Latest NewsKeralaNews

എല്ലാവർക്കും സ്വീകാര്യനായ നേതാവ്: കോടിയേരിയ്ക്ക് അനുശോചനം അറിയിച്ച് ഉമ്മൻചാണ്ടിയും വി ഡി സതീശനും

തിരുവനന്തപുരം: രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

Read Also: ഭാഷ കേട്ടിട്ട് ഭാസീടെ വകേലുള്ള കുഞ്ഞമ്മയാണെന്ന് തോന്നുന്നു: ചിറയിൻകീഴ് വിവാദത്തെക്കുറിച്ച് അഞ്ജു പാർവതി

കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് സിപിഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും എംഎൽഎ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്ത കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നുവെന്നും ഉമ്മൻചാണ്ടി അറിയിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരാർത്ഥത്തിൽ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവർക്കും പ്രിയങ്കരനായി. പാർട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാർക്കശ്യവും ഒരുപോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി. നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവർക്ക് കോടിയേരി നൽകിയത്. സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കൈക്കുഞ്ഞുമായി വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button