KeralaLatest NewsNews

ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിൻ്റെ മരണം ആത്മഹത്യ തന്നെയാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഉടനെ കോടതിയിൽ കുറ്റപത്രം നൽകും. കിരണിൻ്റെ സുഹൃത്തായ പെൺകുട്ടിയേയും ഇവരുടെ സഹോദരൻ ഹരി, സഹോദരീ ഭർത്താവ് രവി എന്നിവരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസിൽ പ്രതി ചേർത്തേക്കും എന്നാണ് വിവരം.

കഴിഞ്ഞ ജൂലൈ ഒൻപതിനാണ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ  സഹോദരനും അളിയനും ചേർന്ന് തട്ടിക്കൊണ്ടു പോയത്. പ്രതികൾ തട്ടിക്കൊണ്ടു പോയി ദിവസങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. തുട‍ർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹം കിരണിൻ്റേത് തന്നെ എന്നുറപ്പിച്ചത്.

കിരൺ കടപ്പുറത്തേക്ക് ഓടിപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. എന്നാൽ, ഇയാളെ ആരെങ്കിലും പിന്തുടരുന്നതായി ദൃശ്യങ്ങളിൽ ഇല്ലായിരുന്നു.

കിരണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതോടെയാണ് കേസിൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.

കിരണിൻ്റെ മരണം ആത്മഹത്യയാണ് എന്ന് നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത് സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ്.

കിരൺ കടപ്പുറത്തേക്ക് ഓടി അധിക സമയം കഴിയും മുൻപേ ഒരാൾ കടലിലേക്ക് ചാടുന്നത് കണ്ടെന്ന് ക്ഷേത്രപരിസരത്ത് നിന്ന രണ്ട് പേർ ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നു. ഇവരുടെ മൊഴിയെടുത്തതിൽ കിരണിനോട് രൂപസാദൃശ്യമുള്ള ആളാണ് കടലിൽ ചാടിയത് എന്ന് വ്യക്തമായി. കിരൺ കടലിൽ ചാടി എന്ന് കരുതപ്പെടുന്ന സ്ഥലത്ത് അന്ന് ലോക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ കിരണിൻ്റെ ചെരുപ്പുകൾ കണ്ടെത്തിയിരുന്നു. അസ്വഭാവികമായി എന്തെങ്കിലും നടന്നതിൻ്റെ ലക്ഷണങ്ങൾ അവിടെ ഉണ്ടായിരുന്നില്ല.

പെൺകുട്ടിയുമായുള്ള ബന്ധം തകർന്നതോടെ കിരണ് കടുത്ത പ്രണയനൈരാശ്യത്തിലായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുകൾ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. ബന്ധം അവസാനിപ്പിക്കേണ്ടി വരികയും ഇതേ ചൊല്ലി പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വരികയും ചെയ്തതോടെ ഉണ്ടായ മാനസിക സംഘർഷത്തിലാകാം ജീവനൊടുക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കിരൺ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മർദ്ദിച്ചതിന് പ്രതികൾക്കെതിരെ നേരത്തെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button