KeralaLatest NewsArticleNewsWriters' Corner

‘ഇവിടെ വേണ്ടത് പഴകിയതും അഴുകിയതുമായ വിഷഭക്ഷണമാണ്, ഇനി ഇവറ്റകളുടെ ഇഷ്ടക്കാർ ഊട്ടുപ്പുരകളിൽ മാലിന്യം വിളമ്പട്ടെ’

അഞ്‍ജു പാർവതി പ്രഭീഷ്

പതിനാറു വട്ടം യുവജനോത്സവ ഊട്ടുപ്പുരകളിൽ അന്നം വിളയിച്ച പഴയിടം മോഹനൻ നമ്പൂതിരി വിട വാങ്ങുന്നുവെന്ന വാർത്ത കേട്ട് തെല്ലും അമ്പരപ്പ് തോന്നിയില്ല. വിവാദങ്ങൾക്കൊടുവിൽ അത്തരമൊരു തീരുമാനം അദ്ദേഹം എടുക്കുമെന്ന് തോന്നിയിരുന്നു. കാരണം അദ്ദേഹത്തിൻ്റെ പേര് പഴയിടം മോഹനൻ നമ്പൂതിരി എന്നായതിനാൽ! നിലപാട് എന്നതിനും ചങ്കൂറ്റം എന്നതിനും അടിമപ്പണി എന്നർത്ഥമില്ലെന്നും വല്ലവൻ്റെയും പാദസേവ ചെയ്ത് കസേര എത്തിപ്പിടിക്കുന്നവൻ്റെ പുലയാട്ട് കേട്ട് നില്ക്കാൻ അന്തസ്സും ആഭിജാത്യവും സംസ്കാരവും പൈതൃകമായി കിട്ടിയവർക്ക് സാധിക്കില്ലെന്നും ഈ തീരുമാനത്തിലൂടെ പഴയിടം തെളിയിച്ചിരിക്കുന്നു.

പാചകം എന്നത് കേവലമൊരു തൊഴിലല്ല. അത് ചിലർക്ക് മാത്രം ലഭിക്കുന്ന വരദാനമാണ്; കലയാണ്. കണക്കുകളിലും അളവുകളിലും നേരിയ ഒരു പിഴ വന്നാൽ ഒരു ജീവിതകാലം മുഴുവൻ പഴി ഏറ്റുവാണ്ടേണ്ടി വരുന്ന ഒരു കർമ്മമണ്ഡലമാണ് ദേഹണ്ഡം. അത്തരമൊരു കർമ്മമണ്ഡലത്തിലെ കിരീടം വയ്ക്കാത്ത രാജാവ് തന്നെയാണ് പഴയിടം . മൂന്ന് പതിറ്റാണ്ടോളമായി എണ്ണമറ്റ ഊട്ടുപ്പുരകളിൽ രുചിമേളങ്ങളുടെ താളമേളം നടത്തുന്നയാൾ. അദ്ദേഹത്തിന് ഊട്ടുപ്പുഴയെന്നാൽ ഈശ്വരൻ വാഴുന്നിടമാണ്. അവിടെയാണ് ജാതീയതയുടെയും വർഗ്ഗീയതയുടെയും വിഷം പുരണ്ട വിത്തുകൾ ചിലർ വാരിയെറിഞ്ഞത് .

കലോത്സവങ്ങളിലായി ഇതുവരെ രണ്ടുകോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയ പാചക ശ്രേഷ്ഠൻ്റെ ഭക്ഷണം കഴിച്ച് ഇതു വരെ ഒരു കുട്ടിക്ക് പോലും വയറുകേടായിട്ടില്ല. 2005-ൽ കോട്ടയത്ത് നടന്ന ജില്ലാ ശാസ്ത്രമേളയിൽ അടുക്കള നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം കലോത്സവ പാചക രംഗത്തേക്ക് ചുവടുവെച്ചത്. 2006-ൽ എറണാകുളത്ത് നടന്ന സംസ്ഥാന കലോത്സവത്തിന്റെ ചുമതലയും ഇതേ അധ്യാപക സമിതിക്കായിരുന്നു, അവർ ആ ജോലി പഴയിടത്തെ ഏൽപ്പിച്ചു. അവിടെ നിന്നും 2023 ലെ കലോത്സവം വരെയുള്ള പ്രയാണം. ! സംസ്ഥാന കലോത്സവങ്ങളടക്കം അമ്പതിലധികം കലോത്സവങ്ങൾക്കും രണ്ട് ദേശീയമീറ്റുകൾക്കും ഭക്ഷണമൊരുക്കിയിട്ടുണ്ട്. പതിനാറാം തവണയാണ് പഴയിടം യുവജനോത്സവ പാചകത്തിനെത്തുന്നത്. കോഴിക്കോട്ട് തന്നെ ഇത് മൂന്നാം തവണയാണ്. ഇത്രയും നാൾ ഇല്ലാതിരുന്ന വിവാദം കോട്ടയത്ത് ഭക്ഷൃ വിഷ’ ബാധയുണ്ടായി കഴിഞ്ഞ് പൊട്ടിപ്പുറപ്പെട്ടത് യാദൃശ്ചികമല്ല!

ആർക്ക് മുന്നിലും നട്ടെല്ല് പണയം വയ്ക്കാതെ, ആരുടേതും കയ്യിട്ടു വാരാതെ അന്തസ്സായി പണിയെടുത്ത് , ലക്ഷകണക്കിന് മനുഷ്യരെ ഊട്ടി, അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മനുഷ്യൻ്റെ നിസ്വാർത്ഥ സേവനം ഈ നാട് അർഹിക്കുന്നില്ല. ഇവിടെ വേണ്ടത് പഴകിയതും അഴുകിയതുമായ വിഷഭക്ഷണമാണ്; മതം ചേർത്ത് ഇളക്കിയ വിഷ ഭക്ഷണം! അത് ആവോളം ഊട്ടി നല്കാൻ ചിന്തകളിൽ അജീർണ്ണവും തലച്ചോറിൽ അരാജകത്വവും പേറുന്ന ജീർണ്ണലിസ്റ്റുകൾ ഉണ്ടല്ലോ! ഇനി ഇവറ്റകളുടെ ഇഷ്ടക്കാർ ഊട്ടുപ്പുരകളിൽ മാലിന്യം വിളമ്പട്ടെ!

shortlink

Related Articles

Post Your Comments

Related Articles


Back to top button