Latest NewsKeralaNewsWomenLife Style

ജീവിത പരിചയം ഇല്ലാത്ത ഒരു പത്താം ക്‌ളാസ് കാരിയുടെ തീർത്തും തെറ്റായ തീരുമാനം: കുറിപ്പ് വൈറൽ

അന്ന് ഞാൻ എന്‍റെ എല്ലാ നൃത്തങ്ങളും മനസ്സറിഞ്ഞു കളിച്ചു

സ്‌കൂൾ കാലത്തെ യുവജനോൽസവത്തിൽ കലാതിലകം ആയതിന്റെ ഓർമ്മകൾ പങ്കുവച്ച് ഡോ. സൗമ്യ സരിൻ. ഒരു കാലത്തു ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്ന കലയെ ഉപേക്ഷിച്ചതിനെക്കുറിച്ചു സൗമ്യ തുറന്നു പറയുന്നു. അത് ജീവിത പരിചയം ഇല്ലാത്ത ഒരു പത്താം ക്‌ളാസ് കാരിയുടെ തീർത്തും തെറ്റായ തീരുമാനമായിരുന്നെന്നും സൗമ്യ കുറിക്കുന്നു.

പോസ്റ്റ് പൂർണ്ണ രൂപം

സ്‌കൂൾ കാലത്തെ യുവജനോൽസവത്തിൽ കലാതിലകം ആയതിന്റെ പേപ്പർ കട്ടിങ് പോസ്റ്റ് ചെയ്ത മുതൽ പലരും ചോദിച്ചു. ഇത്രയും കാലം ഡാൻസൊക്കെ പഠിച്ചു അതൊക്കെ എന്തു കൊണ്ടാണ് പൂർണമായും ഉപേക്ഷിച്ചതെന്ന്…ഇന്ന് യുവജനോല്സവത്തിന്റെ അവസാന ദിനമാണല്ലോ. ഒരു കാലത്തു ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ ദിനങ്ങൾ. നമ്മൾക്ക് അത്രയും പ്രിയപെട്ടതിനെ, അല്ലെങ്കിൽ നമ്മളുടെ ഒരു ഭാഗം തന്നെ ആയി മാറിയ ഒന്നിനെ നമ്മൾ ഉപേക്ഷിക്കണമെങ്കിൽ അതിന്‌ ഒരു കാരണമേ ഉണ്ടാകൂ. കഠിനമായ നിരാശാബോധം! നമ്മുടെ എല്ലാം അതിനായി നൽകിയിട്ടും തിരിച്ചു കിട്ടിയത് അനീതിയാണെന്ന തോന്നൽ! എന്റെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു.

read also: അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലം അല്ല: പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

ഇനി പറയാൻ പോകുന്നത് എന്‍റെ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവിതത്തിൽ സംഭവിച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥവുമില്ല. ഇതിൽ ഉള്ളവരൊക്കെ ഇന്നും ജീവിച്ചിരിക്കുന്നവർ ആണ്. അതുകൊണ്ട് ആരുടേയും പേരും പറയുന്നില്ല.
എന്‍റെ കലാജീവിതം തുടങ്ങുന്നത് അഞ്ചു വയസ്സിൽ ആണ്. ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ. വീടിനടുത്തുള്ള ഡാൻസ് ടീച്ചർക്ക് ദക്ഷിണ നൽകി അത് തുടങ്ങി. അക്കാലത്തു അത് ഒരു കീഴ് വഴക്കം ആയിരുന്നു. കുട്ടികളെ പാട്ടും ഡാൻസും പഠിപ്പിക്കൽ. കഴിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പോയെ പറ്റൂ. ആകെ കിട്ടുന്ന ഞായറാഴ്‌ച ഈ രീതിയിൽ പോകുന്നതിന്റെ അമർഷം ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും ഞാനും പോയി. ഡാൻസിനും പാട്ടിനും.
കൂടെ പഠിക്കാൻ തുടങ്ങിയവരൊക്കെ കൊഴിഞ്ഞു പോയെങ്കിലും എന്‍റെ കലാജീവിതം അവിടെ നിന്നില്ല.

പുതിയ പുതിയ ഗുരുക്കന്മാരിലേക്ക് അത് നീണ്ടു. നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ‘ ഇവളെ യുവജനോല്സവത്തിൽ മത്സരിപ്പിച്ചാലോ? കഴിവുള്ള കുട്ടിയാണ്.’ എന്ന ചോദ്യം ഗുരു എന്‍റെ അച്ഛനമ്മമാരോട് ചോദിച്ചത്. അന്നാണെങ്കിൽ എന്‍റെ കൂടെ മത്സരിക്കുന്ന പ്രധാന എതിരാളി നൃത്തം അഭ്യസിക്കുന്നത് എന്നെ പഠിപ്പിക്കുന്ന ഗുരുവിന്റെ ഗുരുവിൽ നിന്നാണ്. അത് മാത്രമല്ല, ഈ മത്സരത്തിന് വേണ്ടി മാത്രം പുതിയ ഐറ്റം എല്ലാം പഠിച്ചു തയ്യാറെടുത്തു നിൽക്കുകയാണ്. അപ്പോഴാണ് ഒരു തയ്യാറെടുപ്പും ഇല്ലാതെ ഞാൻ! അപ്പൊ എന്‍റെ ഗുരു പറഞ്ഞു, ‘ ജയിക്കണം എന്ന്‌ എന്തിനാ നിർബന്ധം? നമുക്ക് പങ്കെടുക്കാം. അത് മതി. അല്ലെങ്കിലും പദം കളിച്ചാൽ ജയിക്കില്ല എന്ന്‌ നമുക്ക് അറിയാല്ലോ. അവർ കളിക്കുന്നത് വലിയ ഐറ്റം ആണ്. ‘… അപ്പൊ എനിക്കും ഒരു ധൈര്യം വന്നു. ജയിക്കില്ല എന്ന്‌ ഉറപ്പുള്ളപ്പോ പേടിക്കാനൊന്നും ഇല്ലല്ലോ. നന്നായി കളിക്കുക. അത്ര തന്നെ.

അന്ന് ഞാൻ എന്‍റെ എല്ലാ നൃത്തങ്ങളും മനസ്സറിഞ്ഞു കളിച്ചു.  ‘കരുണ ചെയ്‍വാൻ എന്ത് താമസം കൃഷ്ണാ ‘ എന്ന പദം ആണ് മോഹിനിയാട്ടത്തിൽ ചെയ്തത്. ഇനിയാണ് ട്വിസ്റ്റ്. ഫലം വന്നപ്പോൾ മത്സരിച്ച എല്ലാത്തിലും എനിക്ക് ഫസ്റ്റ്. അന്ന് ഒരു ജഡ്ജ് പറഞ്ഞത് ഞാൻ നേരിട്ട് കേട്ടു.  ‘പദം കളിച്ചോ വർണം കളിച്ചോ എന്നല്ല ഞങ്ങൾ നോക്കിയത്…അത് അവർ എങ്ങിനെ കളിച്ചു എന്നാണ്. കരുണ ചെയ്‍വാൻ കളിച്ച കുട്ടി അസ്സലായി കളിച്ചു. അവളാണ് ജയിക്കേണ്ടത്.’ അതായിരുന്നു എനിക്ക് ആദ്യമായി കിട്ടിയ കിക്ക്‌.

എനിക്ക് മാത്രമല്ല എന്‍റെ കുടുംബത്തിനും. അന്ന് ഒരിക്കലും പ്രതീക്ഷിക്കാതെ ഞാൻ കലാതിലകം ആയി സബ് ജില്ലയിൽ. പിന്നെ ജില്ലാ മത്സരത്തിന്…പക്ഷെ ജില്ലയിൽ വമ്പന്മാരോട് എനിക്ക് പിടിച്ചു നില്കാൻ ആയില്ല. ഡാൻസ് ഇനങ്ങളിൽ ഫസ്റ്റ് കിട്ടിയത് ഓട്ടംതുള്ളലിൽ മാത്രം. അന്ന് ട്രോഫികൾ വിതരണം ചെയ്തപ്പോൾ ഒരു കുഞ്ഞു ട്രോഫി മാത്രം ആണ് എനിക്ക് കിട്ടിയത്. അന്ന് കലാതിലകത്തിനും കലാപ്രതിഭക്കും കിട്ടിയ വലിയ ട്രോഫി കണ്ട് ഞാൻ അച്ഛനോട് കരഞ്ഞു കൊണ്ട് പറഞ്ഞു. ‘ എനിക്കും വേണം അടുത്ത വർഷം ആ ട്രോഫി. എനിക്കും ആവണം കലാതിലകം. എനിക്ക് ഇനിയും പഠിക്കണം ഡാൻസ്. ‘

പിന്നെയുള്ള വർഷങ്ങൾ എന്നെയും കൊണ്ടുള്ള ഓട്ടം ആയിരുന്നു…നല്ലതിൽ നിന്നും അതിലും നല്ല ഗുരുക്കന്മാരിലേക്ക്…കൂടുതൽ കൂടുതൽ ഇനങ്ങളിലേക്ക്…ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്, മോണോ ആക്ട്, പദ്യം ചൊല്ലൽ, ലളിതഗാനം, ഫാൻസി ഡ്രസ്സ് …അങ്ങിനെ ഒരു കുട്ടിക്ക് എത്ര ഇനങ്ങളിൽ പങ്കെടുക്കാൻ പറ്റുമോ അത്രയും ഇനങ്ങൾ ഞാൻ അഭ്യസിച്ചു. അതും ഓരോ ഇനങ്ങളിലും പ്രഗത്ഭരായ ഗുരുക്കന്മാരിൽ നിന്ന്…
ഓരോ വർഷവും കലാതിലകപ്പട്ടം നേടുക. ഓരോ വർഷവും കൂടുതൽ പോയിന്റുകൾ നേടുക. ഈ ഒരൊറ്റ ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ വർഷവും ഞാനത് നേടിയെടുക്കുകയും ചെയ്തു. അഞ്ചു വർഷം തുടർച്ചയായി പാലക്കാട് ജില്ലാ കലാതിലകം. ഇതിനായി കുറച്ചൊന്നുമല്ല കഷ്ടപാടുകൾ അനുഭവിച്ചത്. സ്‌കൂൾ ഇല്ലാത്ത എല്ലാ ദിവസവും യാത്രകൾ ആണ്. ഓരോ ഇനത്തിനും വ്യത്യസ്ത ഗുരുക്കൾ. വ്യത്യസ്ത സ്ഥലങ്ങൾ. നീണ്ട യാത്രകൾ. കഠിനമായ പരിശീലനം. ഒമ്പതാം ക്‌ളാസ് ആയപ്പോഴേക്കും പരിശീലനം തിരുവന്തപുരത്തേക്ക് നീണ്ടു. ഭരതനാട്യവും കുച്ചിപ്പുടിയും അവിടെ. മോഹിനിയാട്ടവും ഓട്ടംതുള്ളലും കൂത്തും ഷൊർണുർ കുളപ്പുള്ളി പൈങ്കുളം ഭാഗങ്ങളിൽ. നൃത്തേതര ഇനങ്ങൾ വേറെയും.

ശാരീരികമായ ഓട്ടം മാത്രമായിരുന്നില്ല പ്രശനം. സാമ്പത്തികമായും വലിയൊരു ബാധ്യത ആയിരുന്നു. ഒരു ഐറ്റം പഠിക്കാൻ തന്നെ പതിനായിരങ്ങൾ. ഓരോ മത്സരത്തിനും അതിലേറെ ചിലവ്. അച്ഛന്റെയും അമ്മയുടെയും സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് അത് കൊണ്ട് പോയി. എങ്കിലും അവർ നിർത്തിയില്ല.

ഇനി എന്‍റെ മുമ്പിൽ ബാക്കി ഉണ്ടായിരുന്നത് സംസ്ഥാന കലാതിലകപട്ടം മാത്രം ആയിരുന്നു.
അങ്ങിനെ അവസാന ചാൻസ് മുന്നിലെത്തി. പത്താം ക്‌ളാസ്. സ്‌കൂളിലെ റാങ്ക് പ്രതീക്ഷ കൂടി ആയിരുന്നു ഞാൻ. രാത്രിയും പകലും ഇല്ലാത്ത യാത്രകളും പരിശീലനവും എന്നെ തളർത്താൻ തുടങ്ങിയിരുന്നു. ക്‌ളാസ്സുകളിൽ ഞാൻ തളർന്നു ഉറങ്ങുമായിരുന്നു. അതോടെ അമ്മ പറഞ്ഞു, ഇത് നിർത്താം. പഠിപ്പ് ആണ് മുഖ്യം. പത്താം ക്‌ളാസ് ആണ്. മത്സരിക്കണ്ട. വീട്ടിൽ ആകെ കൺഫ്യൂഷൻ ആയി. പക്ഷെ ഞാൻ ഉറപ്പിച്ചു പറഞ്ഞു. എനിക്ക് മത്സരിക്കണം. കൂടെ ഞാൻ പഠിത്തം കൊണ്ട് പോയിക്കോളാം. അങ്ങിനെ സ്‌കൂളിൽ നിന്ന് ടീച്ചർമാർ മിസ് ആയ പാഠങ്ങൾ വീട്ടിൽ വന്നു പഠിപ്പിക്കാൻ തുടങ്ങി.

അവസാന സംസ്ഥാന കലോത്സവം എത്തി. കലാതിലകപട്ടം പ്രതീക്ഷിക്കുന്നവരുടെ പട്ടികയിൽ മുൻപന്തിയിൽ ഞാനുണ്ട്. എന്‍റെ കൂടെ തന്നെ നൃത്തം പഠിക്കുന്ന ചിലരും ആ ലിസ്റ്റിൽ ഉണ്ട്. കലാതിലകം കിട്ടണമെങ്കിൽ ഒരു ഫസ്റ്റ് നിർബന്ധമാണ്. പോയിന്റ് ഉണ്ടെങ്കിലും ഞങ്ങളിൽ ആർക്കും ഒരു ഫസ്റ്റ് കിട്ടിയിട്ടില്ല. മോഹിനിയാട്ടം കഴിഞ്ഞപ്പോൾ എല്ലാവരും വന്നു പറഞ്ഞു എനിക്ക് ഫസ്റ്റ് കിട്ടുമെന്ന് ഉറപ്പാണെന്ന്…പക്ഷെ ഫലം വന്നപ്പോൾ മൂന്നാം സ്ഥാനം. തിരിമറികൾ നടന്നു എന്ന്‌ ഉറപ്പായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല. ഒന്നും ചെയ്യാൻ സാധിച്ചില്ല. അടുത്തത് കുച്ചിപ്പുടി ആണ്. അത് കഴിഞ്ഞപ്പോളും ഒന്നാം സ്ഥാന സാധ്യത എനിക്ക് ആണെന്ന് എല്ലാവരും. റിസൾട്ട് വരാൻ കാത്തു നിൽക്കാതെ ഞങ്ങൾ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോകുകയായിരുന്നു. കൂടെ പഠിക്കുന്ന എല്ലാവരും ഒരുമിച്ചാണ് ഡ്രസ്സ് മാറാൻ പോകുക. പക്ഷെ അതിൽ ഒരാൾ മാത്രം വന്നില്ല. വിളിച്ചപ്പോൾ പിന്നെ വരാം എന്ന്‌ പറഞ്ഞു. നോക്കുമ്പോൾ അവർ പത്രക്കാർക്ക് ഫോട്ടോക്ക് പോസ്സ് ചെയ്യുകയാണ്. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞു ഫലം വന്നപ്പോൾ അതെ ആൾക്ക് ഒന്നാം സ്ഥാനം! അപ്പോൾ ഞങ്ങൾക്ക് കാര്യം പുടി കിട്ടി. ഇതെല്ലാം മുന്നേ എഴുതിയാ സ്ക്രിപ്ട് ആണ്. നമ്മൾ വിഡ്ഢികൾ…

ഒന്നാം സ്ഥാനം ഉറപ്പിച്ചാണ് ഇവരൊക്കെ സ്റ്റേജിൽ കയറുന്നത്. ഇത് ആദ്യത്തെ അനുഭവം അല്ലെങ്കിലും എനിക്ക് വല്ലാത്തൊരു ഷോക്ക് ആയി. നമ്മുടെ കൂടെ ഒരേ ക്‌ളാസിൽ ഒരേ ഗുരുവിൽ നിന്ന് നൃത്തം അഭ്യസിച്ച കൂട്ടുകാരിൽ നിന്ന് തന്നെ ഇങ്ങനെ ഒരു അനുഭവം!
ഒരു തരം മരവിപ്പായിരുന്നു. കലാതിലകം കൈവിട്ടു പോയത് കൊണ്ട് മാത്രമല്ല. ചതിക്കപ്പെട്ടു എന്ന തോന്നൽ. അപമാനിക്കപെട്ടു എന്ന തോന്നൽ. അത് വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു.

എത്രയോ വർഷങ്ങളുടെ കഠിനാധ്വാനം. എന്‍റെ കുടുംബത്തിന്റെ ഓട്ടപാച്ചിലുകൾ. സാമ്പത്തിക ബാധ്യതകൾ! ഒക്കെ എന്തിനായിരുന്നു എന്ന്‌ തോന്നിപ്പോയി. അന്ന് ഞാൻ അച്ഛനോട് പറഞ്ഞു, ഇനി നിർത്താം അച്ഛാ. ഇനി പഠിപ്പ് മാത്രം മതി. അവിടെ എന്നെ ഇങ്ങനെ വഞ്ചിക്കാൻ ആർക്കും പറ്റില്ലല്ലോ!
അന്ന് നിർത്തിയതാണ് നൃത്താഭ്യാസം!

ഞാൻ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. ജീവിത പരിചയം ഇല്ലാത്ത ഒരു പത്താം ക്‌ളാസ് കാരിയുടെ തീരുമാനം ആയിരുന്നു അത്. തീർത്തും തെറ്റായ തീരുമാനം.
കല എന്നത് ഒരിക്കലും മത്സരങ്ങളിൽ വിജയിയ്ക്കാനുള്ള ഒന്നല്ല എന്നെനിക്ക് ഇപ്പോൾ അറിയാം. അതിന് വേണ്ടി മാത്രം പഠിക്കുന്നതിനെ കല എന്ന്‌ വിളിക്കുന്നത് പോലും തെറ്റാണ്!
അതായിരുന്നു എനിക്ക് പറ്റിയ തെറ്റ്!
ആ കഴിവുകൾ ഒന്നും എന്നെ വിട്ട് പോയിട്ടില്ല എന്നും എനിക്കറിയാം. പൊടി തട്ടി എടുക്കുകയെ വേണ്ടൂ.
എടുക്കണം. എടുക്കും.
പക്ഷെ ഇനി അത് എന്നെ മാത്രം തൃപ്തിപ്പെടുത്താൻ ആയിരിക്കും എന്ന്‌ മാത്രം!
Dr Soumya sarin

shortlink

Related Articles

Post Your Comments


Back to top button