KeralaLatest NewsNews

എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനെതിരെ തെളിവായത് ആക്രമണ സമയത്തെ ദൃശ്യങ്ങളില്‍ കണ്ട കാറും ടീ ഷര്‍ട്ടും

എകെജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനാണെന്നു ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചത് കാറില്‍ നിന്ന്

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനാണെന്നു ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചത് കാറില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 30ന് രാത്രി 11.25ന് എകെജി സെന്ററിന്റെ മതിലിനു നേരെ പടക്കം എറിഞ്ഞശേഷം ചുവപ്പു നിറത്തിലുള്ള ഡിയോ സ്‌കൂട്ടറില്‍ ജിതിന്‍ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതു മനസിലായതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Read Also:‘നിർഭയത്വത്തിന്റെയും ദേശസ്നേഹത്തിന്റെയും പര്യായമായിരുന്നു’: ഇന്ദിരാ ഗാന്ധി മുതൽ സാക്കിർ ഹുസൈൻ വരെ,സവർക്കറെ പുകഴ്ത്തിയവർ

കെഎസ്ഇബിയുടെ ബോര്‍ഡ് സ്ഥാപിച്ച കാറിനടുത്തേക്ക് സ്‌കൂട്ടര്‍ വരുന്നതും പിന്നീട് കാറിനു പിന്നാലെ ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ചു മുന്നോട്ടുപോയ ശേഷം ജിതിന്‍ സ്‌കൂട്ടര്‍ നിര്‍ത്തി കാറിലേക്ക് കയറി ഓടിച്ചു പോയി. ജിതിന്‍ വന്ന സ്‌കൂട്ടര്‍ കാറിലുണ്ടായിരുന്ന ആളാണ് കൊണ്ടുപോയത്. കാറിന്റെ ഉടമസ്ഥനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജിതിന്റെ പേരിലാണ് കാറെന്നു മനസിലായി. കെഎസ്ഇബി കഴക്കൂട്ടം അസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കായി ഓടുന്ന ടാക്‌സി കാറായിരുന്നു. അസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയറുമായി സംസാരിച്ചപ്പോള്‍ വൈകുന്നേരം വരെ കാര്‍ ഉപയോഗിച്ചതായും വാടകയ്ക്കാണ് കാര്‍ എടുത്തിരിക്കുന്നതെന്നും മനസിലായി.

കഴക്കൂട്ടം വരെ കാറിന്റെ ഡിക്കി തുറന്ന നിലയിലായിരുന്നു. സ്‌ഫോടക വസ്തു എടുക്കാനായി തുറന്ന ശേഷം അടയ്ക്കാന്‍ മറന്നതാകാമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. തുടര്‍ന്ന്, ജിതിനെ പലതവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ജിതിന്റെ മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പിടിച്ചെടുത്തു. രേഖകള്‍ പലതും നശിപ്പിച്ച നിലയിലാണ് ഫോണ്‍ ഹാജരാക്കിയത്. ഇതും സംശയത്തിനിടയാക്കിയതായി ക്രൈംബ്രാഞ്ച് പറയുന്നു. രേഖകള്‍ നശിപ്പിച്ചിട്ടുണ്ടോ എന്നു വ്യക്തമാകാന്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. ഇതോടൊപ്പം സിസിടിവി ദൃശ്യങ്ങള്‍ സ്വകാര്യ ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കി.

 

യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.

ജിതിനാണ് എകെജി സെന്ററിന് നേര്‍ക്ക് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button