Latest NewsKeralaNews

ഒരേക്കറില്‍ മരുന്ന് തളിക്കാന്‍ 8 മിനിറ്റ്: അകംപാടം പാടശേഖരത്തില്‍ ഡ്രോണ്‍ പറന്നു

തൃശ്ശൂര്‍: കര്‍ഷകര്‍ക്ക് വിസ്മയവും വിജ്ഞാനവും സമ്മാനിച്ച് വടക്കാഞ്ചേരി അകംപാടം പാടശേഖരത്തില്‍ ഡ്രോണ്‍ പറന്നു. പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷിഭൂമിയില്‍ ജൈവ കീടനാശിനിയായ സ്യൂടോമോണസ് ഫ്‌ലൂറസന്‍സ് ഡ്രോണ്‍ ഉപയോഗിച്ച് സ്‌പ്രേ ചെയ്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ (SMAM) ഭാഗമായാണ് ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തിപരിചയവും നടത്തിയത്.

വളപ്രയോഗം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വ്വേ തുടങ്ങിയ മേഖലകളിലെല്ലാം ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിക്കാം. തുടക്കത്തില്‍ കീട നിയന്ത്രണത്തിനായാണ് ഇവ ഉപയോഗിക്കുന്നതെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) പി.വി സൂരജ് കണ്ണന്‍ പറഞ്ഞു. 10 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ആണ് ഡ്രോണില്‍ ഉള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് ഒരു ഏക്കര്‍ കൃഷിയിടത്തില്‍ 8 മിനിറ്റ് കൊണ്ട് മരുന്ന് തളിക്കാം. ഒരു ഹെക്ടറില്‍ മരുന്ന് തളിക്കാന്‍ 20 മിനുറ്റ് മതി.

വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും സഹകരണത്തോടെ എല്ലാ പാടശേഖരങ്ങളിലും ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നതിന് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡിയില്‍ ലഭ്യമാകും. കേന്ദ്ര കൃഷി മന്ത്രാലയവും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ ഷീല മോഹന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ആര്‍ അരവിന്ദാക്ഷന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (കൃഷി) പി.വി സൂരജ് കണ്ണന്‍, കര്‍ഷകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button