Latest NewsInternational

റഷ്യന്‍ മിസൈല്‍ പോളണ്ടില്‍ പതിച്ച്‌ രണ്ട് മരണം: സൈന്യത്തോട് സജ്ജമായിരിക്കാന്‍ നാറ്റോ

വാര്‍സോ: പോളണ്ട് അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ച്‌ രണ്ടു പേര്‍ മരിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 15 മൈല്‍ അകലെയുള്ള ലൂബെല്‍സ്‌കി പ്രവിശ്യയിലെ സെവോഡോവിലെ ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചത്. റഷ്യന്‍ നിര്‍മിത മിസൈലാണ് തങ്ങളുടെ രാജ്യത്ത് പതിച്ചതെന്ന് പോളണ്ട് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണം തുടരുന്നതിനിടെയാണ് അതിര്‍ത്തി രാജ്യവും നാറ്റോ അംഗവുമായ പോളണ്ടിലും മിസൈല്‍ പതിച്ചത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ലെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം, ജി 20 ഉച്ചക്കോടി ആരംഭിച്ചതിന് തൊട്ട് പിന്നാലെയുളള മിസൈല്‍ ആക്രമണം ഗൗരവം വര്‍ധിപ്പിക്കുന്നു. ഉച്ചകോടിയില്‍ സമാധാനത്തെ കുറിച്ച്‌ പ്രസംഗിച്ചവരാണ് മറുവശത്ത് മിസൈല്‍ ആക്രമണം നടത്തുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി വിമര്‍ശിച്ചു.

ആക്രമണത്തേക്കുറിച്ച്‌ നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടി. പോളണ്ട് സൈന്യത്തോട് സജ്ജമായിരിക്കാന്‍ നാറ്റോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നാറ്റോ അംഗരാജ്യങ്ങളുടെ അടിയന്തരയോഗം ഇന്ന് ബ്രസല്‍സില്‍ ചേരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.ആക്രമണത്തിന് പിന്നാലെ പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേസ് ഡൂഡയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ അമേരിക്ക അനുശോചിച്ചു. പോളണ്ടിന് എല്ലവിധ സഹായങ്ങളും ബൈഡന്‍ വാഗ്ദാനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അനുശോചനം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം 9 മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച യുക്രെയ്നിലെ ഊര്‍ജ സംവിധാനങ്ങള്‍ റഷ്യ തകര്‍ത്തു. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ മിസൈല്‍ ആക്രമണമാണ് ചൊവ്വാഴ്ചയുണ്ടായത്. 85ഓളം മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നാണ് വിവരം. ആക്രമണത്തെത്തുടര്‍ന്ന് യുക്രെയ്നിലെ പ്രധാന നഗരങ്ങള്‍ ഇരുട്ടിലായതായി റിപ്പോർട്ടുകളുണ്ട്. .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button