Latest NewsKerala

നിയമനിര്‍മാണത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കണം: വി.മുരളീധരൻ

തിരുവനന്തപുരം: നിയമനിര്‍മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ പുനർവിചിന്തനം നടത്തണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ലയോള കോളജിൽ ലിംഗസമത്വ വൈരുദ്ധ്യത്തെ കുറിച്ചുള്ള പുസ്തകപ്രകാശനവും സിമ്പോസിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. സമത്വത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും ഏറ്റവുമധികം വാചാലമാവുന്ന രാഷ്ട്രീയരംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനം ചർച്ചയാകണമെന്ന് വി.മുരളീധരൻ അഭിപ്രായപ്പെട്ടു.

പതിനഞ്ചാം കേരള നിയമസഭയില്‍ പതിനഞ്ച് വനിതകള്‍ പോലുമില്ലന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പ്രഥമപൗരയായി ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരു വനിതയെ കണ്ടെത്തിയതുവഴി ബിജെപി വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുവെന്നും അത് ഏവർക്കും മാതൃകയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ ഭാവിയില്‍ സുപ്രധാനമായ ധനവകുപ്പടക്കം പ്രധാനമന്ത്രി ഏല്‍പ്പിച്ചത് ഒരു വനിതയുടെ കയ്യിലാണെന്നും വി.മുരളീധരൻ പറഞ്ഞു.

പുരോഗമന പ്രസ്ഥാനങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ അവരവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് പദവി നല്‍കുന്ന കാര്യം വരുമ്പോള്‍ പിന്നാക്കം വലിയുന്നത് കാണാമെന്ന് മുരളീധരൻ വിമർശിച്ചു. ജെൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുമാത്രം കാര്യമാകുന്നില്ലെന്നും കേരളത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമം കൂടിവരുന്നത് സർക്കാർ ഗൌരവത്തോടെ കാണണമെന്നും വി.മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button