര്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നു: തലയ്‌ക്ക് ലക്ഷങ്ങള്‍ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി

മദ്യത്തിൽ നിന്നും കൂടുതൽ വരുമാനം കിട്ടുന്ന ആദ്യത്തെ 10 സംസ്ഥാനങ്ങളിൽ കേരളമില്ല. കേരളത്തിലേത് സർക്കാർ സുതാര്യമായി നടത്തുന്ന ലോട്ടറിയാണ്. മാതൃകാപരമായി നടത്തുന്ന ലോട്ടറിയും കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സല്ല. അത് മനസിലാക്കാൻ അദ്ദേഹം തന്റെ മുന്നിലെത്തുന്ന ബഡ്ജറ്റ് ഡോക്യുമെന്റുകളിലൂടെ കണ്ണോടിച്ചു നോക്കുന്നത് നന്നാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി വിഷയത്തെ വീണ്ടും പൊടി തട്ടിയെടുക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് കൂടിയായ ബിജെപി നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് പൗരത്വ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ടത്. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞതാണിത്. കോവിഡ് ബൂസ്റ്റർ ഡോസ് പ്രക്രിയ പൂർത്തീകരിച്ചു കഴിഞ്ഞാൽ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ പശ്ചാത്തലത്തിൽ, കണ്ണൂർ ചരിത്ര കോൺഗ്രസ് വിഷയം സാന്ദർഭികമായല്ലാതെ ഉദ്ധരിക്കുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല. ഈ വിഷയത്തിൽ ഒറ്റക്കാര്യമേ പറയാനുള്ളൂ. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന ഈ നിയമം കേരളത്തിൽ നടപ്പാവില്ല. ഇത് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പൗരത്വ നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്. ഇടതുപക്ഷം ഇവിടുള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണിൽ നടപ്പാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്മ്യൂണിസം വിദേശത്തു നിന്നു കടത്തിയ ആശയമാണെന്നാണ് അദ്ദേഹത്തിന്റെ പരാതി. അങ്ങനെയാണെങ്കിൽ ഇന്നു ഈ രാജ്യത്തു നില നിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ഉത്ഭവം എവിടെയാണ്. അതും വന്നത് യൂറോപ്പിൽ നിന്നാണ്. അതെങ്ങനെയാണ് വന്നത്. രക്തരൂക്ഷിതമായ അടിച്ചമർത്തലിന്റെയും അധിനിവേശത്തിന്റെയും കൊള്ളയുടെയും നൂറ്റാണ്ടുകൾ നീണ്ട ചരിത്രമാണ് ഇന്ത്യയ്ക്ക് മുതലാളിത്തവും സാമ്രാജ്യത്വവും സമ്മാനിച്ചിട്ടുള്ളത്. ആ അധിനിവേശത്തിനും ചൂഷണത്തിനുമെതിരെ നടത്തുന്ന ഇന്നും തുടരുന്ന സമരത്തിന്റെ അഭിമാനകരമായ ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർക്കുള്ളത്. അതുൾക്കൊള്ളാൻ അതേ സാമ്രാജ്യത്വത്തിന്റെ തിണ്ണയിൽ മാപ്പിരക്കാനായി നിരങ്ങിയ പ്രത്യയശാസ്ത്ര ബോധ്യത്തിന് സാധിക്കില്ല എന്നത് നാം കാണണമെന്നും പിണറായി വിജയൻ പറഞ്ഞു.

Read Also: മത്സരിക്കാന്‍ രാഹുല്‍ഗാന്ധിയില്ല: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗലോട്ടിനെതിരെ മത്സരിക്കാൻ തരൂരിന്‍റെ നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button