KeralaLatest NewsNews

വിദ്യാഭ്യാസവും തൊഴിലും ഉറപ്പേകി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം ഉയര്‍ത്തും: കെ രാധാകൃഷ്ണന്‍

തൃശ്ശൂര്‍: മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ഉറപ്പ് നല്‍കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. നാനാമേഖലയിലേയ്ക്കും കുട്ടികളെ ഉയര്‍ത്തി കൊണ്ടുവന്ന് അവര്‍ക്ക് തൊഴിലും വരുമാനവും ആര്‍ജ്ജിക്കാന്‍ ശേഷിയുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2022 വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മികവാര്‍ന്ന സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി എം.ആര്‍.എസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ആധുനിക രീതിയില്‍ പഠിക്കാനുള്ള സംവിധാനങ്ങളോടെയാണ് സ്‌കൂളുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഈ വര്‍ഷം രണ്ട് മോഡല്‍ സ്‌കൂളുകള്‍ പുതുതായി കാസര്‍കോടും അട്ടപ്പാടിയിലും ആരംഭിച്ചു. സംസ്ഥാനത്ത് നിലവില്‍ 33 മോഡല്‍

സ്‌കൂളുകളാണുള്ളത്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നായി 14 മാസങ്ങള്‍ കൊണ്ട് 280 കുട്ടികളെയാണ് വിദേശ സര്‍വകലാശാലകളില്‍ പഠിപ്പിക്കാനായത്.

സിവില്‍ സര്‍വീസ്, പൈലറ്റ്, എയര്‍ഹോസ്റ്റസ് തുടങ്ങി വൈവിധ്യങ്ങളായ തൊഴിലുകളുടെ ഭാഗമാണ് നമ്മുടെ കുട്ടികളെന്ന് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം കഴിഞ്ഞെത്തുന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 500 പേരെ അക്രഡിറ്റഡ് എന്‍ജിനീയര്‍മാരായി തെരഞ്ഞെടുത്തത്. പട്ടികജാതിക്കാരില്‍ 300 പേര്‍ക്കും പട്ടികവര്‍ഗക്കാരില്‍ നിന്ന് 200 പേരെയും തെരഞ്ഞെടുത്തത്. പഠിപ്പിക്കുക മാത്രമല്ല പഠനം

കഴിഞ്ഞാല്‍ തൊഴില്‍ കൂടി ലഭിക്കുന്നതിനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പിന്നാക്കാവസ്ഥയിലുള്ളവരെ ഉന്നതിയിലേയ്ക്ക് കൊണ്ടുവരാനായി ഒട്ടനവധി പദ്ധതികളാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുരോഗമിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്ന വിവിധ പദ്ധതികള്‍ ഉന്നതി എന്ന പേരില്‍ ഒരു പൊതുപ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്നത് ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കാനാണ്. അധികാരവും സമ്പത്തും വികേന്ദ്രീകരിച്ച് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വികസന പ്രവര്‍ത്തനം നടപ്പിലാക്കിയതോടെയാണ് പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായത്. സാമൂഹിക, സാമ്പത്തിക അഭിവൃദ്ധിക്കൊപ്പം തൊഴിലുകളിലേയ്ക്കുള്ള അവരുടെ കടന്നുവരവ് ഉള്‍പ്പെടെ ആ മാറ്റത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇതിന്റെ ഗുണം എല്ലാ വിഭാഗങ്ങള്‍ക്കും കൃത്യമായി ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

‘എല്ലാവരും ഉന്നതിയിലേക്ക് ‘എന്ന മുദ്രവാക്യമുയര്‍ത്തി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ 16 വരെ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തിലാണ് സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണം ആചരിക്കുന്നത്.

2021-22 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി തേക്കിന്‍കാട് നായ്ക്കനാല്‍ ജംഗ്ഷനില്‍ നിന്ന് പാറമേക്കാവ് പുഷ്പാഞ്ജലി ഓഡിറ്റോറിയം വരെ സന്ദേശയാത്ര സംഘടിപ്പിച്ചു. വകുപ്പിന്റെ പദ്ധതികളെ കുറിച്ച് പട്ടികജാതി വികസന ഓഫീസര്‍ എം.പി എല്‍ദോസ് സെമിനാര്‍ നയിച്ചു. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പ സമാശ്വാസവും വായ്പ വിതരണവും നടന്നു. പാറമേക്കാവ് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മിഷണര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ലിസ ജെ മങ്ങാട്ട്, മറ്റു ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button