KeralaLatest NewsNews

നയനയുടെ മരണം തീവ്രവാദ വിരുദ്ധ സെൽ അന്വേഷിക്കാത്തത് എന്തുകൊണ്ട്?: പോലീസ് വീഴ്ചയ്‌ക്കെതിരെ സംവിധായകൻ

കൊച്ചി: സഹസംവിധായിക ആയിരുന്ന നയന സൂര്യന്റേത് കൊലപാതകമാണെന്ന സംശയം പോലീസ് ഉന്നയിച്ചതോടെ വിഷയം വീണ്ടും വിവാദമാകുന്നു. കേസിന്റെ തുടക്കം മുതൽ പോലീസ് വീഴ്ചകൾ വരുത്തിയതായി ആരോപണം ഉയർന്നതോടെ, പോലീസിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്.. നയനയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനക്ക് അയക്കാത്തത് എന്തുകൊണ്ടാണെന്നും, വിരലടയാളം പരിശോധിക്കാതിരുന്നത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും, തെളിവുകൾ നശിപ്പിക്കാൻ എന്തിന് അവർ കൂട്ടുനിന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും സനൽ കുമാർ പറയുന്നു. അന്വേഷണം അട്ടിമറിച്ചത് ആരാണെന്നും ആർക്കുവേണ്ടിയാണെന്നും സമഗ്രമായി പോലീസ് അന്വേഷിക്കണമെന്നാണ് സംവിധായകൻ ആവശ്യപ്പെടുന്നത്.

സനൽ കുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന സംവിധായിക നയന സൂര്യന്റെ കൊലപാതകം പോലീസ് അന്വേഷിച്ചതിൽ ഗുരുതരമായ വീഴ്ചകളുണ്ട് എന്ന കണ്ടെത്തൽ സമൂഹത്തെ ഞെട്ടിക്കേണ്ടതാണ്. നയനയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനക്ക് അയക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് വിരലടയാളം പരിശോധിച്ചില്ല? എന്തിന് മൊബൈലിലെയും ലാപ് ടോപ്പിലെയും വിവരങ്ങൾ ഡിലീറ്റ് ചെയ്തു? പോലീസിനുള്ളിലെ ആരാണ് അന്വേഷണം ആട്ടിമറിക്കാൻ കൂട്ടുനിന്നത്? നയനയുടെ മരണം തീവ്രവാദ വിരുദ്ധ സെൽ അന്വേഷിക്കും എന്ന വാർത്ത തുടക്കത്തിൽ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അത് ഉണ്ടാകാത്തത്? ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം. തെളിവുകൾ നശിപ്പിക്കാൻ എന്തിന് അവർ കൂട്ടുനിന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണം. ഇതൊരു ഗുരുതരമായ വിഷയമാണെന്ന് ദയവായി ഇനിയെങ്കിലും മനസിലാക്കണം. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികളുടെ കൊലപാതകികളെ രക്ഷിക്കാൻ പോലീസ് തന്നെ കൂട്ടുനിൽക്കുമ്പോൾ സാധാരണമനുഷ്യർക്ക് എന്താണ് അഭയം? ഈ വിഷയത്തിൽ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം. തെളിവുകൾ പൂർണമായും നശിപ്പിച്ച ശേഷം നയനയുടെ കൊലപാതകത്തിലെ പുനരന്വേഷണം എത്രമാത്രം ഫലപ്രദമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ അതിനേക്കാൾ ഗുരുതരമായ കുറ്റകൃത്യമാണ് അന്വേഷണം അട്ടിമറിക്കുന്നതിൽ ഉണ്ടായിരിക്കുന്നത്. സമൂഹത്തെ ഭയപ്പെടുത്തേണ്ടതും അതാണ്. ആരാണ് അന്വേഷണം അട്ടിമറിച്ചതെന്നും ആർക്കുവേണ്ടിയാണ് അത് ചെയ്തതെന്നും സമഗ്രമായി അന്വേഷിക്കപ്പെടണം. സംസ്കാരികലോകം പ്രതികരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button