KeralaLatest NewsNews

‘ലക്കി ബിൽ’ ആപ്പ്: ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് സെപ്റ്റംബർ  30 വരെ ബില്ലുകൾ സമർപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ‘ലക്കി ബിൽ ‘ മൊബൈൽ  ആപ്പിന്റെ ഓണം ബമ്പർ  നറുക്കെടുപ്പിലേക്ക് സെപ്റ്റംബർ  30 വരെ ബില്ലുകൾ സമർപ്പിക്കാം. ഒക്ടോബർ ആദ്യവാരത്തിൽ നടക്കുന്ന നറുക്കെടുപ്പിലെ വിജയിക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.

ഓഗസ്റ്റ് 16 ന് ഉദ്ഘാടനം ചെയ്ത ‘ലക്കി ബിൽ’ മൊബൈൽ ആപ്പിന്  മികച്ച പ്രതികരണമാണ്  പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇതുവരെ 2.75 ലക്ഷം ബില്ലുകളാണ് ആപ്പിലേക്ക് അപ്ലോഡ് ചെയ്യപ്പെട്ടത്. ആപ്പിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ഒരോ ബില്ലിനും  പ്രതിദിന, പ്രതിവാര, പ്രതിമാസ, ബമ്പർ നറുക്കെടുപ്പുകൾ ഉൾപ്പടെ നാല് നറുക്കെടുപ്പുകളാണ് നടക്കുന്നത്. പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ  നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ്   25  പേർക്കും, വനശ്രീ നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25  പേർക്കും ലഭിക്കും. പ്രതിവാര നറുക്കെടുപ്പിലൂടെ  കെ.ടി.ഡി.സിയുടെ 3 പകൽ/ 2 രാത്രി വരുന്ന സൗജന്യ ഫാമിലി താമസ സൗകര്യം 25 പേർക്ക് ലഭിക്കും. പ്രതി മാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 5 പേർക്ക്  ലഭിക്കും. ബമ്പർ സമ്മാന വിജയിക്ക് 25  ലക്ഷം രൂപയുമാണ് മറ്റ് സമ്മാനങ്ങൾ. പ്രതിവർഷം 5 കോടി രൂപയുടെ   സമ്മാനങ്ങളാണ് ലക്കി ബിൽ ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ബില്ലുകൾ അപ്ലോഡ് ചെയ്യുന്ന ഉപയോക്താക്കൾ  ബില്ലിലെ വിവരങ്ങളും, മൊബൈൽ ആപ്പ് സ്വയം ബില്ലിൽ നിന്ന്  ശേഖരിക്കുന്ന വിവരങ്ങളായ ജി.എസ്.ടി നമ്പർ, ബിൽ തീയതി, ബിൽ നമ്പർ, ബിൽ തുക എന്നിവ ഒത്ത് നോക്കി ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബില്ലുകൾ  സമർപ്പിക്കാവു. മൊബൈൽ ആപ്പ് സ്വമേധയാ ശേഖരിക്കുന്ന വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ വിവരങ്ങൾ തിരുത്തി സമർപ്പിക്കണം. ഗൂഗിൾ  പ്ലേ സ്റ്റോറിൽ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in നിന്നും ലക്കി ബിൽ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.

shortlink

Related Articles

Post Your Comments


Back to top button