KeralaLatest NewsNews

പുതിയ പ്രമേയങ്ങൾക്കുള്ള പ്രോത്സാഹനമാണ് സിനിമാ അവാർഡുകൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പ്രമേയവും ദൃശ്യ സാധ്യതകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞ 50 വർഷത്തെ ചലച്ചിത്ര അവാർഡുകൾ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: ‘ലക്കി ബിൽ’ ആപ്പ്: ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് സെപ്റ്റംബർ  30 വരെ ബില്ലുകൾ സമർപ്പിക്കാം

പ്രൊഫഷണൽ സമീപനവും വിശ്വാസ്യതയും നിലനിർത്തിയാണ് സംസ്ഥാന സിനിമാ അവാർഡുകൾ നിർണയിക്കുന്നത്. സിനിമയെ വിനോദ വ്യവസായം, കലാരൂപം എന്നീ രണ്ട് നിലകളിൽ പരിഗണിക്കാവുന്നതാണ്. ഉന്നതമായ കലാരൂപം എന്ന നിലയിൽ പ്രോൽസാഹനവും പ്രചോദനവും നൽകുന്നതിനാണ് സിനിമാ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിറഞ്ഞ മനസ്സോടെയാണ് ചലച്ചിത്ര പ്രവർത്തകർ ഈ അവാർഡുകൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മാധ്യമമെന്ന നിലയിൽ കഴിഞ്ഞ വർഷ സിനിമകൾ ശക്തമായ ഉള്ളടക്കമുള്ളവയായിരുന്നു. പുരോഗമനപരമായ കാഴ്ചപ്പാട് ഉയർത്തി പിടിക്കുന്ന, ഓരങ്ങളിൽ ജീവിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെ കഥകൾ പറയുന്നവയാണ് അവാർഡിനർഹമായ സിനിമകൾ. സകല ജീവജാലങ്ങളെയും പരിഗണിക്കുന്ന ആശയമാണ് മികച്ച സിനിമയായ ‘ആവാസവ്യൂഹം’ മുന്നോട്ട് വയ്ക്കുന്നത്. കീഴാളരുടെ വരേണ്യ വർഗത്തോടുള്ള പ്രതിഷേധത്തെ അടയാളപ്പെടുത്തുകയാണ് മികച്ച രണ്ടാമത്തെ ചിത്രമായ ‘ചവിട്ട്’. കൂടിയേറ്റ തൊഴിലാളികളുടെ കഥ പറയുന്ന അവാർഡിനർഹമായ ‘നിഷിദ്ധോ’ സിനിമ വനിതാ സംവിധായകർക്ക് സംസ്ഥാന സർക്കാർ നൽകിയ സഹായമെന്ന നിലയിൽ ശ്രദ്ധേയമാണ്. സിനിമയുടെ സാങ്കേതിക മേഖലയിലുൾപ്പെടെ എല്ലാ മേഖലയിലും വനിതാ നാന്നിദ്ധ്യമുണ്ടാകണം എന്നതാണ് സർക്കാരിന്റെ നയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിഷിദ്ധോവിനുള്ള അവാർഡ് സർക്കാർ നയത്തിനുള്ള അംഗീകാരം കൂടിയാണ്. വനിതാ ചലച്ചിത്ര പ്രവർത്തകർക്കായി 3 കോടി രൂപ സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി. സിനിമ അവാർഡിന്റെ അര നൂറ്റാണ്ട് ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ് വുമൺ അവാർഡിന് അർഹയായി എന്നത് സന്തോഷകരമാണ്. ‘അന്തരം’ എന്ന ചിത്രത്തിലൂടെ നേഹയാണ് അവാർഡിന് അർഹയായിരിക്കുന്നത്. പ്രാന്തവൽക്കരിക്കപ്പെട്ടവരെയും എല്ലാവിഭാഗങ്ങളെയും ചേർത്തു പിടിക്കുന്ന സിനിമാ അവാർഡാണിത്. മലയാള സിനിമയുടെ നവതരംഗത്തിന്റെ തുടക്കക്കാരനായ അടൂർ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായി കടന്നു വന്ന ചലച്ചിത്ര പ്രവർത്തകനാണ് കെ പി കുമാരൻ. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ‘റോക്ക്’ ഹ്രസ്വ ചിത്രം അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മലയാള സമാന്തര സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് കെ പി കുമാരന്റെ ‘അതിഥി’ എന്ന സിനിമ. ഗ്രാമവൃക്ഷത്തിലെ കുയിൽ വരെ എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ 50 വർഷ സിനിമ ജീവിതത്തിനുള്ള അംഗീകാരവും അഭിനന്ദനവുമാണ് ജെ സി ഡാനിയൽ പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യപ്രവർത്തകനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ശശികുമാറിന്റേത് മതേതര പുരോഗമന മൂല്യങ്ങളിലൂന്നിയ മാധ്യമ പ്രവർത്തന ജീവിതമാണ്. ദൃശ്യ മാധ്യമ രംഗത്ത് മിതത്വം, മര്യാദ, സൂക്ഷ്മത എന്നിവ പുലർത്തി മാതൃക കാട്ടിയ മാധ്യമ പ്രവർത്തകനാണദ്ദേഹം.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തിളക്കമാർന്ന പ്രകടനമാണ് മലയാള സിനിമ കാഴ്ചവെക്കുന്നത്. പ്രതിസന്ധിയിലും കോവിഡ് കാലത്തും മികച്ച ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധിച്ച മലയാള സിനിമ പ്രവർത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Read Also: ‘ജീവനക്കാരോട് പ്രതികരിച്ച രീതി തെറ്റ്, കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ മര്‍ദ്ദിച്ചിട്ടില്ല’

shortlink

Related Articles

Post Your Comments


Back to top button