CinemaMollywoodLatest NewsKeralaNewsEntertainment

 ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റാണെന്ന് മമ്മൂട്ടി

കൊച്ചി: തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് മമ്മൂട്ടി. നടൻ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിർമാതാക്കളുടെ സംഘടനാ നടപടിയെ ആണ് മമ്മൂട്ടി വിമർശിച്ചത്. പുതിയ ചിത്രം റോഷാക്കിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.

അഭിമുഖത്തിനെത്തിയപ്പോൾ അവതാരകയെ അപമാനിച്ചതിനാണ് ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാക്കൾ നടപടി സ്വീകരിച്ചത്. ശ്രീനാഥിനെതിരായ കേസ് പരാതിക്കാരി പിൻവലിച്ചെങ്കിലും വിലക്ക് നിലനിൽക്കും എന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. താരം നിലവിൽ അമ്മയിൽ അംഗമല്ല. എന്നിട്ടും, വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചത് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ശ്രീനാഥ് ഭാസി വിഷയത്തിൽ നേരത്തെയും മമ്മൂട്ടി പ്രതികരിച്ചിരുന്നു. സെലിബ്രിറ്റി അഭിമുഖങ്ങള്‍ വിവാദമാകുന്ന പശ്ചാത്തലത്തില്‍ അതിലെ ചോദ്യങ്ങള്‍ക്കാണോ ഉത്തരങ്ങള്‍ക്കാണോ പ്രശ്നമെന്ന ചോദ്യത്തിന്, ചോദ്യം കുഴപ്പം നിറഞ്ഞതാണെങ്കിൽ ഉത്തരവും അങ്ങനെ തന്നെ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘ഈ ചോദ്യത്തിനും കുഴപ്പമില്ല, എന്‍റെ ഉത്തരത്തിനും വലിയ കുഴപ്പം വരാന്‍ വഴിയില്ല. പക്ഷേ നമ്മള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ അതിന് ഒരു ദിവസം പോര. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ’, മമ്മൂട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button