KeralaLatest NewsNews

നിരവധി കേസുകളിൽ പ്രതി, സ്ഥിരം വാഹനം മോഷണം: അറസ്റ്റിലായത് 18കാരൻ

കോഴിക്കോട്:  കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകളിൽ പ്രതിയായ സ്ഥിരം വാഹനം മോഷ്ടാവ് മോഷ്ടിച്ച വാഹനവുമായി പിടിയിലായി. ജില്ലാ പൊലീസ് മേധാവി അക്ബർ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ ഇൻസ്പെക്ടർ ബാബുരാജിൻ്റെ നേതൃത്വത്തിലുള്ള പൊലീസും  ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കരുവിശ്ശേരി കരൂൽത്താഴം സ്വദേശി  സാജൽ എന്ന കണ്ണനെ (18) ആണ് പിടികൂടിയത്.

പ്രായപൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജില്ലയിലും അയൽ ജില്ലകളിലും നിരവധി മോഷണം നടത്തിയിരുന്നു. വിവിധ ജില്ലകളിലെ പൊലീസ് നിരവധി തവണ ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും  ഇയാൾ രക്ഷപ്പെടുകയായിരുന്നു. മുമ്പ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളടങ്ങുന്ന സംഘത്തെ നൂറിലധികം മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. ആക്റ്റീവ,ആക്സസ് ഇനത്തിൽപ്പെട്ട സ്കൂട്ടറുകളാണ് പ്രധാനമായും ഇയാൾ മോഷണം നടത്തിയിരുന്നത്.

മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളിൽ മോഷണം നടത്തുകയും പിന്നീട് മോഷ്ടിച്ചെടുക്കുന്ന സ്കൂട്ടറുകൾ കുറച്ചുനാൾ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയുമാണ് പതിവ്.   നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ, ഇരുമ്പ് സാധനങ്ങൾ എന്നിവയും മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ ശ്രീനിവാസ് ഐപിഎസ് പറഞ്ഞു.

ലഹരിക്ക് അടിമയായ ഇയാൾക്ക് നിരവധി ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി പൊലീസ് പറഞ്ഞു.

മോഷണങ്ങൾക്കും ലഹരിക്കും വേണ്ടി റോബറി ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തന്നെയുണ്ടെന്ന് പൊലീസ് കണ്ടെത്തി.   ഈ ഗ്രൂപ്പിൽപ്പെട്ട അം​ഗങ്ങൾ പൊലീസ് നിരീക്ഷണത്തിലാണെന്നും നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ, എകെ അർജുൻ, രാകേഷ് ചൈതന്യം, സുമേഷ്, വെള്ളയിൽ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ സജീഷ് കുമാർ, സീനിയർ സിപിഒ ജോഷി എന്നിവരും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button