KeralaLatest NewsNews

ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്തപരിപാടികള്‍ നടത്തണം: പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ എല്ലാ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ ഏറ്റെടുക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭ സമ്പൂര്‍ണ ഭരണഘടന സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഭരണഘടന ആമുഖത്തിന്റെ ശിലാഫലക സ്ഥാപനം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു നഗരസഭ അധ്യക്ഷന്‍.

നിത്യജീവിതത്തില്‍ ഭരണഘടനയുടെ പ്രാധാന്യം മനസിലാക്കി ജില്ലാ ആസ്ഥാനത്തെ പത്ത് വയസിന് മുകളിലുള്ള എല്ലാവരിലും ഭരണഘടനമൂല്യം എത്തിച്ച് സമ്പൂര്‍ണ ഭരണഘടന സാക്ഷരത നഗരമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് നഗരസഭ ഏര്‍പ്പെട്ടിരിക്കുന്നത്.  ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ഒരു പൊതു ഇടമായ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ആമുഖം സ്ഥാപിക്കുന്നത്. ഈ പ്രവര്‍ത്തനത്തില്‍ പത്തനംതിട്ടയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ചേര്‍ത്ത്  സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ ആണ് ശ്രമമെന്നും നഗരസഭ അധ്യക്ഷന്‍ പറഞ്ഞു.

പരസ്പരം സ്‌നേഹ സഹായത്തോടെ ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്ന ഓര്‍മപെടുത്തലാണ് ഭരണഘടനാ ദിനമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഭരണഘടനാ പ്രതിജ്ഞ ചൊല്ലി കൊടുത്തു കൊണ്ട് പറഞ്ഞു. ഭരണഘടനയുടെ ഓര്‍മ്മപെടുത്തല്‍ ജീവിതത്തിലും പ്രവര്‍ത്തിയിലും എന്നും ഉണ്ടാകണം. രാജ്യം, ദേശം, സമൂഹം, എന്ന നിലയില്‍ പരസ്പരം കൂട്ടിയിണക്കുന്ന കണ്ണികളെ  കരുതലോടുകൂടി  പ്രാവര്‍ത്തികമാക്കുന്നതും ഭരണഘടന പഠിപ്പിച്ചു തരുന്നുവെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഭരണഘടനയുടെ ആമുഖത്തിന്റെ മൂല്യം സമൂഹ നന്‍മയ്ക്കായി പ്രാവര്‍ത്തികമാക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിന്‍ മധുകര്‍ മഹാജന്‍ ഭരണഘടനാ സന്ദേശത്തില്‍ പറഞ്ഞു. അവകാശം മാത്രമല്ല സഹജീവികളോടുള്ള  കടമ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് ഓര്‍ക്കണം. നഗരസഭയുടെ സമ്പൂര്‍ണ  ഭരണഘടന സാക്ഷരത പദ്ധതി  മികച്ച തുടക്കം ആണെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.

നഗരസഭ ചെയര്‍മാനും ജില്ലാ കളക്ടറും കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ സ്ഥാപിച്ച ഭരണഘടന ശിലാഫലക അനാച്ഛാദം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത്ത്കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക വേണു, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ മണിയമ്മ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, പത്തനംതിട്ട നഗരസഭ ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഡി.റ്റി.ഒ തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button