KeralaLatest NewsNews

കല്യാണ വീട്ടിൽ വൻമോഷണം: എട്ട് ലക്ഷം രൂപയും 16 പവൻ സ്വർണ്ണാഭരണവും കവര്‍ന്നു, അന്വേഷണം 

മലപ്പുറം: കല്യാണ വീട്ടിൽ വൻമോഷണം. കൽപകഞ്ചേരി ചെറവന്നൂർ പാറമ്മലങ്ങാടിയില്‍ ആണ് സംഭവം. മണ്ണുതൊടുവിൽ അബ്ദുൽ കരീമിന്‍റെ വീട്ടിൽ നിന്നും 16 പവൻ സ്വർണവും എട്ടു ലക്ഷവും മോഷണം പോയി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. ദേഹത്തണിഞ്ഞ മൂന്നര പവന്‍റെ ചൈൻ, പത്ത് പവന്‍റെ പാദസരം, രണ്ടര പവന്‍റെ കൈ ചെയിന്‍ എന്നിവയും ബാഗിൽ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്.

ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ നടന്ന മകളുടെ വിവാഹ സത്കാരം കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. ഹാജറയുടെ കാലിലെ പാദസരവും കൈ ചെയിനും മോഷ്ട്ടിച്ച ശേഷം കഴുത്തിലെ ചൈൻ പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഇവര്‍ ഉറക്കം ഉണർന്നു. ഇതോടെ അതുവരെ കൈവശമാക്കിയ സ്വർണവും പണവുമായി മോഷ്ട്ടാവ് രക്ഷപ്പെടുകയായിരുന്നു.

ചെയിൻ പൊട്ടിക്കുന്നതിനിടയിൽ ഹാജറയുടെ കഴുത്തിൽ മുറിവേറ്റു. കിടപ്പ് മുറിയുടെ ഒരു ഭാഗത്ത് തുറന്ന ഷെൽഫിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ആസൂത്രിത മോഷണമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ആളില്ലാത്ത സമയത്ത് വീട്ടിൽ കയറിപ്പറ്റിയ മോഷ്ട്ടാവ്, വാതിലുകൾ തുറക്കുമ്പോൾ ശബ്ദമില്ലാതിരിക്കാനായി വാതിലിൽ ഓയിൽ പുരട്ടിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മോഷ്ട്ടാവ് വീട്ടിൽ തന്നെ ഒളിച്ചു നിന്നാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

കൽപകഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്തിന്‍റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഷംസാദ്, സി.പി.ഒ വിനീഷ് വിജയൻ, മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമീപത്തെ സി.സി.ടി.വി ക്യാമറയിൽ മോഷ്ട്ടാവിന്‍റെ ദ്യശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. കൽപകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button