KeralaLatest NewsNews

വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കണം, ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ച് അദാനി ഗ്രൂപ്പ്

നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു

കൊച്ചി: വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണം എന്ന ആവശ്യം ആവര്‍ത്തിച്ച് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴാണ് അദാനി ഗ്രൂപ്പിന്റെ അഭിഭാഷകന്‍ നിലവിലെ സാഹചര്യങ്ങള്‍ കോടതിയെ അറിയിച്ചത്.

Read Also: ക​മ്പി ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം

തുറമുഖ നിര്‍മാണ സ്ഥലത്തേയ്ക്കു പാറ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ സമരക്കാര്‍ അനുവദിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ‘പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നു. കോടതി വിധികള്‍ക്കു പുല്ലുവില കല്‍പ്പിക്കുകയാണ്. കഴിഞ്ഞദിവസം വലിയ സംഘര്‍ഷമാണ് പ്രദേശത്തുണ്ടായത്. സമരക്കാര്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യമാണ്. നിരവധി പൊലീസുകാര്‍ ആശുപത്രിയിലായി’, അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

നിലവില്‍ സമരക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന വിവരമാണ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ട്. മോശം സാഹചര്യമാണ് നിലനില്‍ക്കുന്നത്. അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത 3,000 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചവരില്‍നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിഴിഞ്ഞത്തു ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഷയം വഷളാകാതിരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നു കോടതി കേസ് പരിഗണിക്കുന്നതു വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button