KeralaLatest NewsNews

കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ നരബലിക്ക് സമാനമായ മറ്റൊരു കേസായിരുന്നു ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല

ഇടുക്കി കമ്പകക്കാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ നാല് പേര്‍

ഇടുക്കി:   കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ നരബലിക്ക് സമാനമായ മറ്റൊരു കേസ് 2018ല്‍ അരങ്ങേറിയിട്ടുണ്ട്. അന്ന് ഒരു കുടുംബത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടത്. 2018 ജൂലൈയില്‍ ഇടുക്കി കമ്പകക്കാനത്താണ് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചിട്ടത്. തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: പ്രതി സിപിഎം നേതാവായത് കൊണ്ട് യുക്തവാദികൾക്ക് മൗനം, നവോത്ഥാന വഞ്ചകർ കേരളത്തെ നയിക്കുന്നത് എങ്ങോട്ട്?: കെ സുരേന്ദ്രൻ

2018 ജൂലൈ 29നാണ് കൃഷ്ണനെയും കുടുംബത്തെയും ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും ചേര്‍ന്നു കൊലപ്പെടുത്തുന്നത്. രണ്ടുവര്‍ഷത്തോളം കൃഷ്ണനൊപ്പം നിന്നു പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. പിന്നീട് ഇയാള്‍ സ്വന്തം നിലയ്ക്കു പൂജകള്‍ ചെയ്യാന്‍ തുടങ്ങിയെങ്കിലും ഇവയൊന്നും വേണ്ടത്ര വിജയിച്ചില്ല. കൃഷ്ണന്‍ തന്റെ മാന്ത്രികശക്തി അപഹരിച്ചതിനാലാണ് ഇതെന്ന് അനീഷ് കരുതി. ഈ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വൈരാഗ്യമാണ് കൊലയ്ക്കു അനീഷിനെ പ്രേരിപ്പിച്ചത്. ആറു മാസം മുന്‍പുതന്നെ ഇതിനായുള്ള പദ്ധതി അനീഷ് തയാറാക്കി. എന്നാല്‍ ലിബീഷ് സഹകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് അന്നിത് നടക്കാതെ പോയത്.

കൃഷ്ണനെ കൊന്നാല്‍ അദ്ദേഹത്തിന്റെ ശക്തികൂടി തനിക്കു കിട്ടുമെന്നായിരുന്നു അനീഷിന്റെ വിശ്വാസം. 300 മൂര്‍ത്തികളുടെ ശക്തിയാണു കൃഷ്ണനുണ്ടായിരുന്നതെന്നായിരുന്നു വിശ്വാസം. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും മന്ത്രവാദത്തിനുള്ള ചില താളിയോലകളും മോഷ്ടിക്കാമെന്നും അനീഷ് കണക്കുകൂട്ടി. പതിനഞ്ചു വര്‍ഷം പരിചയമുള്ള ലിബീഷിനൊപ്പം ചേര്‍ന്ന് ഇതിനായി വ്യക്തമായ പദ്ധതി തയാറാക്കി. അടിമാലിയിലെ ഒരു കുഴല്‍ക്കിണര്‍ കമ്പനിയില്‍ ഇരുവരും ഒരുമിച്ചു ജോലി ചെയ്തിരുന്നു. സ്വര്‍ണവും പണവും നല്‍കാമെന്നു പറഞ്ഞാണു ലിബീഷിനെ ഒപ്പം കൂട്ടിയത്.

രാത്രി 12ന് കൃഷ്ണന്‍ വളര്‍ത്തിയിരുന്ന രണ്ട് ആടുകളെ തല്ലി കരയിപ്പിച്ചാണ് അനീഷും ലിബീഷും കൃഷ്ണനെ വീടിനു പുറത്തിറക്കിയത്. അതിനുശേഷം ഷോക്ക് അബ്‌സോര്‍ബര്‍ പൈപ്പു കൊണ്ടു തലയ്ക്കടിച്ചും കുത്തിയും കൊല നടത്തി. തുടര്‍ന്നു മൃതദേഹങ്ങള്‍ വീടിനുള്ളിലെ മുറിക്കുള്ളില്‍ സൂക്ഷിച്ചു. ഈ സമയം കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു. പിറ്റേന്നു രാത്രി എത്തിയപ്പോള്‍ ഇരുവര്‍ക്കും ജീവനുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നു ചുറ്റികയും കത്തിയും തൂമ്പയും ഉപയോഗിച്ച് ഇവരുടെ തലയ്ക്കടിച്ച ശേഷം കൃഷ്ണനെയും അര്‍ജുനെയും കുഴിയില്‍ വച്ചു. കുഴിയില്‍ വയ്ക്കുമ്പോഴും ഇരുവര്‍ക്കും ജീവനുണ്ടായിരുന്നുവെന്നും തൂമ്പയുടെ കൈകൊണ്ട് അനീഷ് ഇവരെ വീണ്ടും തലയ്ക്കടിച്ചതായും ലിബീഷ് മൊഴി നല്‍കി.

കൂട്ടക്കൊല കേസില്‍ നിര്‍ണായകമായത് പ്രത്യേക ‘സ്‌പെക്ട്ര’ സംവിധാനം ഉപയോഗിച്ച് പ്രദേശത്തു നിന്നുള്ള ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ്. കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച സംഘം കഴിഞ്ഞ ആറുമാസക്കാലയളവിലെ ഫോണ്‍വിളികളുടെ വിശദാംശങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇതില്‍നിന്നു കാര്യമായ തുമ്പു കിട്ടാത്തതിനെ തുടര്‍ന്ന് അതിനും ആറു മാസം മുന്‍പുള്ള വിളികള്‍ പരിശോധിച്ചു.

ഈ കാലയളവില്‍ ഒരാള്‍ സ്ഥിരമായി കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. അനീഷിന്റെ നമ്പറാണ് ഇതെന്നും വ്യക്തമായി. കൃഷ്ണനെ കൊലപ്പെടുത്തണമെന്ന് ആറുമാസം മുന്‍പുതന്നെ തീരുമാനിച്ചിരുന്ന അനീഷ്, ഇതിനുശേഷം കൃഷ്ണന്റെ മൊബൈലിലേക്കു വിളിക്കാത്തതും സംശയത്തിനിടയാക്കി. ഇതോടെയാണ് അന്വേഷണം അനീഷില്‍ കേന്ദ്രീകരിച്ചത്.

അന്ധവിശ്വാസത്തിന്റെ പേരിലുള്ള ക്രൂരകൊലയുടെ പുതിയ ഇരയാണ് തിരുവല്ലയില്‍ ദാരുണമായി കൊല്ലപ്പെട്ട രണ്ട് യുവതികളും. പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ പറയാന്‍ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികള്‍ രണ്ടു സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പണം മാത്രമായിരുന്നില്ല കൊലപാതകം നടത്തിയതിനു പ്രേരണ. പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു.

സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായും കമ്മീഷണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button