Latest NewsFootballNewsSports

ഖത്തർ ലോകകപ്പിൽ പോളണ്ടിനെ തകർത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന്റെ ആശ്വാസ ഗോള്‍ നേടി.

ആദ്യ പകുതിയിലെ നാലാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ആക്രമണത്തോടെയാണ് മത്സരത്തിന് ചൂടുപിടിത്. ഗ്രീസ്മാന്റെ കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നുചാടി റാഫേല്‍ വരാനെ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക്. തൊട്ടടുത്ത മിനിറ്റില്‍ വരാനെയുടെ ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന് പിഴവ് സംഭവിച്ചു.

എന്നാല്‍, മാറ്റി കാഷിന്റെ ഷോട്ട് ഗോള്‍ കീപ്പറുടെ കൈകളിലേക്ക്. പിന്നാലെ ഗ്രീസ്മാന്‍, എംബാപ്പെ എന്നിവരുടെ നിരന്തരക്രമണങ്ങളാണ് പോളണ്ട് ഗോൾ മുഖത്ത് അരങ്ങേറിയത്. 13-ാം മിനിറ്റില്‍ ഒര്‍ലിന്‍ ഷ്വാമെനിയുടെ ഷോട്ട് പോളിഷ് ഗോള്‍ കീപ്പര്‍ ഷെസ്‌നി തട്ടിയകറ്റി. 17-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ ഡെംമ്പേലെയുടെ ഷോട്ടും ഷെസ്‌നി അനായാസം കയ്യിലൊതുക്കി.

21-ാം മിനിറ്റിലാണ് പോളണ്ടിന് ആദ്യ അവസരം ലഭിക്കുന്നത്. എന്നാല്‍, 20 അടി അകലെ നിന്ന് റോബര്‍ട്ട് ലെവന്‍ഡോസ്‌കി എടുത്ത ഫ്രീ-കിക്ക് പുറത്തേക്ക് പോയി. ഇതോടെ മത്സരത്തിലേക്ക് ചെറുതായിട്ടെങ്കിലും തിരിച്ചെത്താന്‍ പോളണ്ടിനായി. എന്നാല്‍, 29-ാം മിനിറ്റില്‍ ജിറൂദ് ഒരു തുറന്ന അവസരം നഷ്ടമാക്കി. ഡെംബെലയുടെ നിലംപറ്റെയുള്ള ക്രോസ് ജിറൂദ് ഗോളിന് ശ്രമിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

38-ാം മിനിറ്റില്‍ ലോറിസിന്റെ തകര്‍പ്പന്‍ സേവ് പോളണ്ടിനെ ഗോളില്‍ നിന്നകറ്റി. സിലിന്‍സ്‌കിയുടെ ഷോട്ട് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മനോഹരമായി തടഞ്ഞിടുകയായിരുന്നു. റീബൗണ്ടില്‍ കമിന്‍സ്‌കിയുടെ ഷോട്ട് വരാനെ രക്ഷപ്പെടുത്തി. ആദ്യപകുതി തീരാന്‍ ഒരു മിനിറ്റി മുമ്പ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി. ഇതോടെ ഫ്രാന്‍സിന്റെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാവാനും ജിറൂദിന്(44) സാധിച്ചു.

Read Also:- മാ​ര​ക ​മ​യ​ക്കുമ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യുവാക്കൾ അറസ്റ്റിൽ

രണ്ടാം പാതിയിലും ഫ്രഞ്ച് പട ആധിപത്യം തുടര്‍ന്നു. 74-ാം മിനിറ്റില്‍ ഫ്രാൻസ് ലീഡുയർത്തി. ഡെംബേലയുടെ പാസിൽ നിന്ന് എംബാപ്പെ തൊടുത്ത ഷോട്ട് വലയില്‍ തുളച്ചുകയറി. ഇഞ്ചുറി സമയത്ത് എംബാപ്പെ(90+1) വിജയമുറപ്പിച്ച ഗോളും നേടി. തുറാമിന്റെ പാസ് സ്വീകരിച്ച് എംബാപ്പെ തൊടുത്ത വലങ്കാലന്‍ ഷോട്ട് ഷെസ്‌നിയെ കീഴടക്കി. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ഗോളാക്കി ലെവന്‍ഡോസ്‌കി(90+9) പോളണ്ടിന്റെ പരാജയഭാരം കുറച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button